അകാലനര അകറ്റാൻ ഇതാ ചില വഴികൾ

By Web TeamFirst Published Feb 3, 2020, 10:53 PM IST
Highlights

20 വയസിന് മുമ്പ് തന്നെ ഇന്ന് പലരുടെയും മുടി നരയ്ക്കുന്നതായി കാണാം. ഇത് ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറയുന്നതിന് പോലും കാരണമാകാറുണ്ട്. 

ചെറുപ്പക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിള്‍ ഒന്നാണ് അകാലനര. 20 വയസിന് മുമ്പ് തന്നെ ഇന്ന് പലരുടെയും മുടി നരയ്ക്കുന്നതായി കാണാം. ഇത് ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറയുന്നതിന് പോലും കാരണമാകാറുണ്ട്. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം. 

മുടിക്ക് ഇരുണ്ടനിറം നൽകുന്നത് മെലനോസൈറ്റ് കോശങ്ങൾ ഉൽപാദിപ്പിക്കുന്ന മെലാനിൻ എന്ന വസ്തുവാണ്. പ്രായം കൂടുന്തോറും ഈ കോശങ്ങളുടെ പ്രവർത്തനം കുറഞ്ഞുവരും. ഇത് പ്രായമെത്തും മുന്നേ സംഭവിക്കുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. പ്രധാനമായും ആറു കാരണങ്ങളാണ് അകാലനരയ്ക്കു പിന്നിലുളളത്....

1. പാരമ്പര്യവും ജനിതകപരവും

2. കുളിക്കാനുപയോഗിക്കുന്ന വെള്ളത്തിലെ രാസവസ്തുക്കളുടെ  സാന്നിധ്യവും ഗുണമേൻമക്കുറവും.

3.∙ ഹെയർജെൽ, ഹെയര്‍ സ്പ്രേ തുടങ്ങിയ സൗന്ദര്യവർധകങ്ങളുടെ അശാസ്ത്രീയ തിരഞ്ഞെടുപ്പും ഉപയോഗവും.

 4. ടെൻഷൻ, ഉത്കണ്ഠ, സ്ട്രെസ്സ്, മാനസികസമ്മർദം എന്നിവ ഉണ്ടാക്കുന്ന ഹോർമോൺ മാറ്റങ്ങൾ

 5. വൈറ്റമിനുകളുടെയും ധാതുക്കളുടെയും കുറവ്.

 6. ആഹാരത്തിലെ മായവും പാരിസ്ഥിതിക പ്രശ്നങ്ങളും

അകാലനരയ്ക്ക് ഇതാ ചില പ്രതിവിധികള്‍...

 ചെമ്പരത്തി പൂവ്...

ചെമ്പരത്തി പൂവ് തലമുടി വളരാനും കറുത്ത തലമുടിക്കും നല്ലതാണ്. ചെമ്പരത്തി താളിയുണ്ടാക്കി തലയില്‍ തേയ്ക്കുന്നതും നല്ലതെന്ന് പഴമക്കാര്‍ പറയാറുണ്ട്. ചെമ്പരത്തി പൂവ് അരച്ച് തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടുക. അകാല നര അകറ്റാന്‍ നല്ല പ്രതിവിധിയാണ് ഇത്. 

നെല്ലിക്ക...

 നെല്ലിക്കയാണ് മറ്റൊരു ഔഷധം. തലമുടിക്ക് ഏറ്റവും നല്ലതും നെല്ലിക്ക തന്നെയാണ്. നെല്ലിക്ക വെറുതെ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മോരില്‍ നെല്ലിക്ക അരച്ച് തലയില്‍ പുരട്ടുന്നത് അകാലനര മാറാന്‍ സഹായിക്കും. അതുപോലെ കീഴാര്‍നെല്ലി സമൂലമെടുത്ത് താളിയാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.  

മൈലാഞ്ചി...

 മൈലാഞ്ചി തലമുടിയുടെ ഭംഗി കൂട്ടാനും തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. മൈലാഞ്ചിയില വെണ്ണയിലരച്ച് നരച്ചമുടിയില്‍ ലേപനം ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. അകാലനര മാറും. 

മുട്ട...

 പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ അതിന്‍റെ ഗുണം മുടിക്കാണ്. പ്രോട്ടീന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ട തലയില്‍ പുരട്ടുന്നതും നല്ലതാണ്.  
 

click me!