
വണ്ണം കുറയ്ക്കാനായി പലരും ഭക്ഷണം പൂർണമായും ഒഴിവാക്കാറുണ്ട്. എന്നാൽ, ഇത് വിപരീതഫലം ഉണ്ടാക്കിയേക്കാമെന്ന് പോഷകാഹാര വിദഗ്ധൻ പറയുന്നു. പതിവായി ഭക്ഷണം ഒഴിവാക്കുന്നത് പിന്നീട് കൂടുതൽ വിശപ്പ് തോന്നുന്നതിന് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറഞ്ഞു. അത്താഴസമയമാകുമ്പോഴേക്കും പതിവിലും കൂടുതൽ വിശപ്പ് അനുഭവപ്പെടുകയും, സാധാരണ കഴിക്കുന്നതിലും കൂടുതൽ ഭക്ഷണം കഴിക്കാൻ ഇടയാവുകയും ചെയ്തേക്കാം.
ഒരു നേരം ഭക്ഷണം കഴിക്കാൻ വിട്ടുപോയാൽ എന്താണ് സംഭവിക്കുന്നത്? ഇവിടെ നമ്മൾ 'ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിനെ' (intermittent fasting) കുറിച്ചല്ല സംസാരിക്കുന്നത്. മറിച്ച്, തിരക്കുകൾക്കിടയിലോ മീറ്റിംഗുകളിലോ പെട്ട് ഭക്ഷണം കഴിക്കാൻ സമയമില്ലാതെ, ഉച്ചഭക്ഷണത്തിന് പകരം ഒരു കപ്പ് കാപ്പി മാത്രം കുടിക്കേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ചാണ് പറയുന്നതെന്ന് അഞ്ജലി പറഞ്ഞു.
ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുമ്പോൾ, ശരീരത്തിന് ആവശ്യമായ ചില പോഷകങ്ങൾ നൽകാനുള്ള അവസരം കൂടി നഷ്ടപ്പെടുന്നു. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ വലിയ പ്രശ്നം പിന്നീട് ഉണ്ടായേക്കാമെന്ന് അവർ പറയുന്നു. അമിതമായ വിശപ്പ് അനുഭവപ്പെടുമ്പോൾ, അടുത്ത തവണ ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ അളവിൽ കഴിക്കാനുള്ള സാധ്യതയുണ്ട്.
അപ്പോൾ, നിങ്ങൾ സാധാരണയായി എന്താണ് കഴിക്കാറുള്ളത്? നിങ്ങൾ കാർബോഹൈഡ്രേറ്റ് കൂടുതലായി കഴിക്കും; കാരണം, അത് മാത്രമാണ് നിങ്ങൾക്ക് സംതൃപ്തി നൽകുന്നത്. അത്താഴ സമയത്ത് ചോറോ ചപ്പാത്തിയോ പാസ്തയോ നൂഡിൽസോ - നിങ്ങൾക്ക് ഇഷ്ടപ്പെട്ട മറ്റെന്തെങ്കിലുമോ നിങ്ങൾ കൂടുതൽ അളവിൽ കഴിച്ചേക്കാം. ഇത് ശരീരഭാരം കൂട്ടാമെന്ന് അവർ പറഞ്ഞു. വെറുതെ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പ വഴിയായി കാണരുതെന്നും അവർ പറയുന്നു.
ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് തുല്യമല്ല. യഥാർത്ഥത്തിൽ നിങ്ങളുടെ ഭാരം കൂടാനും പോഷകങ്ങളുടെ കുറവ് സംഭവിക്കാനും സാധ്യതയുണ്ടെന്നും അഞ്ജലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam