കരളിനെ സംരക്ഷിക്കാനായി ഭക്ഷണത്തിൽ ശ്ര​ദ്ധിക്കേണ്ടത്...

By Web TeamFirst Published Oct 25, 2021, 7:30 PM IST
Highlights

വ്യായാമവും പോഷകങ്ങള്‍ നിറഞ്ഞ നാടന്‍ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മദ്യപാനവും പുകവലിയും ഒഴിവാക്കുക. കൊഴുപ്പും നീര്‍ക്കെട്ടും കുറച്ച് കരളിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ വ്യായാമത്തിനാകും. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം വ്യായാമം ശീലിക്കുക.

മറ്റ് അവയവങ്ങൾ പോലെ തന്നെ പ്രധാനമാണ് കരളിന്റെ ആരോ​ഗ്യവും. ജീവിതശെെലിയിലെ ചില മാറ്റങ്ങൾ കരളിന്റെ ആരോ​ഗ്യത്തെ ​ബാധിക്കാം. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ അരിച്ച് മാറ്റുന്ന അവയവമാണ് കരള്‍.

സ്വാഭാവികമായും മദ്യത്തിലുള്ള വിഷാംശങ്ങളും കരളില്‍ വച്ച് തന്നെയാണ് വിഘടിക്കപ്പെടുന്നതും. അതുകൊണ്ടു തന്നെ മദ്യപാനത്തിന്റെ കുഴപ്പങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നതും കരളിനെയാണ്. മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, പച്ചക്കറികളിലും മറ്റും കലരുന്ന കീടനാശിനികള്‍, ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്‍ച്ചയായ മാനസിക സമ്മർദ്ദം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.

വ്യായാമവും പോഷകങ്ങള്‍ നിറഞ്ഞ നാടന്‍ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മദ്യപാനവും പുകവലിയും ഒഴിവാക്കുക. കൊഴുപ്പും നീര്‍ക്കെട്ടും കുറച്ച് കരളിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ വ്യായാമത്തിനാകും. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം വ്യായാമം ശീലിക്കുക.

വെളുത്തുള്ളിക്കും മഞ്ഞളിനും കരളിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധേയമായ പങ്കുണ്ട്. കരളില്‍ കൊഴുപ്പടിയുന്നതിനെ തടയാന്‍ വെളുത്തുള്ളി ഉത്തമമാണ്. കരളിനെ ബാധിക്കുന്ന അണുബാധയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിക്കാവും. കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനെതിരെ മഞ്ഞള്‍ മികച്ചതാണ് . മിതമായ അളവില്‍ മാത്രം ഇവയെ നിത്യഭക്ഷണത്തില്‍പ്പെടുത്തണം. തക്കാളി, നെല്ലിക്ക, മുരിങ്ങ, തണ്ണിമത്തന്‍ ഇവയും കരളിന് ഗുണകരമാണ്.

ഓട്സിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കരളിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ഓട്സിൽ ബീറ്റ-ഗ്ലൂക്കൻസ് എന്ന സംയുക്തം കൂടുതലാണ്. ഇത് കരളിൽ സംഭരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി കൂടുതലായി അടങ്ങിയിട്ടുണ്ട്. കരളിന്റെ ആരോ​ഗ്യത്തിനായി സിട്രസ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവ കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ‘പോളിഫെനോൾസ്’ എന്ന ആന്റിഓക്‌സിഡന്റുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും കരളിന് കേടുപാടുകൾ വരുത്താതിരിക്കാനും സഹായിക്കുന്നു.

സ്തനാര്‍ബുദം; എങ്ങനെയാണ് സ്തനങ്ങളില്‍ സ്വയം പരിശോധന നടത്തേണ്ടത്!
 

click me!