ഇത്തരം മാനസികപ്രശ്‌നങ്ങളെ നിസാരമായി കാണരുതെന്നും ഭാവിയില്‍ വളരെ ഗുരുതരമായ അസുഖങ്ങളിലേക്ക് ഇവ നയിച്ചേക്കാമെന്നും ഓര്‍മ്മിപ്പിക്കുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി'യുടെ എഴുപത്തിമൂന്നാമത് വാര്‍ഷികയോഗത്തില്‍ പഠനറിപ്പോര്‍ട്ട് വിശദമായി അവതരിപ്പിക്കാനാണ് ഗവേഷകരുടെ നീക്കം

ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണെന്ന് സൂചിപ്പിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്തായി പുറത്തുവരികയുണ്ടായി. വിഷാദത്തിനൊപ്പം (Depression) തന്നെ വ്യാപകമായി കാണാന്‍ സാധിക്കുന്ന മറ്റൊരു മാനസികപ്രശ്‌നമാണ് ഉത്കണ്ഠ (Anxiety)യും. 

ഇത്തരം മാനസികപ്രശ്‌നങ്ങളെ നിസാരമായി കാണരുതെന്നും ഭാവിയില്‍ വളരെ ഗുരുതരമായ അസുഖങ്ങളിലേക്ക് ഇവ നയിച്ചേക്കാമെന്നും ഓര്‍മ്മിപ്പിക്കുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി'യുടെ എഴുപത്തിമൂന്നാമത് വാര്‍ഷികയോഗത്തില്‍ പഠനറിപ്പോര്‍ട്ട് വിശദമായി അവതരിപ്പിക്കാനാണ് ഗവേഷകരുടെ നീക്കം. 

വിഷാദം, ഉത്കണ്ഠ പോലുള്ള സാധാരണയായ മാനസിക വിഷമതകളുള്ളവരില്‍ പിന്നീട് അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം വിലയിരുത്തുന്നത്. എന്ന് മാത്രമല്ല, പൊതുവേ പ്രായാധിക്യത്താല്‍ സംഭവിക്കുന്ന ഇത്തരം അസുഖങ്ങള്‍ വിഷാദവും ഉത്കണ്ഠയുമെല്ലാം ഏറെക്കാലമായി അനുഭവിക്കുന്നവരില്‍ നേരത്തേ തന്നെ പിടിപെടാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

'വളരെ പ്രധാനപ്പെട്ടൊരു നിരീക്ഷണമാണ് ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇനിയുമേറെ ചര്‍ച്ചകളും പഠനങ്ങളും ആവശ്യമായ വിഷയം. വിഷാദം ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ ചികിത്സാകാര്യങ്ങളില്‍ ഈ വിഷയം കൂടി പരിഗണിച്ചുകൊണ്ടുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിന് ഇനിയും വിവരങ്ങള്‍ കണ്ടെത്തിയേ പറ്റൂ. ഇത്തരം മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ തീര്‍ച്ചയായും അല്‍ഷിമേഴ്‌സോ ഡിമെന്‍ഷ്യയോ വരുമെന്നല്ല ഞങ്ങള്‍ വാദിക്കുന്നത്. മറിച്ച് മറ്റുള്ളവരെ അപേക്ഷിച്ച് സാധ്യത കൂടുതലായിരിക്കുമെന്നതാണ് ഞങ്ങളുടെ കണ്ടെത്തല്‍..'- പഠനത്തിന് നേതൃത്വം നല്‍കിയ, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകന്‍ എ. മില്ലര്‍ പറയുന്നു. േ

പഠനത്തിനായി തെരഞ്ഞെടുത്ത അല്‍ഷിമേഴ്‌സ്- ഡിമെന്‍ഷ്യ രോഗികളില്‍ 43 ശതമാനത്തിനും വിഷാദരോഗമുണ്ടായിരുന്നതായും 32 ശതമാനം പേര്‍ക്ക് ഉത്കണ്ഠയുണ്ടായിരുന്നതായും ഗവേഷകര്‍ കണ്ടെത്തി. വിഷാദത്തിനും ഉത്കണ്ഠയ്ക്കും പുറമെ ബൈപോളാര്‍ ഡിസോര്‍ഡര്‍, പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, സ്‌കിസോഫ്രീനിയ എന്നിങ്ങനെയുള്ള മാനസികരോഗങ്ങളുള്ളവരിലും അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ സാധ്യതകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും പഠനം വിലയിരുത്തുന്നു.

Also Read:- കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിഷാദവും ഉത്കണ്ഠയും വർദ്ധിച്ച് വരുന്നു; പഠനം...