മുട്ടുവേദനയ്ക്ക് എപ്പോഴും ചൂട് വയ്ക്കാമോ? ഐസ് വയ്ക്കുന്നതെപ്പോഴാണ്?

By Web TeamFirst Published Nov 24, 2019, 7:22 PM IST
Highlights

മുട്ടിന് വേദന അനുഭവപ്പെടുന്ന ഏത് സാഹചര്യത്തിലും ചൂട് വയ്ക്കുന്നത് അഭികാമ്യമാണോ? ചിലര്‍ വേദനയുണ്ടാകുമ്പോള്‍ ഐസ് വയ്ക്കുന്നത് കണ്ടിട്ടില്ലേ, അത് ഏത് സാഹചര്യത്തിലാണെന്നറിയാമോ? ഇക്കാര്യങ്ങളറിയാതെ വീട്ടിൽത്തന്നെ പൊടിക്കൈകൾ ചെയ്യുന്നവർ ഒരുപക്ഷേ അപകടങ്ങൾ വിളിച്ചുവരുത്തിയേക്കും

ചിലര്‍ക്ക് എപ്പോഴും വിട്ടുമാറാത്ത മുട്ടുവേദനയുണ്ടാകാറുണ്ട്. പല കാരണങ്ങളാകാം ഇതിന് പിന്നില്‍. എന്തുതന്നെയായാലും എപ്പോഴും വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഡോക്ടറെ കാണിച്ച് അതിന് വേണ്ട നിര്‍ദേശങ്ങള്‍ തേടുന്നത് തന്നെയാണ് ആദ്യമായി ചെയ്യേണ്ട കാര്യം. 

ഇനി മറ്റ് അപകടങ്ങളൊന്നുമില്ലെന്നുറപ്പായാല്‍, വേദനയുടെ ആക്കം കുറയ്ക്കാനായി ചില പൊടിക്കൈകള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. അത്തരത്തില്‍ സാധാരണഗതിയില്‍ നമ്മള്‍ ചെയ്യുന്നതാണ് ചൂട് വയ്ക്കല്‍. ഹോട്ട് വാട്ടര്‍ ബാഗില്‍ വെള്ളം തിളപ്പിച്ച് അത് വേദനയുള്ളയിടത്ത് വയ്ക്കുകയാണ് മിക്കവരും ചെയ്യുന്നത്. 

എന്നാല്‍ മുട്ടിന് വേദന അനുഭവപ്പെടുന്ന ഏത് സാഹചര്യത്തിലും ചൂട് വയ്ക്കുന്നത് അഭികാമ്യമാണോ? ചിലര്‍ വേദനയുണ്ടാകുമ്പോള്‍ ഐസ് വയ്ക്കുന്നത് കണ്ടിട്ടില്ലേ, അത് ഏത് സാഹചര്യത്തിലാണെന്നറിയാമോ?

ചൂട് വയ്ക്കുന്നതും തണുപ്പ് വയ്ക്കുന്നതും രണ്ട് സാഹചര്യത്തിലാണ്. പേശികളെ റിലാക്‌സ് ചെയ്യിക്കാനാണ് ചൂട് വയ്‌ക്കേണ്ടത്. എന്നാല്‍ വേദനയും പ്രശ്‌നങ്ങളും ലഘൂകരിക്കാനാണ് തണുപ്പ് വയ്ക്കുന്നത്. ഉദാഹരണം പറയുകയാണെങ്കില്‍ വാതരോഗം മൂലമുണ്ടാകുന്ന മുട്ടുവേദനയാണെങ്കില്‍ അതിന്റെ തീവ്രത കുറയ്ക്കാന്‍ ചൂട് പിടിപ്പിക്കാവുന്നതാണ്. 

എന്നാല്‍ ഗ്രൗണ്ടില്‍ വച്ച് മുട്ടിന് പരിക്ക് പറ്റിയിട്ടുള്ള അത്‌ലറ്റിന് വേദന കുറയ്ക്കാന്‍ ചൂട് വയ്ക്കാമെന്ന് കരുതരുത്. അവിടെ ഐസാണ് ഉചിതം. വീര്‍ക്കുകയും മുറിവ് പറ്റുകയും ചെയ്ത ഒരിടത്ത് ചൂട് വയ്ക്കുകയേ അരുത്. അത് പരിക്കിനെ വീണ്ടും സങ്കീര്‍ണ്ണമാക്കുകയേ ചെയ്യൂ. 

സാഹചര്യങ്ങള്‍ നോക്കാതെ വേദനകള്‍ ലഘൂകരിക്കാന്‍ ചൂടും തണുപ്പും വയ്ക്കുന്നത് ചര്‍മ്മത്തിന് പുറത്തും അകത്തുമെല്ലാം പല തരം പ്രശ്‌നങ്ങളുണ്ടാക്കിയേക്കും. അതിനാല്‍ സ്വയം ചികിത്സയില്‍ എപ്പോഴും ഒരു നിര്‍േദശം തേടാനുള്ള മനസ്ഥിതി കാത്തുസൂക്ഷിക്കുക. സംശയങ്ങളുള്ള ഘട്ടത്തില്‍ സംശയങ്ങളോടെ പൊടിക്കൈകള്‍ ചെയ്യാതിരിക്കുക. ഒരു ആരോഗ്യവിദഗ്ധന്റെ നിര്‍ദേശം തേടിയാല്‍ പോരെ, അത്രയും കയ്യടക്കം സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ തീര്‍ച്ചയായും പുലര്‍ത്തേണ്ടതാണ്.

click me!