
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ യൂറിക് ആസിഡ് കൂടിയാൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാറുണ്ട്. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം കഠിനമായ വേദന അനുഭവപ്പെടും. നീർക്കെട്ടും വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. പെരുവിരലിൽ നിന്ന് ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലേക്കും ഇത് വ്യാപിക്കാം. ഇതാണ് ഗൗട്ട് അഥവാ രക്തവാതം.
സന്ധികളില്‍ വേദന, സന്ധികളില്‍ നീര്, കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, തൊടുമ്പോള്‍ അതിയായി മൃദുലമായിരിക്കുക, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ്, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ, സന്ധികളില്‍ ചലനത്തിന് പരിമിതി നേരിടുന്നത് തുടങ്ങിയവാണ് യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍. അമിത വണ്ണമുള്ളവരില്‍ യൂറിക് ആസിഡ് കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
യൂറിക് ആസിഡിനെ നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ഒന്ന്...
പ്യൂരിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പരിമിതപ്പെടുത്തുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. റെഡ് മീറ്റ്, സോയാബീൻ, ചില പയറുവര്‍ഗങ്ങള്‍ പോലുള്ള പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുന്നത് ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അവസ്ഥ മാറ്റാൻ സഹായിച്ചേക്കാം.
രണ്ട്...
വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് അധിക യൂറിക് ആസിഡ് പുറന്തള്ളാനും വിവിധ ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കും.
മൂന്ന്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതിനാല്‍ ബെറി പഴങ്ങള്‍, ബെല്‍ പെപ്പര്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്...
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതും രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അഞ്ച്...
ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അതിനാൽ, ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നതിനുള്ള അപകടസാധ്യതകൾ തടയാന്‍ നാരങ്ങ, ആപ്പിൾ സൈഡർ വിനഗർ, മറ്റ് വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ തന്നെ, ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പാനീയങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam