
ചുവന്ന രക്താണുക്കളെ ശരീരത്തിലൂടെ ഓക്സിജൻ കൊണ്ടുപോകാൻ സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് ഇരുമ്പ്. ഇരുമ്പ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ചർമ്മം, മുടി, നഖം എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇരുമ്പിന്റെ അഭാവം അഥവാ അയൺ ഡെഫിഷ്യൻസി ആണ് വിളർച്ചയ്ക്ക് കാരണമാകുന്നത്.
ദേശീയ ആരോഗ്യ പോഷകാഹാര പരീക്ഷാ സർവേയുടെ ഭാഗമായ 12 മുതൽ 21 വരെ പ്രായമുള്ള 3,500 സ്ത്രീകളുടെ ഇരുമ്പിന്റെ അളവ് പരിശോധിച്ചു. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പഠനത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള മുതിർന്നവരുടെയും കുട്ടികളുടെയും ആരോഗ്യനില നിരീക്ഷിക്കുന്നതിനായാണ് ഈ പഠനം നടത്തിയത്. ആ ഗ്രൂപ്പിൽ പങ്കെടുത്തവരിൽ 40% പേർക്കും ഇരുമ്പിന്റെ കുറവുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.
തലച്ചോറിലെ മൂടൽമഞ്ഞ് (ബ്രെയിൻ ഫോഗ്), ക്ഷീണം, തലകറക്കം, ശ്വാസതടസ്സം എന്നിവ ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങളാണെന്ന് പഠനത്തിൽ പറയുന്നു. വിളറിയ ചർമ്മവും ഇരുമ്പിന്റെ കുറവിന്റെ ലക്ഷണമാകാം. രക്തപരിശോധന നടത്തുന്നത് ഇരുമ്പിന്റെ കുറവുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കും.
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും. ഇലക്കറികൾ, ധാന്യങ്ങൾ, ആപ്രിക്കോട്ട്, പ്ളം, ഉണക്കമുന്തിരി, ബീൻസ്, കടല, പയർ തുടങ്ങിയവ ധാരാളം കഴിക്കാൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. കൂടാതെ, ചായ, കാപ്പി, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളിൽ നിന്നോ സപ്ലിമെന്റുകളിൽ നിന്നോ ആവശ്യത്തിന് ഇരുമ്പ് ലഭിക്കാത്ത കുട്ടികൾക്ക് അനീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് സിഡിസി പറയുന്നു. ഇരുമ്പിന്റെ കുറവ് ഹൃദയത്തെയോ ശ്വാസകോശത്തെയോ ബാധിക്കുന്ന സങ്കീർണതകൾ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.
ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടായാൽ പ്രകടമാകുന്ന ലക്ഷണങ്ങൾ...
ക്ഷീണം
വിളറിയ അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള ചർമ്മം
ശ്വാസം മുട്ടൽ
തലകറക്കം
തലവേദന
തണുത്ത കാലുകളും കൈകളും
നഖങ്ങൾ പൊട്ടുന്നത്
മുടി കൊഴിച്ചിൽ
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ആലപ്പുഴയിൽ 15കാരൻ മരിച്ചതിന് പിന്നിൽ ഈ അപൂർവ രോഗം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam