'ഹണിമൂൺ സിസ്റ്റൈറ്റിസ്'; കാരണങ്ങളും ലക്ഷണങ്ങളും

By Web TeamFirst Published Jun 8, 2019, 6:43 PM IST
Highlights

ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ചില സ്ത്രീകൾക്ക് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഈ അവസ്ഥയെയാണ് ഹണിമൂൺ സിസ്റ്റൈറ്റിസ് എന്നു പറയുന്നത്. "ഹണിമൂൺ" സമയത്തു മാത്രമല്ല, ഒരു ഇടവേളയ്ക്ക് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ചിലരിലും ഹണിമൂൺ സിസ്റ്റൈറ്റിസ് കണ്ടു വരുന്നു.

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരിൽ, ഗർഭിണികളിൽ, മാസമുറ നിന്ന സ്ത്രീകളിൽ, മൂത്രത്തിൽ കല്ല് ഉള്ളവരിൽ, പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ധിയ്ക്ക് വലുപ്പകൂടുതലുള്ള പുരുഷന്മാരിൽ, എയ്ഡ്സ്, പ്രമേഹം, ക്യാൻസർ, മൂത്രം പോകുവാനായി ഏറെനേരം ട്യൂബ് ഇടുന്നവരിലൊക്കെ മൂത്രത്തിൽ പഴുപ്പ് കൂടുതലായി കണ്ടു വരുന്നു.

ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ചില സ്ത്രീകൾക്ക് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഈ അവസ്ഥയെയാണ് ഹണിമൂൺ സിസ്റ്റൈറ്റിസ് എന്നു പറയുന്നത്. "ഹണിമൂൺ" സമയത്തു മാത്രമല്ല, ഒരു ഇടവേളയ്ക്ക് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ചിലരിലും ഹണിമൂൺ സിസ്റ്റൈറ്റിസ് കണ്ടു വരുന്നു.

കാരണങ്ങൾ :

കിഡ്നികളിൽ ഉണ്ടാകുന്ന മൂത്രം ചെറിയ ട്യൂബുകളായ യൂറേറ്റെർസ് വഴി മൂത്രസഞ്ചിയിലെത്തി അവിടെ ശേഖരിക്കപ്പെടുന്നു. മൂത്രസഞ്ചി നിറഞ്ഞു കഴിയുമ്പോൾ മൂത്രമൊഴിക്കുവാൻ തോന്നുകയും മൂത്രനാളം വഴി പുറം തള്ളുകയും ചെയ്യുന്നു.

മൂത്രനാളത്തിലൂടെ അണുക്കൾ ഉള്ളിൽ കടക്കുമ്പോഴാണ് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നത്. മൂത്രനാളത്തിന് ചുറ്റും അണുക്കൾ സാധാരണ ഗതിയിൽ ഉണ്ടാകാം. യോനിയിൽ നിന്ന് ഉള്ള അണുക്കളല്ലെങ്കിൽ മലദ്വാരത്തിന് ചുറ്റുമുള്ള അണുക്കൾ മൂത്രനാളത്തിൽ കടന്ന് അണുബാധ ഉണ്ടാക്കാം. 

അണുക്കൾക്ക് ഒരു മീഡിയം ഉണ്ടെങ്കിൽ എളുപ്പത്തിൽ ശരീരത്തിൽ പ്രവേശിക്കാം. മൂത്രം നിറഞ്ഞ മൂത്രസഞ്ചി അണുക്കൾക്ക് ഒരു മീഡിയമാകാം. അതുകൊണ്ട് ലൈംഗിക ബന്ധത്തിന് മുൻപും ശേഷവും മൂത്രമൊഴിക്കുന്നത് അണുബാധ കുറയ്ക്കുവാൻ സാധിക്കും. കൂടാതെ നല്ല വ്യക്‌തിശുചിത്വം പാലിക്കുക. മൂത്രമൊഴിച്ചതിന് ശേഷം വെള്ളമൊഴിച്ചു സ്വകാര്യഭാഗം കഴുകുക. 

മലദ്വാരത്തിന് ചുറ്റും E.Coli എന്ന ബാക്ടീരിയ സാധാരണയായി കണ്ടുവരുന്നു. അതുകൊണ്ട് വിസ്സർജ്ജിച്ചതിന് ശേഷവും സോപ്പുകൾ ഉപയോഗിച്ചു മലദ്വാരത്തിന് ചുറ്റും കഴുകുക.

ചില മരുന്നുകൾ കഴിക്കുന്നത് കൊണ്ടും മൂത്രത്തിൽ പഴുപ്പ് വരാം. ക്യാൻസറിനുള്ള കീമൊതെറാപ്പി എടുക്കുന്നവരിൽ മരുന്നുകൾ മൂലം സിസ്റ്റൈറ്റിസ് വരാം. സ്വകാര്യ ഭാഗങ്ങളിൽ ഉപയോഗിക്കുന്ന കെമിക്കലുകളും(ലൂബ്രിക്കേഷനു വേണ്ടി ഉപയോഗിക്കുന്ന ജെൽ, വജൈനൽ വാഷ്) സിസ്റ്റേറ്റിസ് ഉണ്ടാക്കാം.

രോഗലക്ഷണങ്ങൾ;

പതിവില്ലാതെ  ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കുവാൻ തോന്നുക.

 മൂത്രമൊഴിക്കുമ്പോൾ മൂത്രനാളത്തിൽ പുകച്ചിൽ അനുഭവപ്പെടുക.

 ചിലപ്പോൾ മൂത്രത്തിലൂടെ രക്തം പോകാം(ചുവപ്പോ,ഇളം ചുവപ്പ് നിറത്തിലോ, കാപ്പി പൊടി നിറത്തിലോ മൂത്രം പോവുക). 

 അടിവയർ വേദന, നടുവ് വേദന, ചെറിയ പനി എന്നിവയൊക്കെ അനുഭവപ്പെടാം. ഈ പറഞ്ഞ എല്ലാ രോഗലക്ഷണങ്ങളും എല്ലാവരിലും കാണണമെന്നില്ല.

ചികിത്സ:

രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ വെള്ളം ധാരാളമായി കുടിക്കുക. രണ്ടു ദിവസത്തിന് ശേഷം രോഗാവസ്ഥ കുറഞ്ഞില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ടു ചികിത്സ തേടണം. ആന്റിബയോട്ടിക്കുകളാണ് ചികിത്സയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. 

മൂത്രം പരിശോധിക്കുവാൻ ഡോക്ടർ ആവശ്യപ്പെടാം. മൂത്രത്തിലെ പഴുപ്പിന്റെ അളവ് വളരെ കൂടുതലാണെങ്കിൽ കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി എന്ന ടെസ്റ്റ് കൂടി ചെയ്യുക. അതിൽ ഏത് തരം അണുക്കളാണ് രോഗകാരണമെന്നു അറിയുവാൻ സാധിക്കുകയും, എന്ത് തരം ആന്റിബയോട്ടിക്കുകൾ കഴിച്ചാൽ അവയെ നശിപ്പിക്കുവാൻ സാധിക്കുമെന്നും അറിയുവാൻ സാധിക്കും.

മൂത്രത്തിൽ പഴുപ്പ് കൂടുതലായി കണ്ടു വരുന്നത് ആരിലൊക്കെയാണ്?

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരിൽ, ഗർഭിണികളിൽ, മാസമുറ നിന്ന സ്ത്രീകളിൽ, മൂത്രത്തിൽ കല്ല് ഉള്ളവരിൽ, പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ധിയ്ക്ക് വലുപ്പകൂടുതലുള്ള പുരുഷന്മാരിൽ, എയ്ഡ്സ്, പ്രമേഹം, ക്യാൻസർ, മൂത്രം പോകുവാനായി ഏറെനേരം ട്യൂബ് ഇടുന്നവരിലൊക്കെ മൂത്രത്തിൽ പഴുപ്പ് കൂടുതലായി കണ്ടു വരുന്നു.

മൂത്രത്തിൽ പഴുപ്പ് വരാതെയിരിക്കുവൻ എന്തൊക്കെ ശ്രദ്ധിക്കണം?

ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. മൂത്രം പിടിച്ചു നിർത്തുന്ന സ്വഭാവം ഒഴിവാക്കുക. ലൈംഗിക ബന്ധത്തിന് മുൻപും ശേഷവും മൂത്രമൊഴിക്കുവാൻ ശ്രദ്ധിക്കുക. ആർത്തവസമയത്ത് അഞ്ചാറു മണിക്കൂർ കൂടുമ്പോളെങ്കിലും പാഡ് മാറുക. വ്യക്‌തിശുചിത്വം പാലിക്കുക. മൂന്നോ,നാലോ മണിക്കൂർ കൂടുമ്പോൾ മൂത്രമൊഴിക്കുക. ക്രാൻബെറി ജ്യൂസ് അല്ലെങ്കിൽ അതിന്റെ പൊടി വെള്ളത്തിൽ കലക്കി കുടിക്കുക. ചില പഠനങ്ങൾ അവ കുടിച്ചാൽ മൂത്രത്തിൽ പഴുപ്പ് കുറയ്ക്കുമെന്ന് പറയുന്നു. പക്ഷെ കൂടുതൽ പഠനങ്ങൾ ക്രൻബെറി ജൂസിനെ കുറിച്ചു നടക്കേണ്ടിയിരിക്കുന്നു.

സൂക്ഷിക്കേണ്ടവ:

രണ്ട് ദിവസം നന്നായി വെള്ളം കുടിച്ചു നോക്കിയിട്ടും മൂത്രത്തിൽ പഴുപ്പ് കുറഞ്ഞില്ലെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണിക്കുക. യഥാസമയത്തും നിശ്ചിത ദിവസത്തേയ്ക്കുമുള്ള മരുന്ന് ഡോക്ടറുടെ നിർദ്ദേശാനുസരണം കഴിക്കുക. ഇടയ്ക്ക് വെച്ചു ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്ന് നിർത്തരുത്. ഇത് വീണ്ടും അണുബാധ വരുവാനോ അല്ലെങ്കിൽ രോഗം പൂർണ്ണമായി മാറാതെയിരിയ്ക്കുവാനോ കാരണമായേക്കാം.

മൂത്രത്തിന് ഇളം ചുവപ്പോ, ചുവപ്പോ, കാപ്പി പൊടി നിറമോ ഉണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ പോയി കാണണം. കാരണം മൂത്രത്തിലൂടെ ആ നിറം വരുന്നത് ഒരുപക്ഷേ മൂത്രത്തിലൂടെ രക്തം പോകുന്നതു കൊണ്ടാകാം. മൂത്രത്തിൽ പഴുപ്പ് വന്നാൽ യഥാസമയത്ത് ചികിൽസിച്ചാൽ ഭേദമാകുവാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. 

രോഗം മൂർച്ഛിച്ച് കഴിഞ്ഞാൽ മൂത്രനാളത്തിൽ നിന്ന് അണുക്കൾ മൂത്രസഞ്ചിയിൽ എത്തുകയും അവിടുന്നു അണുക്കൾ വീണ്ടും മുകളിലോട്ടു പോയി കിഡ്‌നിയെ വരെ ബാധിക്കാം(പയലോനെഫ്‌റയ്‌റ്റിസ്). അതുകൊണ്ട് ഡോക്ടറെ കണ്ടു ചികിൽസിച്ചു രോഗം പൂർണ്ണമായി മാറി എന്നു ഉറപ്പ് വരുത്തുക.

എഴുതിയത്:

ഡോ.ഷിനു ശ്യാമളൻ

click me!