
ബിപി (ബ്ലഡ് പ്രഷര്‍) അഥവാ രക്തസമ്മര്‍ദ്ദം പല അനുബന്ധ പ്രശ്നങങളിലേക്കും നമ്മെ നയിച്ചേക്കാവുന്ന അവസ്ഥയാണ്. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ ഇത് നിര്‍ബന്ധമായും നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. പ്രത്യേകിച്ച് ബിപി അനിയന്ത്രിതമായി മുന്നോട്ട് പോയാല്‍ അത് ഹൃദയത്തിനാണ് കൂടുതല്‍ റിസ്കും ഉണ്ടാക്കുന്നത്.
ബിപി കൂടി ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചതാണ് എന്നൊക്കെ ആളുകള്‍ പറയുന്നത് കേട്ടിട്ടില്ലേ? ഇത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നത് മനസിലായിട്ടുണ്ടോ? അല്ലെങ്കില്‍ ബിപി ഹൃദയത്തിന് എത്രമാത്രം ഭീഷണിയാണെന്നത് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? എന്നാലീ വിഷയത്തിലേക്കാണിനി നമ്മള്‍ കടക്കുന്നത്.
ബിപിയും ഹാര്‍ട്ട് അറ്റാക്കും...
ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികളുടെ ഭിത്തികള്‍ക്ക് എതിരായി പതിവായി ശക്തമായ രക്തയോട്ടമുണ്ടാകുന്ന അവസ്ഥയാണ് ബിപിയിലുണ്ടാകുന്നത്. ക്രമേണ ഈ പ്രഷര്‍ ധമനികളെ ബാധിക്കുന്നു. ധമനികള്‍ ബാധിക്കപ്പെടുന്നതിന് പിന്നാലെ ഹൃദയവും ബാധിക്കപ്പെടുന്നു.
ബിപി നിയന്ത്രിക്കാതെ നാം മുന്നോട്ട് പോകുമ്പോള്‍ അത് ഹൃദയത്തിന് വലിയ ഭാരമാണുണ്ടാക്കുന്നത്. എപ്പോഴും ശക്തിയായി രക്തം പമ്പ് ചെയ്യേണ്ടി വരുന്നു. ഈ ജോലിഭാരം പതിയെ ഹൃദയപേശികളുടെ ആരോഗ്യത്തെ നശിപ്പിക്കാനും പല അനുബന്ധപ്രശ്നങ്ങളിലേക്ക് ഹൃദയമെത്താനും കാരണമാകുന്നു. ഇതോടെ വിവിധ ഹൃദ്രോഗങ്ങള്‍ക്കും ഒപ്പം ഹൃദയാഘാതത്തിനും (ഹാര്‍ട്ട് അറ്റാക്ക്) സാധ്യത ഉയരുന്നു.
ഉയര്‍ന്ന ബിപി ധമനികളുടെ അകത്തെ ആവരണത്തെയും തകര്‍ക്കുന്നു. ഇതോടെ ഇവിടങ്ങളിലൊക്കെ കൊഴുപ്പ് അടിയുന്ന സാഹചര്യമുണ്ടാകുന്നു. ക്രമേണ ഇതുവഴിയുള്ള രക്തയോട്ടം ഭാഗികമായോ അല്ലാതെയോ എല്ലാം തടസപ്പെടാനുള്ള സാഹചര്യമുണ്ടാകുന്നു. ബ്ലോക്ക് എന്ന് കേട്ടിട്ടില്ലേ? ഇതാണ് പെട്ടെന്ന് ഹൃദയാഘാതത്തിലേക്ക് നമ്മെ നയിക്കുക.
മറ്റ് പ്രശ്നങ്ങള്‍...
ബിപി കൂടുന്നത് ഹൃദയത്തിന് മാത്രമല്ല വെല്ലുവിളി സൃഷ്ടിക്കുന്നത്. മറ്റ് പല രീതിയിലും ബിപി നമുക്ക് വില്ലനായി വരാം. അന്യൂറിസം എന്നൊരു അവസ്ഥയുണ്ട്. രക്തക്കുഴലുകളിലെ ദുര്‍ബലമായ ഭാഗങ്ങളില്‍ വീക്കമുണ്ടാകുന്ന അവസ്ഥയാണിത്. ചില സന്ദര്‍ഭങ്ങളില്‍ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവമുണ്ടായി രോഗി മരിക്കുന്നതിലേക്ക് വരെ അന്യൂറിസം നയിക്കാം.
ഹൃദയാഘാതം പോലെ തന്നെ അനിയന്ത്രിതമായ ബിപി പക്ഷാഘാതത്തിലേക്കുമുള്ള സാധ്യതയും തുറക്കുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ബാധിക്കപ്പെടുന്നതിലൂടെയാണ് പക്ഷാഘാതത്തിനുള്ള സാധ്യതയുണ്ടാകുന്നത്.
ഉയര്‍ന്ന ബിപി ക്രമേണ വൃക്കകളെയും ബാധിക്കാം. വൃക്കകളിലെ രക്തക്കുഴലുകള്‍ ബാധിക്കപ്പെടുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതും ഏറെ അപകടകരമായ അവസ്ഥ തന്നെയാണ്.
ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ബിപിയുള്ളവര്‍ എങ്ങനെയും അത് നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. ജീവിതരീതി, പ്രത്യേകിച്ച് ഭക്ഷണം അതിന് അനുസരിച്ച് ചിട്ടപ്പെടുത്തുക. മരുന്നോ ചികിത്സയോ ആവശ്യമാണെങ്കില്‍ അതെടുക്കുക. ഇടവിട്ട് ബിപി പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
Also Read:- മഴക്കാലത്ത് വൃക്ക രോഗങ്ങള്‍ക്കും സാധ്യത കൂടുതല്‍; രോഗസാധ്യത ഒഴിവാക്കാൻ ചെയ്യേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam