
എല്ലാ വര്‍ഷവും മാര്‍ച്ച് 30 ലോക ബൈപോളാര്‍ ദിനമായാണ് കണക്കാക്കുന്നത്. മാനസികാരോഗ്യ കാര്യങ്ങളിലെ കുറവ് അവബോധവും രോഗികളുടെ എണ്ണത്തില്‍ പ്രതിവര്‍ഷമുണ്ടാകുന്ന വര്‍ധനവും ഈ ദിവസത്തിന്റെ പ്രാധാന്യം കൂട്ടുന്നു.
പൊതുവില്‍ ഏറെ തെറ്റിദ്ധാരണകളുണ്ടാകാറുള്ള ഒരു മാനസികപ്രശ്‌നം കൂടിയാണ് ബൈപോളാര്‍. പലപ്പോഴും വിഷാദരോഗത്തെയും സമയന്ധിതമായി വരുന്ന സമ്മര്‍ദ്ദങ്ങളെയുമെല്ലാം ബൈപോളാറായി മനസിലാക്കുന്ന പ്രവണതകളും കാണാറുണ്ട്.
എന്നാല്‍ ബൈപോളാര്‍ വിഷാദരോഗത്തില്‍ നിന്ന് വ്യത്യസ്തമായ അവസ്ഥയാണ്. വിവിധ എപ്പിസോഡുകളിലായി വിഷാദമടക്കമുള്ള പല പ്രശ്‌നങ്ങളം ബൈപോളാറിന്റെ ഭാഗമായി വരാറുണ്ട്. ഗൗരവതരമായ വിഷാദം, നേരിയ തോതിലുള്ള വിഷാദം, ഹൈപ്പോമാനിയ, മാനിയ എന്നിവയെല്ലാം ബൈപോളാറിന്റെ ഭാഗമായി വരാം.
വിഷാദത്തില്‍ പതിവായി ഇടപെട്ടുകൊണ്ടിരിക്കുന്ന വവിവിധ വിഷയങ്ങളോട് മടുപ്പ്, താല്‍പര്യമില്ലായ്മ, ഊര്‍ജ്ജസ്വലത കുറയുന്ന അവസ്ഥ, ആത്മവിശ്വാസം നഷ്ടപ്പെടുക, തീരുമാനമെടുക്കാന്‍ വിഷമിക്കുക, ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും ക്രമം തെറ്റുക തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടാം. അതുപോലെ മാനിയാക് എപ്പിസോഡുകളില്‍ സന്തോഷത്തോടുള്ള ആധിക്യം, ഊര്‍ജ്ജസ്വലത വര്‍ധിക്കുക, ഉറക്കം കുറവ് ആവശ്യമായി വരിക, ചിന്തകള്‍ അധികരിക്കുക, സംസാരം കൂടുക എന്നിവയെല്ലാം കാണാം.
ആദ്യം സൂചിപ്പിച്ചത് പോലെ പലപ്പോഴും മൂഡ് സ്വിംഗ്‌സുമായി ബൈപോളാര്‍ മാറിപ്പോകുന്ന സാഹചര്യം പലര്‍ക്കമുണ്ട്. അത്തരത്തില്‍ വ്യാപകമായി തെറ്റിദ്ധരിക്കുന്ന ചില കാര്യങ്ങളാണ് ഇനി പറയുന്നത്.
1. പെട്ടെന്നുണ്ടാകുന്ന മൂഡ് മാറ്റങ്ങള്‍ എല്ലാം ബൈപോളാര്‍ ആകണമെന്നില്ല.
2. ഇത്തരത്തിലുള്ള മൂഡ് പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനാകാത്ത അവസ്ഥയും എളുപ്പത്തില്‍ ബൈപോളാറായി കണക്കാക്കേണ്ടതില്ല.
3. മുന്‍കോപം, വിഷയങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നത് എന്നിവയും ബൈപോളാര്‍ തന്നെ ആകണമെന്നില്ല.
4. ചിട്ടയില്ലാത്ത ജീവിതരീതിയും ബൈപോളാറായി കണക്കാക്കേണ്ടതില്ല.
5. അകാരണമായി ഇടയ്ക്കിടെ ദേഷ്യം വരുന്നതും ചിലര്‍ ബൈപോളാറിന്റെ ഭാഗമാണെന്ന് കരുതാറുണ്ട്.
ബൈപോളാര്‍, തീര്‍ച്ചയായും വിദഗ്ധരുടെ സഹായത്തോടെ മാത്രം സ്ഥിരീകരിക്കേണ്ടതാണ്. ചികിത്സ ആവശ്യമായി വരുന്ന അവസ്ഥയാണിത്. അതിനാല്‍ നിര്‍ബന്ധമായും ചികിത്സയും തേടുക. മാനസികപ്രശ്‌നങ്ങളെ സ്വയം ചികിത്സിച്ച് മറികടക്കാമെന്ന് ചിന്തിക്കുന്നതും അബദ്ധമാണ്. ഏറെക്കാലം ചികിത്സിക്കാതെ തുടര്‍ന്നാല്‍ ബൈപോളാര്‍ കൂടുതല്‍ സങ്കീര്‍ണമാകാനുള്ള സാധ്യതകളേറെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam