
ജയ്പൂർ: ശാസ്ത്ര-സാങ്കേതിക വിദ്യയിൽ അത്ഭുകരമായ കണ്ടുപിടിത്തങ്ങൾ നടക്കുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജ്യോതിശാസ്ത്രത്തിലൂടെ ചികിത്സ ഒരുക്കി വ്യത്യസ്തമാകുകയാണ് ഒരു ആശുപുത്രി. രാജസ്ഥാനിലെ ജയ്പൂരിലെ സംഗീത മെമ്മോറിയൽ ആശുപത്രിയാണ് വൈദ്യശാസ്ത്രവും ജ്യോതിശാസ്ത്രവും കലർത്തി രോഗികളെ ചികിത്സിക്കുന്നത്. ഇത്തരമൊരു ചികിത്സാരീതി നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ ആശുപത്രിയാണ് സംഗീത മെമ്മോറിയൽ.
ചികിത്സ തേടി ആദ്യമായി ആശുപത്രിയിൽ എത്തുന്ന രോഗികളെ ആദ്യം ജ്യോതിശാസ്ത്രം അടിസ്ഥാനപ്പെടുത്തിയുള്ള രോഗനിർണ്ണയത്തിനാണ് വിധേയരാക്കുക. എന്നാൽ ജ്യോതിശാസ്ത്രപരമായ നിര്‍ണ്ണയം പ്രാഥമിക രോഗനിർണ്ണയത്തിന് വേണ്ടി മാത്രമുള്ളതാണ്, ചികിത്സിക്കാനുള്ളതല്ലെന്ന് ആശുപത്രിയിലെ ഡോക്ടർ പണ്ഡിത് എ ശർമ്മ പറഞ്ഞു.
വൈദ്യശാസ്ത്രവും ജ്യോതിശാസ്ത്രവും ചേർത്തുള്ള രോഗനിർണ്ണയം രോഗത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാകുന്നതിന് സഹായിക്കുന്നു. ഇത്തരമൊരു ചികിത്സ രീതിയെ രോഗികളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദിവസം മുപ്പതോളം ജാതകങ്ങൾ നോക്കാറുണ്ട‍്. ഇവിടെ ജ്യോതിശാസ്ത്രം ഉപയോഗിക്കുന്നത് രോഗനിർണ്ണയത്തിന് വേണ്ടിമാത്രമാണ്. ചികിത്സിക്കുന്നത് വൈദ്യശാസ്ത്രത്തിലൂടെയാണ്. രോഗികളുടെ ജാതകം നോക്കിയാണ് രോഗം നിർണ്ണയിക്കുന്നതെങ്കിൽ അത് വളരെയധികം ശരിയായിരിക്കും. ഇതിലൂടെ രോഗനിർണ്ണയത്തിനായി സമയം നഷ്ടപ്പെടുന്നില്ലെന്നും ശർമ്മ പറഞ്ഞു.
സംഗീത മെമ്മോറിയൽ ആശുപത്രിയുടെ മാത്രം പ്രത്യേകതയായ ഇത്തരമൊരു ചികിത്സാരീതി പരീക്ഷിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദിനംപ്രതി നിരവധിയാളുകളാണ് ആശുപത്രിയിൽ എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam