'നിപ' - നട്ടെല്ലിൽ പേടി പടർത്തിയ ആ പച്ച വൈറസിനെ ആദ്യം കണ്ട ഡോ. ചുഅയുടെ കഥ, പ്രതിരോധത്തിന്‍റെയും

By Web TeamFirst Published Jun 4, 2019, 6:55 PM IST
Highlights

1999 വരെ 'നിപ' എന്നത് ഒരു മലേഷ്യയിലെ ഒരു ഗ്രാമത്തിന്‍റെ പേരായിരുന്നു. കൊലയാളിയായ ഒരു അസുഖം ഈ ഗ്രാമത്തിലുള്ളവരെ ഇല്ലാതാക്കുമ്പോൾ, ആർക്കും ആദ്യം ഒന്നും മനസ്സിലായില്ല! ഡോ. കൗ ബിങ് ചുഅ എന്ന ഗവേഷക വിദ്യാർത്ഥി ആ പച്ച വൈറസിനെ കണ്ടെത്തും വരെ ..

നിപയെ ഭയപ്പെടുകയല്ല, ജാഗ്രതയാണ് വേണ്ടത്. ഇതിന് മുമ്പ്, നിപ കോഴിക്കോട്ട് ഭീതി വിതയ്ക്കുമ്പോൾ നമുക്ക് ഇതെന്താണെന്ന് ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും ആ കാലത്തെ നമ്മൾ അതിജീവിച്ചു. പ്രതിരോധിച്ചു. ആരോഗ്യജാഗ്രതയുള്ള ഒരു സമൂഹം കൈകോർത്തു നിന്നതിന്‍റെ ഉത്തമമാതൃകയായിരുന്നു അത്. അത് വീണ്ടും ആവർത്തിക്കാം. അതിന് 'നിപ'യെക്കുറിച്ചറിയണം. നൂറ്റാണ്ടുകളായി വവ്വാലുകളുടെ ഉള്ളിൽ എവിടെയോ മറഞ്ഞിരുന്ന, ജൈവികമായി യാതൊരു പരിണാമങ്ങളും സംഭവിക്കാതിരുന്ന ഈ വൈറസ് പിന്നീട് മനുഷ്യരിലേക്കെത്തിയത് മനുഷ്യന്‍റെ ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളിലൂടെയാണ്. മനുഷ്യൻ ആദ്യമായി ആ വൈറസിനെ മുഖാമുഖം കണ്ടതിനെക്കുറിച്ച് വായിക്കാമിവിടെ.. ഇത് പ്രതിരോധത്തിന്‍റെ കഥയാണ്. നമുക്ക് അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസം തരുന്ന കഥ.. 

1999 മെയ് മാസം. അലസമായ ഒരു ഞായറാഴ്ച വൈകുന്നേരമായിരുന്നു അത്. പക്ഷേ, ഡോ. കൗ ബിങ് ചുഅ അത്താഴമോ, ഉച്ചയൂണോ കഴിച്ചിരുന്നില്ല. കഴിക്കാൻ സമയമുണ്ടായിരുന്നില്ല. ഒരു 'കൊലയാളി'യെ തേടുകയായിരുന്നു കൗ ബിങ് ചുഅ. 

മലേഷ്യയുടെ കർഷകഗ്രാമങ്ങളിൽ തുടർച്ചയായി മരണങ്ങൾ റിപ്പോ‍ർട്ട് ചെയ്യപ്പെട്ട കാലമായിരുന്നു അത്. ആർക്കും കാരണമറിയാത്ത ഒരു രോഗം പടർന്നു പിടിച്ചുകൊണ്ടിരുന്നു. ഇതെന്തെന്നറിയാൻ സാംപിളുകൾ തിരയുകയായിരുന്നു അന്ന് ഗവേഷകവിദ്യാ‍ർത്ഥിയായിരുന്ന ഡോ. കൗ ബിങ് ചുഅ.

ഒടുവിൽ അതിനെ കണ്ടെത്തിയെന്ന പ്രതീക്ഷയോടെ ഡോ. ചുഅ ആ സ്ലൈഡ് മൈക്രോസ്കോപ്പ് ലെൻസിന് താഴേക്ക് വച്ച്, ലൈറ്റ് ഓൺ ചെയ്ത് ഒരു കണ്ണ് ചിമ്മി അകത്തേക്ക് നോക്കി. നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ച് കയറിയത് പോലെ ആദ്യം ചുഅ തരിച്ചു നിന്നു.

തിളങ്ങുന്ന പച്ച നിറത്തിൽ, പച്ച വിളക്കുകൾ കത്തിച്ചുവച്ചത് പോലെ ആ വൈറസ് ചുഅയുടെ കൺമുന്നിൽ!

വെറുമൊരു പദാർത്ഥമല്ല, ലോകം അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു 'വൈറസായി'രുന്നു ചുഅയുടെ കയ്യിൽ. ഒരു പക്ഷേ, ലോകം ഇന്നേവരെ കണ്ടതിൽ ഏറ്റവും ഭീതിദമായ ഒന്ന്. അപകടകാരിയായ ഒന്ന്. ആ ലാബിലുള്ളവരെ എല്ലാം കൊല്ലാൻ കെൽപുള്ള വൈറസാണിതെന്ന് അന്ന് ചുഅയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ, ഇന്ന് ലോകത്തിനറിയാം. 'നിപ' ചില്ലറക്കാരനല്ല. കൈ ചേർത്തു പിടിച്ച് അതിനെ പ്രതിരോധിക്കേണ്ടതുണ്ട്, വരാതെ കാക്കേണ്ടതുണ്ട്.

ആദ്യം പടർന്നു പിടിച്ച ഗ്രാമത്തിന്‍റെ പേരിൽ ആ വൈറസ് ലോകപ്രശസ്തമായി. 'നിപ'. ആഗോള പകർച്ചവ്യാധിയായി മാറാൻ എല്ലാ സാധ്യതയുമുള്ള രോഗങ്ങളുടെ WHO പട്ടികയിലുള്ള പ്രധാനപ്പെട്ട പേരാണ് 'നിപ'. 2011-ൽ 'Contagion' എന്ന പേരിലുള്ള സിനിമയ്ക്ക് ആധാരമായ രോഗബാധ. 2010 മുതൽ നിപ വൈറസിനുള്ള പ്രതിരോധവാക്സിൻ വികസിപ്പിക്കാൻ സർക്കാരുകളെയും ഏജൻസികളെയും പ്രേരിപ്പിക്കുന്നത്, ഈ വൈറസ് ബാധ അപകടകരമായതു കൊണ്ട് തന്നെയാണ്.

ആരും ആദ്യം ചുഅയെ വിശ്വസിച്ചില്ല!

1999-ൽ മലേഷ്യയിൽ നിപ പടരുകയായിരുന്നു. ഇത് ഇപ്പോൾ തനിയ്ക്ക് മാത്രമേ അറിയൂ എന്ന സാധ്യത ചുഅയെ പേടിപ്പിച്ചു. അന്ന് ക്വലാലംപൂരിലെ മലായ സർവകലാശാലയിൽ ട്രെയിനിയായിരുന്ന ചുഅ പറഞ്ഞത് സ്വന്തം ഗവേഷക മേധാവി പോലും വിശ്വസിച്ചില്ല. 

''ഞാനെന്‍റെ വകുപ്പു മേധാവിയെ വീട്ടിലേക്ക് വിളിച്ചു. പ്രൊഫസർ, ഒന്ന് പെട്ടെന്ന് വരണം എന്ന് ഞാൻ പറഞ്ഞു. അത്യാവശ്യമായി ഒരു കാര്യം കാണിയ്ക്കാനുണ്ടെന്ന് പറഞ്ഞു'', ചുഅ ഓർക്കുന്നു.

എന്നാൽ ചുഅയുടെ മേധാവി, എല്ലാ പരീക്ഷണങ്ങളും വലിച്ചെറിയാനാണ് പറഞ്ഞത്. സമയം വെറുതെ പാഴാക്കരുതെന്ന് ചുഅയെ വകുപ്പു മേധാവി ഉപദേശിച്ചു. പക്ഷേ ഒന്നും ഉപേക്ഷിക്കാൻ ചുഅ തയ്യാറായില്ല. എല്ലാ സാംപിളുകളും പൊതിഞ്ഞെടുത്ത് സൂക്ഷിച്ച് അമേരിക്കയിലെത്തിച്ചു.

ഒരു ദുസ്വപ്നത്തിന്‍റെ ബാക്കി ...

ചുഅ ഈ പരീക്ഷണം നടത്തിയ ലാബോറട്ടറിയ്ക്ക് തെക്ക് ഭാഗത്തേക്ക് ഏതാണ്ട് ഒരു മണിക്കൂർ യാത്ര ചെയ്താൽ കർഷകഗ്രാമമായ 'നിപ'യിലെത്തും. എബോളയെപ്പോലെ അപകടകാരിയായ ഈ അസുഖം പക്ഷേ, രക്തക്കുഴലിനെയല്ല അവിടത്തെ മനുഷ്യരുടെ തലച്ചോറിനെയാണ് ബാധിച്ചത്. 

നിപ ഗ്രാമത്തിലെ പന്നി വളർത്തലുകാരനും കർഷകനുമായ തോമസ് വോങ് ആ കാലത്തെക്കുറിച്ച് ഓർക്കുന്നതിങ്ങനെയാണ്. ''ഒരു ദുസ്വപ്നത്തിലൂടെ ജീവിക്കുന്നത് പോലെയായിരുന്നു അത്. ''എല്ലാ ദിവസവും പത്രത്തിൽ ആളുകൾ മരിക്കുന്നത് ഞങ്ങൾ വായിച്ചു. എന്‍റെ നിരവധി സുഹൃത്തുക്കൾ പോയി, നിരവധിപ്പേർ ..'', വോങ് അർധോക്തിയിൽ പറഞ്ഞു നിർത്തുന്നു.

: 1999-ൽ രോഗബാധയുണ്ടായപ്പോൾ നിപ ഗ്രാമത്തിൽ നിന്ന് പന്നികളെ ജീവനോടെ കുഴിച്ചു മൂടാൻ കൊണ്ടുപോകുന്നു. അന്ന് പത്ത് ലക്ഷത്തോളം പന്നികളെയാണ് സർക്കാർ കൊന്നത്. ഇത് മലേഷ്യയിലെ പന്നി വ്യവസായത്തിന്‍റെ നട്ടെല്ല് തകർത്തു. 

രോഗം മിന്നൽവേഗത്തിലാണ് പടർന്നത്. തികച്ചും ആരോഗ്യവാൻമാരായ യുവാക്കൾ പിറ്റേന്നത്തേക്ക് രോഗികളായി. അവർക്ക് നടക്കാനോ സംസാരിക്കാനോ കഴിയാതെയായി. കോമയിലായതു പോലെയോ, തളർച്ച വന്നതുപോലെയോ ആയി. രോഗം അവരുടെ തലച്ചോറിനെ ബാധിച്ചു. 

ഈ സ്ഥിതിയിലേക്ക് രോഗികൾ പോയതെങ്ങനെയാണ്? ആർക്കും ഈ രോഗമെന്തെന്നറിയില്ലായിരുന്നു. ഇതിന് ചികിത്സയില്ല, രോഗമുക്തിയില്ല, കാരണം രോഗമെന്തെന്നറിയില്ല. അത് തന്നെയായിരുന്നു ഏറ്റവും പേടിപ്പിക്കുന്ന അവസ്ഥയും. രോഗം വന്ന പാതിയോളം പേർ മരിച്ചു. 

നിപ ഗ്രാമത്തിലെ മൂന്നിലൊന്ന് കുടുംബങ്ങൾക്ക് ഓരോരുത്തരെങ്കിലും മരിച്ച കഥ പറയാനുണ്ട്. ഗ്രാമത്തിൽ നിന്ന് അടുത്തുള്ള പ്രദേശങ്ങളിലേക്ക് രോഗം പടർന്നുകൊണ്ടിരുന്നു. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമിതായിരുന്നു. നാൽപത് ലക്ഷത്തോളം പേ‍ർ തിങ്ങിപ്പാർക്കുന്ന സിംഗപ്പൂരിന്‍റെ അതിർത്തിയിലേക്ക് രോഗം പടരുന്നു. 

മലേഷ്യൻ സർക്കാർ ആദ്യം നിഷ്ക്രിയമായിരുന്നു

സ്ഥിതി ഗുരുതരമായിട്ടും, മലേഷ്യൻ സർക്കാർ ജനങ്ങളോട് ഭയപ്പെടേണ്ടതില്ലെന്ന് മാത്രം പറഞ്ഞു. കൊതുകുകളിൽ നിന്നാണ് രോഗം പടരുന്നതെന്നായിരുന്നു സർക്കാർ പറഞ്ഞത്. കൊതുകിനെ കൊന്നൊടുക്കാനുള്ള സ്പ്രേ അടിച്ചാൽ പ്രശ്നം അവസാനിക്കുമെന്നും സർക്കാർ പറഞ്ഞു.

പാകപ്പിഴകളുണ്ടെങ്കിലും മികച്ച രോഗപ്രതിരോധത്തിന് എന്നും മാതൃകയായിരുന്നു കേരളത്തിന്‍റെ ആരോഗ്യരംഗം. രോഗം എന്തെന്ന് ആദ്യത്തെ ഘട്ടത്തിൽത്തന്നെ തിരിച്ചറിയാനും അതിനെ അതിജീവിക്കാനും കേരളത്തിന് കഴിഞ്ഞത്, മികച്ച ആരോഗ്യജാഗ്രതയുള്ള ജനങ്ങളും ഡോക്ടർമാരും സർക്കാരുമുണ്ടായിരുന്നത് കൊണ്ടുതന്നെയാണ്. 

മലേഷ്യയിലിതായിരുന്നില്ല സ്ഥിതി. ആദ്യം സർക്കാരിനെ വിശ്വസിച്ച നാട്ടുകാർ പിന്നീട്, സർക്കാർ വാദങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞു തുടങ്ങി. അതിന് ഒരു കാരണമുണ്ടായിരുന്നു. പന്നി വളർത്തൽ വ്യാപകമായ പ്രദേശങ്ങളിലാണ് രോഗം പടരുന്നത്. മലേഷ്യൻ ചൈനീസ് പൗരൻമാർക്കാണ് ഏറ്റവും കൂടുതൽ രോഗം കണ്ടെത്തിയത്. പന്നികളെ കഴിക്കാത്തവർക്കും വളർത്താത്തവർക്കും രോഗം വരുന്നില്ല. പ്രത്യേകിച്ച് മുസ്ലീം വംശജർക്ക്. കൊതുകുകളാണെങ്കിൽ മതം നോക്കിയല്ലല്ലോ കടിയ്ക്കാറ്! എല്ലാ പൗരൻമാർക്കും ഒരേപോലെ രോഗം വരേണ്ടതല്ലേ?

: മലേഷ്യയിലെ നിപ ഗ്രാമത്തിന്‍റെ കവാടം, 1999-ൽ നിപ വൈറസാണ് രോഗബാധയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയതോടെ മലേഷ്യൻ സർക്കാർ ഈ ഗ്രാമത്തിൽ വ്യാപകമായ ക്വാറന്‍റൈൻ നടപടികൾ നടത്തി. അന്ന് നിപ ഗ്രാമം ഒരു പ്രേതബാധിതപ്രദേശം പോലെയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ആരും വരില്ല, ആരും പുറത്ത് പോവുകയുമില്ല. കോഴിക്കോട്ടുകാർക്ക് ഒരു പക്ഷേ അറിയാം ആ അവസ്ഥ!

പന്നികൾ അലറിക്കരഞ്ഞ കാലം!

നിപ ഗ്രാമത്തിലുള്ളവരുമായാണ് ഡോ. ചുഅ പിന്നീട് സംസാരിച്ചത്. ഗ്രാമീണരുടെ, പ്രത്യേകിച്ച് കർഷകരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ചുഅ ശ്രദ്ധാപൂർവം കേട്ടു. പന്നിവളർത്തൽ വ്യാപകമായ പ്രദേശങ്ങളിലാണ് രോഗബാധയുള്ളതെന്ന കർഷകരുടെ അഭിപ്രായത്തോട് ചുഅയും യോജിച്ചു. കൊതുകുകളല്ല രോഗത്തിന് കാരണമെന്ന് ചുഅയ്ക്ക് ഉറപ്പായിരുന്നു. പക്ഷേ ആരും ചുഅയെ വിശ്വസിച്ചില്ല. 

അങ്ങനെ ആ ചുഅയ്ക്ക് ആ റിസ്ക് എടുക്കേണ്ടി വന്നു. ഒരു പെട്ടിയിൽ ഈ അപകടകാരി വൈറസിനെയും കൊണ്ട് അമേരിക്കയ്ക്ക് പറക്കുക! അമേരിക്കയിലെ കൊളറാഡോയിലുള്ള ഫോർട്ട് കോളിൻസിലെ രോഗപ്രതിരോധ നിയന്ത്രണ ഗവേഷണ ലാബായിരുന്നു ഡോ. ചുഅയുടെ ലക്ഷ്യം. എന്താണ് ഈ വൈറസ് എന്നും എങ്ങനെയാണ് രോഗം പടരുന്നതെന്നും വിശദമായ പഠനം ആവശ്യമാണ്. അതിന് തൽക്കാലം മലേഷ്യയിൽ സൗകര്യമില്ല. 

''ആ റിസ്ക് എനിക്ക് എടുത്തേ മതിയാകുമായിരുന്നുള്ളൂ. സാംപിളുകൾ എത്രയും പെട്ടെന്ന് എത്തിക്കേണ്ടിയിരുന്നു'', ചുഅ പറയുന്നു.

അവിടെ ഒരു മൈക്രോസ്കോപ്പിലൂടെ സാംപിളുകൾ പരിശോധിച്ച ഡോ. ചുഅ ഭയപ്പെട്ടത് തന്നെ കണ്ടു. 'പാരാമിക്സോ' ഗണത്തിലുള്ള വൈറസിന്‍റെ സാന്നിധ്യം. വായുവിലൂടെ പടരുന്ന, ഗുരുതരമായ ശ്വാസകോശരോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളുടെ ഗണമാണ് പാരാമിക്സോ.

ഈ വൈറസുകൾ കൊതുകിലൂടെയല്ല. മൃഗങ്ങളിലൂടെയാണ് പടരുക. ശ്വാസകോശത്തെ ഇത് ബാധിച്ചേക്കാം. മീലിൽസ് റുബല്ല ഈ ഗണത്തിൽപെട്ട വൈറസാണ്. 

ഈ വൈറസ് എത്രത്തോളം അപകടകാരിയാകാമെന്ന് ഡോ. ചുഅ ഉടൻ തിരിച്ചറിഞ്ഞു. ഫോണിന് അടുത്തേക്കോടിയ ഡോ. ചുഅ അധികൃതരോട് ഉറക്കെ ഫോണിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു. ''കൊതുകിനോട് പൊരുതിയത് മതി. ഈ വൈറസ് വരുന്നത് പന്നികളിൽ നിന്നാണ്!''

മലേഷ്യൻ സർക്കാർ ഒടുവിലത് കേട്ടു. നിർണായകമായ ഒരു തീരുമാനവുമെടുത്തു. 

രാജ്യം അന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ മൃഗങ്ങളുടെ കൂട്ടക്കുരുതിയാണ് പിന്നീട് നടന്നത്. മലേഷ്യയുടെ സൈന്യം ഈ ഗ്രാമങ്ങളിലേക്ക് മാർച്ച് ചെയ്തു. ഏതാണ്ട് പത്ത് ലക്ഷം പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി. അസുഖം പടർന്ന ഗ്രാമങ്ങളിൽ പന്നികളുടെ അലറിക്കരച്ചിൽ കേട്ടു. പന്നികളെ സൈന്യം കൊന്നു തള്ളി കുഴിച്ചു മൂടി. ഭീതിദമായിരുന്നു ആ ദൃശ്യങ്ങൾ. 

പക്ഷേ, നടപടി ഫലം കണ്ടു. വൈറസ് ബാധ പതുക്കെ അവസാനിച്ചു. പക്ഷേ, ലോകം അമ്പരപ്പോടെ നിന്നു: പന്നികൾക്ക് ഈ വൈറസ് എവിടന്ന് കിട്ടി?

വൈറസ് ഫാക്ടറികളായത് വൻ പന്നിഫാമുകൾ

പന്നികളിലേക്ക് വൈറസ് എവിടന്നെത്തി എന്ന് ഗവേഷകർ തിരിച്ചറിയാൻ ഏതാണ്ട് ഒരു പതിറ്റാണ്ടെങ്കിലും എടുത്തു. നിപ കാലങ്ങളായി പന്നികളിലെത്തിയിരുന്നു. അതാകട്ടെ, എത്തിയത് വവ്വാലുകളിൽ നിന്നാണ്. അസുഖങ്ങൾ പണ്ടും വന്നിരുന്നു. പക്ഷേ, ആ അസുഖങ്ങൾ വളരെ അപൂർവമായിരുന്നു. 

പണ്ട് പന്നികളെ പല കുടുംബങ്ങളും വളർത്തിയിരുന്നെങ്കിലും അത് എണ്ണത്തിൽ കുറവായിരുന്നു. ഓരോ കുടുംബങ്ങളിലും പരമാവധി പത്ത് പന്നികളുണ്ടായേക്കാം. എണ്ണത്തിൽ കൂടുതലുള്ളത് വളരെക്കുറവായിരുന്നു. 

എന്നാൽ എൺപതുകളിലും തൊണ്ണൂറുകളിലും മലേഷ്യയിൽ വൻ സാമ്പത്തിക മുന്നേറ്റമാണുണ്ടായത്. ജനങ്ങളുടെ കയ്യിൽ പണം എത്തിത്തുടങ്ങി. ആഴ്ചയിൽ ഒന്നിലധികം തവണ പന്നിയിറച്ചി വാങ്ങിക്കഴിക്കാനുള്ള പണമൊക്കെ ആളുകളുടെ കയ്യിൽ വന്നു.

ഇതോടെ പന്നിക്കർഷകർ പന്നികളെ വളർത്തുന്ന രീതി മാറ്റി. വലിയ ഫാമുകളിൽ നിറയെ പന്നികളെ കുത്തി നിറച്ച് വളർത്തിത്തുടങ്ങി. കുറച്ച് സ്ഥലത്ത് നിന്ന് പരമാവധി പന്നികളെ കുത്തി നിറച്ച് പണമുണ്ടാക്കാനുള്ള വഴി തേടി. ഇവിടെയാണ് വൈറസ് ബാധ പടരാനുള്ള കാരണമിരിക്കുന്നത്. 

കുത്തിനിറച്ച് വളർത്തിയ പന്നിഫാമുകളിൽ രോഗം പടരാൻ എളുപ്പമായിരുന്നു. അങ്ങനെ പന്നി ഫാക്ടറികൾ, വൈറസ് ഫാക്ടറികളായി. ഫാമുകളിൽ നിന്ന് ഫാമുകളിൽ നിന്ന് .. അവിടെ നിന്ന് കർഷകരിലേക്ക് ..

ഇത് പുതിയ കാര്യമല്ല യഥാർത്ഥത്തിൽ. മനുഷ്യൻ മൃഗങ്ങളുമായി ഇടപെടുന്ന രീതി എന്ന് മാറ്റിയോ, അന്നൊക്കെ പുതിയ അസുഖങ്ങളുണ്ടായിട്ടുണ്ട്. 

ഏഷ്യയിൽ ഇതിന് ശേഷം 17 തവണ 'നിപ' രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബംഗ്ലാദേശിലും ഫിലിപ്പീൻസിലും 2001-ൽ ഇന്ത്യയിൽ പശ്ചിമബംഗാളിലെ സിലിഗുരിയിലും, 2018-ൽ കേരളത്തിലെ കോഴിക്കോട് പേരാമ്പ്രയിലും നിപ സാന്നിധ്യമറിയിച്ചു. പിടിപെട്ട 74 ശതമാനം പേരെയും കൊന്ന രോഗബാധയാണ് നിപ. 

പക്ഷേ, ഇന്ത്യയിൽ നിപ ഏറ്റവും ഫലപ്രദമായി നേരിട്ട സംസ്ഥാനമായിരുന്നു കേരളം. 2001-ൽ പശ്ചിമബംഗാളിലെ രോഗബാധ നിപയാണെന്ന് ആദ്യം അവിടത്തെ ഡോക്ടർമാർ പോലും തിരിച്ചറിഞ്ഞിരുന്നില്ല. ഒരു ഡോക്ടറടക്കം 49 പേരാണ് അന്ന് പശ്ചിമബംഗാളിൽ മരിച്ചത്. കേരളത്തിൽ 17 പേർ (ഔദ്യോഗികകണക്കല്ല) മരിച്ചെങ്കിലും, ഇനിയൊരു രോഗബാധ കണ്ടാൽ അതിനെ നേരിടാൻ സുസജ്ജമാണ് സംസ്ഥാനം. ഒറ്റക്കെട്ടായി നമുക്ക് ഇതിനെയും അതിജീവിക്കാം. 

(ഈ സ്റ്റോറി അമേരിക്കയിലെ നാഷണൽ പബ്ലിക് റേഡിയോ എന്ന മാധ്യമത്തിൽ വന്ന വിശദമായ ലേഖനത്തിന്‍റെ സ്വതന്ത്രപരിഭാഷയാണ്. ഇതോടൊപ്പം WHO നിപയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങളും ഈ സ്റ്റോറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.)

click me!