കൂടെയുള്ള ആള്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ എങ്ങനെ മനസിലാക്കാം? ലക്ഷണങ്ങള്‍...

Published : Jun 24, 2023, 01:57 PM IST
കൂടെയുള്ള ആള്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ എങ്ങനെ മനസിലാക്കാം? ലക്ഷണങ്ങള്‍...

Synopsis

അധികവും ഹൃദയാഘാതം സംഭവിച്ച രോഗികള്‍ക്ക് സമയത്തിന് പ്രാഥമിക ചികിത്സയോ തുടര്‍ ചികിത്സയോ ലഭിക്കാത്തത് മൂലമാണ് മരണം സംഭവിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? 

ഹൃദയാഘാതം ലോകത്ത് തന്നെ ഏറ്റവുമധികം പേരുടെ മരണത്തിന് ഇടയാക്കുന്ന മെഡിക്കല്‍ കണ്ടീഷനാണ്. വര്‍ഷത്തില്‍ ഒരു കോടി, എണ്‍പത് ലക്ഷം പേരെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മൂലം, അതും 80 ശതമാനത്തിലധികം ഹൃദയാഘാതം മൂലം മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 

അധികവും ഹൃദയാഘാതം സംഭവിച്ച രോഗികള്‍ക്ക് സമയത്തിന് പ്രാഥമിക ചികിത്സയോ തുടര്‍ ചികിത്സയോ ലഭിക്കാത്തത് മൂലമാണ് മരണം സംഭവിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? 

ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ഒരുപക്ഷേ രോഗി അത് തിരിച്ചറിയാനോ, ഉചിതമായ കാര്യങ്ങള്‍ ചെയ്യാനോ ഉള്ള ശാരീരിക- മാനസികാവസ്ഥയില്‍ ആകണമെന്നില്ല. കൂടെയുള്ളവര്‍ക്കെങ്കിലും രോഗിയെ രക്ഷിക്കാൻ സാധിക്കണം. ഇതിന് പലപ്പോഴും ഹൃദയാഘാത ലക്ഷണങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ തടസമായി വരാം. 

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...

നമുക്കറിയാം, നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്‍റെ പ്രഥമപ്രധാന ലക്ഷണം. എന്നാല്‍ എല്ലാവരിലും നെഞ്ചില്‍ വേദന തന്നെ അനുഭവപ്പെടണം എന്നില്ല. നെഞ്ചില്‍ മുറുക്കം, കനം, സമ്മര്‍ദ്ദം, അസ്വസ്ഥത എന്നിങ്ങനെയെല്ലാം രോഗി പറയാം. ഈ അവസ്ഥകളെല്ലാം ശ്രദ്ധിക്കേണ്ടതാണ്. നെഞ്ചില്‍ ഇത്തരത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നതായി ഗൗരവത്തില്‍ ഒരാള്‍ പറയുകയാണെങ്കില്‍ ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കണം.

ഗ്യാസ്, ദഹനക്കേട്, കാലാവസ്ഥ എന്നിങ്ങനെ പല കാരണങ്ങള്‍ പറഞ്ഞ് ആ അസ്വസ്ഥതകളെ നിസാരവത്കരിക്കുന്നത് അപകടമാണ്. ഇങ്ങനെ നെഞ്ചില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ക്കൊപ്പം തന്നെ ഇടത് തോളില്‍ വേദന, ഇടത് കയ്യിലേക്ക് പടരുന്ന വേദന, മുഖത്ത് കീഴ്ത്താടിയില്‍ വേദന, വയറ്റില്‍ നടുഭാഗത്തായി വേദന, അസാധാരണമായ പുറംവേദന എന്നിങ്ങനെയുള്ള വേദനകളില്‍ ഏത് കണ്ടാലും അത് ദുസ്സൂചനയാണെന്ന് മനസിലാക്കുക.

രോഗി വെട്ടിവിയര്‍ക്കുന്നുണ്ടോ, മുഷ്ടി ചുരുട്ടുന്നുണ്ടോ സംസാരിക്കാൻ സാധിക്കുന്നുണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം. ശ്വാസമില്ലെങ്കില്‍ പ്രാഥമിക ചികിത്സ ആദ്യം നല്‍കണം. അതായത് രോഗി ബോധം നഷ്ടപ്പെട്ട് വീഴുകയും വിളിച്ചിട്ട് പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നു എന്ന് കരുതുക. ഉടനെ തന്നെ കയ്യില്‍ പള്‍സ് നോക്കണം. ശ്വാസം ശ്രദ്ധിക്കണം. ശ്വാസമെടുക്കുന്നില്ലെന്ന് മനസിലാക്കിയാല്‍ അടിന്തരമായി സിപിആര്‍ നല്‍കണം. ഇത് അറിയാവുന്നവര്‍ തന്നെ ചെയ്യണം. 

ചില രോഗികള്‍ ബോധരഹിതരായി വീഴില്ല. പകരം തല കറങ്ങുന്നു എന്ന് പറയും. ഓക്കാനവും ഇതിനൊപ്പം തോന്നാം. ചിലര്‍ ഛര്‍ദ്ദിക്കും. ഈ ലക്ഷണങ്ങളൊന്നും തന്നെ നിസാരമാക്കരുത്. ആശുപത്രിയില്‍ ഉടനെ രോഗിയെ എത്തിക്കണം. 

Also Read:- 8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ച സംഭവം; ഉയരുന്ന സംശയങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
Read more Articles on
click me!

Recommended Stories

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കണോ? എങ്കിൽ ഈ ആറ് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം
കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു