
വര്‍ധിച്ചുവരുന്ന ഹൃദയാഘാത കേസുകള്‍, പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ - വലിയ ആശങ്കയാണ് പരക്കെ സൃഷ്ടിക്കുന്നത്. ഹൃദയാഘാതം മാത്രമല്ല- ഇതുമൂലമുള്ള മരണങ്ങളും വ്യാപകമായ രീതിയില്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ജീവശാസ്ത്രപരമായ പല ഘടകങ്ങളും പാരമ്പര്യഘടകങ്ങളുമെല്ലാം ഹൃദ്രോഗങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കുമെല്ലാം വ്യക്തികളെ നയിക്കാറുണ്ട്. എന്നാല്‍ ഒരു പരിധി വരെ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഹൃദയാരോഗ്യം സുരക്ഷിതമാക്കാൻ നമുക്ക് സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്.
ഡയറ്റ് (ഭക്ഷണം), വ്യായാമം, ഉറക്കം എന്നിങ്ങനെ നിത്യേനയുള്ള കാര്യങ്ങളില്‍ വീഴ്ച വരുത്താതിരിക്കുകയെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇതിനെല്ലാം പുറമെ നിത്യജീവിതത്തില്‍ നാം ചെയ്യുന്നതോ, ചെയ്യാതെ പോകുന്നതോ ആയ ചില കാര്യങ്ങളും ഹൃദയത്തിന് ഗുണകരമായി വരാം. അത്തരത്തിലുള്ള ഏഴ് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
സംഗീതം കേള്‍ക്കുകയെന്നതാണ് ഇതിലൊന്ന്. ദിവസത്തില്‍ മുപ്പത് മിനുറ്റെങ്കിലും സംഗീതം കേട്ടാല്‍ അത് ബിപി കുറയ്ക്കാനും സമ്മര്‍ദ്ദമകറ്റാനും ഇതുമൂലം നെഞ്ചിടിപ്പ് 'നോര്‍മല്‍' ആക്കാനുമെല്ലാം സഹായിക്കും. ഇതെല്ലാം പരോക്ഷമായി ഹൃദയാരോഗ്യത്തിന് ഗുണകരമായി വരുന്നവയാണ്.
രണ്ട്...
സ്പര്‍ശം, നമ്മെ പെട്ടെന്ന് തന്നെ സന്തോഷിപ്പിക്കുന്നതും സമാധാനപ്പെടുത്തുന്നതുമാണ്. ഇഷ്ടമുള്ളവരെ- അല്ലെങ്കില്‍ പ്രിയപ്പെട്ടവരെ കെട്ടിപ്പുണരുമ്പോള്‍, അവര്‍ക്ക് അരികിലാകുമ്പോള്‍ നമുക്ക് സന്തോഷം തോന്നുന്നത്, അതിന് അനുസരിച്ചുള്ള ഹോര്‍മോണ്‍ മാറ്റം വരുന്നതിനാലാണ്. സ്പര്‍ശത്തിലൂടെ ടെൻഷൻ- സമ്മര്‍ദ്ദവുമെല്ലാം അനുഭവപ്പെടുത്തുന്ന 'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണ്‍ കുറയുന്നു. ഇത് നെഞ്ചിടിപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇങ്ങനെയാണ് ഇത് ഹൃദയത്തിന് പ്രയോജനപ്രദമായി വരുന്നത്.
മൂന്ന്...
മറ്റുള്ളവരെ സഹായിക്കുകയോ, മറ്റുള്ളവരോട് കരുണയോടെയോ ദയാപൂര്‍വമോ പെരുമാറുകയോ ചെയ്യുന്ന ശീലവും ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണത്രേ. കാരണം ഈ മനോഭാവമുള്ളവരില്‍ 'ഓക്സിടോസിൻ' എന്ന ഹോര്‍മോണ്‍ നല്ലരീതിയില്‍ കാണാം. ഇതും ബിപി കുറയ്ക്കാൻ സഹായിക്കുകയും അതുവഴി ഹൃദയത്തിന് ഗുണകരമാവുകയും ചെയ്യുന്നു.
നാല്...
മാനസികസമ്മര്‍ദ്ദങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ഹൃദയാരോഗ്യവും അവതാളത്തിലാകാം. അതിനാല്‍ തന്നെ എല്ലാ ജോലിഭാരങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും അല്‍പനേരം അകന്നുനില്‍ക്കാൻ ബോധപൂര്‍വം തന്നെ ശ്രമിക്കണം. ഈ സമയത്ത് വിനോദത്തിനായി ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാം. എങ്ങനെയാണ് ഈ ഇടവേളയെടുക്കാനാവുകയെന്നത് ഓരോ വ്യക്തിയുടെയും പരിസരങ്ങള്‍ക്ക് അനുസരിച്ച് മാറും.
അഞ്ച്...
ദിവസവും സ്ട്രെച്ചിംഗ് ചെയ്യുന്നതും ഹൃദയത്തിന് നല്ലതാണ്. ഇതും ബിപി നിയന്ത്രിക്കുന്നതിന് തന്നെയാണ് സഹായകമാകുന്നത്. അതുപോലെ രക്തയോട്ടം സുഗമമാക്കുന്നതിനും സഹായിക്കുന്നു. ഇതെല്ലാം ഹൃദയത്തിന് ഗുണകരമായി വരുന്നു.
ആറ്...
വ്യക്തികളോടോ, ജീവിത പരിസരങ്ങളോടോ എല്ലാം സ്മരണയോടെയും പോസിറ്റീവായും പ്രതികരിക്കുന്ന മനോഭാവവും ഹൃദയത്തിന് നല്ലതാണത്രേ. കാരണം ഈ മനോഭാവമുള്ളവരില്‍ അതിന് അനുസരിച്ചുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും അനുബന്ധമായ ശാരീരികമാറ്റങ്ങളും കാണുന്നു.
ഏഴ്...
ക്രിയാത്മകമായ പ്രവര്‍ത്തികളിലും വര്‍ക്കുകളിലും പങ്കാളികളാകുന്നതും സജീവമാകുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കാം. ഇതും പരോക്ഷമായി ഹൃദയത്തിന് ഗുണമായി വരുന്നു.
Also Read:- വാശിയുള്ള കുട്ടികളെ എങ്ങനെ മെരുക്കാം? മാതാപിതാക്കള്‍ക്ക് ഇതാ ചില ടിപ്സ്...