
സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. എലിപ്പനി, ഡെങ്കിപ്പനി, പകർച്ചപ്പനി എന്നിങ്ങനെ നിരവധി പനികളാണ് ബാധിക്കുന്നത്.
' പനി പടരുന്നതിന് നിരവധി കാരണങ്ങളുണ്ട്. കാലാവസ്ഥ മാറിയതാണ് പ്രധാന കാരണം. മഴ തുടങ്ങിയതോടെ കൊതുക് കൂടി വരികയാണ്. കൊതുക് പരുത്തുന്ന രോഗങ്ങളും പനിയ്ക്ക് കാരണമാകുന്നു. മാമ്പഴം, ചക്ക എന്നിവയുടെ സീസണിലേക്ക് മാറുന്നതോടെ ഈച്ചകൾ കൂടുന്നതും പനി ബാധിക്കുന്നതിന് കാരണമാകും. വിവിധ രോഗങ്ങളാണ് ഈച്ചകൾ വഴി പിടിപെടുന്നത്. മിക്കതും എച്ച്1എൻ1 ഉണ്ടാക്കുന്ന പനിയാണ്. വിശ്രമം എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്താൽ വേഗം തന്നെ പനി ഭേദമാകുന്നു. ജലദോഷം,ദേഹ വേദന, തൊണ്ട വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. അലർജി പ്രശ്നമുള്ളവരിൽ ലക്ഷണങ്ങൾ ഒരു മാസത്തോളം നിൽക്കാം...'- തിരുവനന്തപുരം പേട്ടയിലെ ഹോമിയോപതിക് ഫിസിഷ്യൻ & ക്ലിനിക്കൽ ന്യൂട്രിഷനീസ്റ്റ് ഡോ. രാജേഷ് കുമാർ എൻ.എസ് പറയുന്നു.
'ഡെങ്കിപ്പനിയാണ് ഇപ്പോൾ കൂടുതലായി കണ്ട് വരുന്നത്. കൊതുക് വഴിയാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. ഒരാഴ്ച്ച കഴിഞ്ഞാകും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നത്...' - ഡോ. രാജേഷ് പറയുന്നു.
'ഡെങ്കിപ്പനി ബാധിച്ചാൽ ഭയപ്പെടേണ്ട കാര്യമില്ല. ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാനം. ഡെങ്കിപ്പനി ബാധിച്ചാൽ ചിലരിൽ ഛർദ്ദിൽ ഉണ്ടാകാറുണ്ട്. അത് കൊണ്ട് ഒരുമിച്ച് വെള്ളം കുടിക്കാതെ, ഇടിവട്ട് കുറച്ച് കുറച്ചായി വെള്ളം കുടിക്കുക. അൽപം ഗ്ലൂക്കോസും അൽപം ഉപ്പും ചേർത്തിട്ട് വെള്ളം കുടിക്കുന്നത് ക്ഷീണം അകറ്റുന്നതിന് സഹായിക്കും. അല്ലെങ്കിൽ തണ്ണിമത്തൻ, മാമ്പഴം, ഓറഞ്ച് എന്നിവ ചെറുതായി അരിഞ്ഞിട്ട് വെള്ളം കൂടുതൽ ചേർത്ത് കുടിക്കാവുന്നതാണ്. മാത്രമല്ല ഉപ്പിട്ട കഞ്ഞി വെള്ളം ധാരാളം കുടിക്കുക. ഉച്ചയ്ക്ക് കഞ്ഞി കുടിക്കുന്നതും നല്ലതാണ്. പയർ, കടല എന്നിവ ചേർത്തും കഞ്ഞികഴിക്കാം. മുട്ട കഴിക്കുന്നതും നല്ലതാണ്. കാരണം, പ്രോട്ടീൻ ലഭിക്കുന്നതിന് സഹായിക്കും. ചിക്കനും മീനും കഴിക്കാവുന്നതാണ്. എന്നാൽ റെഡ് മീറ്റ് പരമാവധി ഒഴിവാക്കുക. ഡെങ്കിപ്പനി ബാധിച്ചാൽ രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടത് പ്രധാനമാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് പരിശോധിക്കുക. പ്ലേറ്റ് ലെറ്റ് കൗണ്ട് കൂട്ടാൻ നല്ലതാണ് മാതളം. ദിവസവും രണ്ടോ മൂന്നോ മാതളം കഴിക്കാം. പപ്പായ, കിവിപ്പഴം, ചെറി, തണ്ണിമത്തൻ, സ്ട്രോബെറി എന്നിവയും പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കും...' - ഡോ. രാജേഷ് പറയുന്നു.
Read more വൃക്കയിലെ കാന്‍സര്‍ ; നാല് ഘട്ടങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം