ഡെങ്കിപ്പനി; നിർബന്ധമായും ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

By Web TeamFirst Published Apr 16, 2020, 12:36 PM IST
Highlights
കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. 
സംസ്ഥാനത്ത് കൊവിഡ് ഭീതിക്കിടയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം.  മനുഷ്യരിൽ രോഗാണു പ്രവേശിക്കുന്നതിൽ മുതൽ രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള സമയ ദൈർഘ്യം അഞ്ചോ എട്ടോ ദിവസമാണ്. ഡെങ്കിപ്പനി വരുന്നതോടെ രക്തത്തിന്റെ ടോട്ടൽ കൗണ്ട്, പ്ലേറ്റ്ലെറ്റ് കൗണ്ട് എന്നിവ കുറയുന്നു. ഇതു രോഗിയിൽ വിവിധ തരത്തിലുള്ള രക്തസ്രാവത്തിനു കാരണമാകുന്നു. ഡെങ്കിപ്പനി പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴേ ചേർക്കുന്നു...

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക...

രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങള്‍ നീക്കം ചെയ്ത് വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ പൂര്‍ണമായും ഒഴിവാക്കണം. വീടിനു ചുറ്റുമുള്ള ചിരട്ട, ടിന്‍ തുടങ്ങിയ സാധനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം. വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍ എല്ലാം തന്നെ അടച്ചുവയ്ക്കണം. കിണറുകള്‍ ക്ലോറിനേറ്റു ചെയ്യണം. ഇതുമൂലം ഈഡിസ് കൊതുകിന്റെ പ്രജനനം പൂര്‍ണമായും ഒഴിവാക്കുവാന്‍ കഴിയും.

കൊതുക് കടിയേൽക്കാതെ നോക്കുക...

കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൂട്ടിരുപ്പുകാരര്‍, ബന്ധുക്കള്‍ തുടങ്ങിയ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളില്‍ മാത്രം കിടത്തുവാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ആ രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരിലേക്ക് രോഗം വ്യാപിപ്പിക്കുന്നത് പൂര്‍ണമായും തടയാനാകും. കുട്ടികളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്തണം.

കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക... 

കൊതുകുവല ഉപയോഗിക്കുക. വീടിനുപുറത്തു കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍, ഈതൈല്‍ ടൊളുവാമൈഡ് കലര്‍ന്ന ക്രീമുകള്‍ എന്നിവയെല്ലാം കൊതുകു കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും.

വെള്ളം ധാരാളം കുടിക്കുക...

ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്ന് തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിനു ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക.



 
click me!