
വയറിന്‍റെ ആരോഗ്യം പോയാല്‍ ആകെ ആരോഗ്യം പോയി എന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഇത് വലിയൊരു അളവ് വരെ ശരിയാണെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വയറിന്‍റെ ആരോഗ്യം പ്രശ്നത്തിലാകുമ്പോള്‍ അത് അനുബന്ധമായി ശാരീരികപ്രശ്നങ്ങള്‍ മാത്രമല്ല- മാനസികാരോഗ്യപ്രശ്നങ്ങള്‍ വരെ സൃഷ്ടിക്കുന്നു.
അതിനാല്‍ തന്നെ വയറിന്‍റെ ആരോഗ്യം സംബന്ധിച്ച് എന്തെങ്കിലും അപാകതകളുണ്ടായാല്‍ അത് സമയബന്ധിതമായി തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടതുണ്ട്. ഇതിന് സഹായിക്കുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
അതായത് വയറിന്‍റെ ആരോഗ്യം പ്രതിസന്ധിയിലായാല്‍ ശരീരം അതിന്‍റെ സൂചനകള്‍ നല്‍കാം. ഇങ്ങനെ പ്രകടമാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
1. ഭക്ഷണം കഴിച്ചയുടൻ വയറ്റില്‍ ഗ്യാസ് വന്ന് വീര്‍ക്കുന്നത് പോലുള്ള അവസ്ഥ.
2. കൂടെക്കൂടെ ഏമ്പക്കം വിടുന്നത്.
3. നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും.
4. ഇടവിട്ട് വയറിളക്കം പിടിപെടുന്നത്.
5. ചില ഭക്ഷണങ്ങളോട് അലര്‍ജി.
6. ചര്‍മ്മത്തിലും അലര്‍ജി.
7. ഉറക്കപ്രശ്നങ്ങള്‍.
8. തളര്‍ച്ച.
ഇത്തരം പ്രശ്നങ്ങള്‍ എല്ലാവരും അനുഭവിക്കാറുള്ളത് തന്നെയാണ്. എന്നാലിവ പതിവായാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. ജീവിതശൈലീപ്രശ്നങ്ങള്‍ മുതല്‍ ഗൗരവമായി എടുക്കേണ്ട രോഗങ്ങള്‍ വരെ സൂചിപ്പിക്കുന്നതിനായി ശരീരം കാണിക്കുന്ന സൂചനകളാകാം ഇവ.
ജീവിതശൈലീപ്രശ്നങ്ങള്‍ തന്നെ, നിസാരമായി കണക്കാക്കരുത്. തീര്‍ച്ചയായും ഡയറ്റ്, വ്യായാമം, ഉറക്കം എന്നിവയെല്ലാം ക്രമപ്പെടുത്തുകയും അവയിലെല്ലാം സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യേണ്ടി വരാം. അല്ല എങ്കില്‍ ക്രമേണ ഇത് പല സങ്കീര്‍ണതകളിലേക്കും നമ്മെ നയിക്കുകയും ചെയ്യാം.
വയറിന്‍റെ ആരോഗ്യകാര്യത്തിലേക്ക് വരുമ്പോള്‍ നിര്‍ബന്ധമായും ജാഗ്രത പാലിക്കേണ്ടൊരു വിഷയമാണ് മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ്. അതുപോലെ തന്നെ വിഷാദം- ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങളും. കാരണം ഇവയെല്ലാം വയറിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. നേരെ തിരിച്ച് വയറിന്‍റെ ആരോഗ്യം മോശമാകുന്നത് ഇതുപോലുള്ള രോഗങ്ങളിലേക്ക് വ്യക്തികളെ നയിക്കുകയും ചെയ്യാം.
Also Read:-പുകവലി തിമിരത്തിലേക്ക് നയിക്കുമോ? അറിയേണ്ട കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam