
അമ്മയാകുക എന്നത് പലപ്പോഴും മഹത്വവൽക്കരിക്കപ്പെടുന്ന ഒരു ആശയമാണ്. "ലോകത്തിലെ ഏറ്റവും വലിയ സന്തോഷം," "ജീവിതത്തിന്റെ അർത്ഥം," എന്നൊക്കെ കേട്ട് വളർന്നവരാണ് നമ്മൾ. എന്നാൽ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത സന്തോഷങ്ങൾ മാത്രം നിറഞ്ഞ ഒരു മാന്ത്രിക കഥയല്ല അത്. തികച്ചും വ്യക്തിപരമായ, സങ്കീർണ്ണമായ, എന്നാൽ ഏറെ രസകരമായ ഒരു യാത്രയാണ്.
'ഞാനി'ൽ നിന്ന്, മറ്റൊരു ജീവനുവേണ്ടി സമയം കണ്ടെത്തുന്ന, ഉത്തരവാദിത്തങ്ങളിലേക്ക് പതുക്കെ നടന്നടുക്കുന്ന ഒരു 'നമ്മളി'ലേക്കുള്ള മാറ്റം. ഉറക്കമില്ലാത്ത രാത്രികൾ, അകാരണമായ ദേഷ്യം, 'എനിക്കിനി എന്റെ പഴയ ജീവിതം തിരികെ കിട്ടുമോ' എന്ന ആകാംഷ, ഇതെല്ലാം ഈ യാത്രയുടെ ഭാഗമാണ്. മാതൃത്വത്തിന്റെ ഒരു പ്രധാന ഭാഗമാണ് മുലയൂട്ടൽ. മുലയൂട്ടൽ ഒരു മഹത്വവൽക്കരിക്കപ്പെട്ട പ്രവൃത്തി എന്നതിനേക്കാൾ പ്രായോഗികമായ ആവശ്യകതയാണ്.
മുലപ്പാൽ കുഞ്ഞിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഏറ്റവും മികച്ചതാണ്. അതിൽ കുഞ്ഞിനാവശ്യമായ എല്ലാ പോഷകങ്ങളും, രോഗപ്രതിരോധശേഷി നൽകുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. വേറെ ഒരു ഭക്ഷണത്തിനും പകരമാകാൻ കഴിയാത്തത്രയും ഗുണങ്ങൾ അതിലുണ്ട്.എന്നാൽ മുലയൂട്ടൽ അമ്മയുടെ മാത്രം ഉത്തരവാദിത്തമായി കാണുന്ന സമൂഹത്തിൽ ആ പ്രക്രിയ ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.
ചിലപ്പോൾ വേദന ഉണ്ടാകാം, പാൽ കുറവാണോ എന്ന ചിന്ത മനസ്സിനെ അലട്ടാം. അത്തരം സന്ദർഭങ്ങളിൽ 'അയ്യോ പാലില്ല' എന്ന് പറഞ്ഞ് വിഷമിപ്പിക്കാതെ, 'നിനക്ക് ഇഷ്ടമുള്ളപ്പോൾ, സമാധാനമായി മുലയൂട്ടൂ, ഞങ്ങൾ കൂടെയുണ്ട്' എന്ന പിന്തുണ ഉണ്ടാവേണ്ടതുണ്ട്. കാരണം, മുലയൂട്ടൽ അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല, അത് കുഞ്ഞിന്റെയും കുടുംബത്തിന്റെയും കാര്യമാണ്.
മുലയൂട്ടൽ വാരാചരണം
മുലയൂട്ടലിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്നു. ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര ശിശുക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന 'മുലയൂട്ടൽ പ്രവർത്തനങ്ങൾക്കുള്ള ലോക സഖ്യം' ആണ് ഈ ആചരണത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യ ഉൾപ്പെടെ 170-ലധികം രാജ്യങ്ങളിൽ ഈ സംഘടന മുലയൂട്ടലിനെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
മുലയൂട്ടലിന്‍റെ പ്രാധാന്യം: അമ്മയ്ക്കും കുഞ്ഞിനും
പ്രസവിച്ചയുടൻ അമ്മയിൽ ഊറിവരുന്ന കൊളസ്ട്രം എന്ന ഇളംമഞ്ഞ നിറത്തിലുള്ള പാൽ, പോഷകങ്ങളുടെയും ആന്റിബോഡികളുടെയും ഒരു കലവറയാണ്. ഇത് കുഞ്ഞിനെ രോഗാണുക്കളിൽനിന്ന് സംരക്ഷിക്കാനും ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും സഹായിക്കുന്നു.
ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം നൽകുന്നത് കുഞ്ഞിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇത് ടൈപ്പ്-1 പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, ദഹനപ്രശ്നങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, കുഞ്ഞിന്റെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ കൃത്യമായ അളവിൽ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. തലച്ചോറിന്റെയും ബുദ്ധിയുടെയും വികാസത്തിന് ആവശ്യമായ ഘടകങ്ങളും ഇതിൽ സുലഭമാണ്. മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങളിൽ വയറിളക്കം പോലുള്ള അണുബാധകൾ വരാനുള്ള സാധ്യതയും വളരെ കുറവാണ്.
മുലയൂട്ടൽ കുഞ്ഞിന് മാത്രമല്ല, അമ്മയ്ക്കും നിരവധി ഗുണങ്ങൾ നൽകുന്നു.
ഗർഭപാത്രം സാധാരണ നിലയിലാകാനും ഗർഭകാലത്തിനു മുൻപുള്ള ശരീരഭാരത്തിലേക്ക് തിരിച്ചെത്താനും ഇത് സഹായകമാണ്. പ്രസവശേഷമുള്ള അമിത രക്തസ്രാവം, പുതിയ ഗർഭധാരണം, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും മുലയൂട്ടൽ ഒരു പരിധി വരെ സഹായിക്കുന്നു.
മുലയൂട്ടലും തൊഴിലും
ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ തൊഴിൽമേഖലയിൽ സജീവമാണ്. തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദപരമാക്കിയെങ്കിലും ഒരു കുഞ്ഞ് ജനിക്കുമ്പോൾ, മുലയൂട്ടൽ വലിയ വെല്ലുവിളിയായി മാറുന്നു. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം, കുഞ്ഞിന് ആദ്യത്തെ ആറ് മാസത്തേക്ക് മുലപ്പാൽ മാത്രം നൽകണം. കേരള സർക്കാർ ജീവനക്കാർക്ക് കേരള സർവീസ് റൂൾസ് അനുസരിച്ച് 180 ദിവസത്തെ പ്രസവാവധി പൂർണ്ണ ശമ്പളത്തോടെ ലഭിക്കുന്നതാണ്.
ഈ അവധി സ്ഥിരം, താത്കാലിക, കരാർ ജീവനക്കാരായ വനിതാ ഉദ്യോഗസ്ഥർക്കും ബാധകമാണ്. കരാർ ജീവനക്കാരാണെങ്കിൽ, അവധി അവരുടെ കരാർ കാലാവധി കഴിയുന്നതുവരെ മാത്രമേ ലഭിക്കുകയുള്ളൂ. പ്രസവാവധി മറ്റ് അവധികളുമായി ചേർത്ത് എടുക്കാവുന്നതാണ്. എന്നാൽ, അവധി നീട്ടേണ്ടി വന്നാൽ അതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
മറ്റ് സംസ്ഥാനങ്ങളിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പ്രസവാവധി, കേന്ദ്രസർക്കാരിന്റെ മറ്റേണിറ്റി ബെനിഫിറ്റ് ആക്റ്റ്, 1961 അനുസരിച്ച് ഏകീകൃതമാണ്. ഈ നിയമം അനുസരിച്ച്, ആദ്യത്തെ രണ്ട് പ്രസവങ്ങൾക്ക് 26 ആഴ്ച ശമ്പളത്തോടുകൂടിയ അവധി നിർബന്ധമാണ്. മൂന്നാമത്തെ കുട്ടി മുതൽ ഈ അവധി 12 ആഴ്ചയായി കുറയും.
ദത്തെടുക്കുന്ന അമ്മമാർക്കും, വാടക ഗർഭധാരണം വഴി കുഞ്ഞിനെ സ്വീകരിക്കുന്ന അമ്മമാർക്കും 12 ആഴ്ച അവധിക്ക് അർഹതയുണ്ട്.ഈ കേന്ദ്ര നിയമം ഒരു പൊതു മാനദണ്ഡം നൽകുന്നുണ്ടെങ്കിലും, ചില സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തം സർവീസ് റൂൾസ് അനുസരിച്ച് അധിക ആനുകൂല്യങ്ങളോ കൂടുതൽ കാലയളവിലോ ഉള്ള അവധി നൽകാൻ സാധിക്കും. ഉദാഹരണത്തിന്, സിക്കിം സംസ്ഥാനം അതിന്റെ സർക്കാർ ജീവനക്കാർക്ക് ഒരു വർഷം വരെ പ്രസവാവധി നൽകുന്നുണ്ട്.കേരളത്തിലെയും ഇന്ത്യയിലെയും സ്വകാര്യ ജീവനക്കാർക്കും ഈ നിയമം ബാധകമാണ്, അതിനാൽ ഈ ആനുകൂല്യങ്ങൾ അവർക്കും ലഭിക്കേണ്ടതുണ്ട്.
എന്നാൽ കേരളത്തില്‍ നിലവില്‍ 56 ശതമാനം കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് ആറ് മാസം വരെ മുലപ്പാല്‍ മാത്രം ലഭ്യമാക്കുന്നതെന്നും എട്ട് ശതമാനം കുട്ടികള്‍ക്ക് ആദ്യ ദിനത്തില്‍ തന്നെ മുലപ്പാല്‍ അല്ലാതെ മറ്റെന്തെങ്കിലും കൂടി നല്‍കുന്നതായും വിവരങ്ങളുണ്ട്.
സാമൂഹിക പിന്തുണ, വെല്ലുവിളികൾ
ജോലി ചെയ്യുന്ന അമ്മമാർക്ക് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളിയാണ് സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഉണ്ടാകുന്ന സമ്മർദ്ദം. 'എങ്ങനെയാണ് കുഞ്ഞിനെ ഇട്ടിട്ട് ജോലിക്ക് പോകുന്നത്' എന്ന തരത്തിലുള്ള ചോദ്യങ്ങൾ അവരെ മാനസികമായി തളർത്തുന്നു. അമ്മയുടെ കരിയറിനെ പിന്തുണയ്ക്കുന്നതിന് പകരം, കുറ്റപ്പെടുത്തുന്ന ഒരു സാഹചര്യമാണ് പലപ്പോഴും നിലനിൽക്കുന്നത്. ഈ പ്രശ്നം ഒരു സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമായി കാണാതെ, സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്തമായി കാണേണ്ടതുണ്ട്. കുട്ടികളെ നോക്കുന്നത് അച്ഛന്റെയും കൂടെ കടമയാണ്. തൊഴിൽ മേഖലയിലെ പിതൃത്വ അവധികൾ വർദ്ധിപ്പിക്കുകയും അത് ഉപയോഗിക്കാൻ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുകയും വേണം. അതുപോലെ, വീട്ടിലെ ജോലികളിലും കുട്ടികളെ പരിപാലിക്കുന്നതിലും അച്ഛന്മാർ കൂടുതൽ സമയം
കണ്ടെത്തുന്നത് അമ്മമാർക്ക് വലിയ ആശ്വാസമാകും. തൊഴിൽ സ്ഥാപനങ്ങൾ ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിനുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങൾ (ക്രഷുകൾ) സ്ഥാപിക്കുന്നത് ജോലി ചെയ്യുന്ന അമ്മമാർക്ക് വലിയ സഹായമാകും. ഇത് ജീവനക്കാരെ നിലനിർത്താനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ, ചെറിയ വരുമാനമുള്ള അമ്മമാർക്കായി സർക്കാർ തലത്തിൽ സുരക്ഷിതമായ ഡേ കെയർ സംവിധാനങ്ങൾ വ്യാപകമാക്കണം. ജോലി ചെയ്യുന്ന അമ്മമാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.
മുലയൂട്ടലും പമ്പിംഗും
ജോലി ചെയ്യുന്ന അമ്മമാർക്ക് മുലയൂട്ടൽ തുടരുന്നതിന് പമ്പിംഗ് അഥവാ എക്സ്പ്രസ്സിംഗ് ഒരു നല്ല മാർഗ്ഗമാണ്. കുഞ്ഞിന്റെ സഹായമില്ലാതെ പാൽ പുറത്തെടുക്കുന്ന ഈ രീതി വളരെ പ്രയോജനകരമാണ്. ജോലിക്ക് തിരികെ പ്രവേശിക്കുന്നതിന് 1 മുതൽ 1.5 മാസം മുൻപേ പമ്പിംഗ് പരിശീലിച്ചു തുടങ്ങുന്നത് നല്ലതാണ്, ഇത് ശരീരത്തിന് പുതിയ ദിനചര്യയുമായി പൊരുത്തപ്പെടാൻ സഹായിക്കും. ജോലി ചെയ്യുന്ന സ്ഥാപനവുമായി സംസാരിച്ച് പമ്പ് ചെയ്യുന്നതിനായി ഒരു പ്രത്യേക മുറി ആവശ്യപ്പെടാവുന്നതാണ്. കുഞ്ഞിന് നാല് മാസത്തിൽ കൂടുതൽ പ്രായമുണ്ടെങ്കിൽ, പാൽ കൊടുത്തതിന് ശേഷം ഏകദേശം 3-4 മണിക്കൂർ കഴിഞ്ഞ് പമ്പ് ചെയ്യാൻ ശ്രമിക്കുക, ഈ സമയത്ത് സ്തനങ്ങൾ കൂടുതൽ നന്നായി കാലിയാക്കും. ശ്രദ്ധിക്കേണ്ട ഒരു കാര്യം, പമ്പുകൾക്ക് ഒരു കുഞ്ഞിന്റെ സ്വാഭാവികമായ വലിച്ചെടുക്കലിന്റെ അതേ കാര്യക്ഷമതയോടെ പാൽ പുറത്തെടുക്കാൻ കഴിയില്ല എന്നതാണ്,അതിനാൽ പമ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന പാലിന്റെ അളവ് യഥാർത്ഥ പാൽ ഉത്പാദനത്തെ പൂർണ്ണമായി പ്രതിഫലിക്കില്ല. കുഞ്ഞിന് പാൽ നൽകാനായി 4.5 മാസത്തിന് മുകളിൽ പ്രായമുണ്ടെങ്കിൽ കുപ്പിക്ക് പകരം സിപ്പി കപ്പ് പരിഗണിക്കാവുന്നതാണ്. സിലികോൺ കൊണ്ട് നിർമിച്ച പാലടയ് അല്ലെങ്കിൽ പ്രത്യേകമായി നിർമ്മിച്ച കപ്പുകൾ ഉപയോഗിക്കാം.
പമ്പ് ചെയ്ത പാൽ സംഭരിക്കുന്ന വിധം
സാധാരണയായി, കുഞ്ഞിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ശരീരത്തിലെ പാൽ ഉൽപ്പാദനം ക്രമീകരിക്കുന്ന ആദ്യ 6-8 ആഴ്ചകളിൽ പമ്പ് ചെയ്യുന്നത് ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു, കാരണം ഇത് അമിതമായി പാൽ നിറയുന്നതിനും അല്ലെങ്കിൽ അണുബാധയ്ക്കും കാരണമായേക്കാം. പ്രത്യേക സാഹചര്യങ്ങളിൽ മുലയൂട്ടൽ വിദഗ്ദ്ധനുമായി ആലോചിക്കുക. പമ്പ് ചെയ്യുമ്പോൾ, ഫ്ലേഞ്ച് വലുപ്പം ശരിയാണെന്ന് ഉറപ്പാക്കുക, ഇത് വേദന ഒഴിവാക്കാനും പാൽ കാര്യക്ഷമമായി പുറത്തെടുക്കാനും സഹായിക്കും. പമ്പിംഗ് വേദന ഉണ്ടാക്കാൻ പാടില്ല.
മുലപ്പാൽ ശേഖരിക്കുന്ന വിധം
മുലപ്പാൽ ഡിസ്പോസിബിൾ മിൽക്ക് സ്റ്റോറേജ് ബാഗുകളിലോ, കുപ്പികളിലോ, സ്റ്റീൽ പാത്രങ്ങളിലോ സൂക്ഷിക്കുക.റഫ്രിജറേറ്ററിൽ 4 ദിവസം വരെ സൂക്ഷിക്കാം. പാത്രങ്ങൾ റഫ്രിജറേറ്ററിൻ്റെ ഉള്ളിൽ വെക്കുക, വാതിലിൽ വെക്കരുത്.ഓഫീസിൽ, മുലപ്പാൽ ഓഫീസിലെ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. വീട്ടിലേക്ക് കൊണ്ടുപോകാൻ ഐസ് പായ്ക്കുകളുള്ള കൂളർ ബാഗ് ഉപയോഗിച്ച് ഉടൻ തന്നെ റഫ്രിജറേറ്ററിലോ ഫ്രീസറിലോ വെക്കുക.
ഓഫീസിൽ റഫ്രിജറേറ്റർ ഇല്ലെങ്കിൽ, 2-3 ഐസ് പായ്ക്കുകളുള്ള കൂളർ ബാഗ് ഉപയോഗിച്ച് 24 മണിക്കൂറിനുള്ളിൽ റഫ്രിജറേറ്ററിൽ എത്തിക്കുക. രണ്ട് വ്യത്യസ്ത സമയങ്ങളിലെ പാൽ ഒരുമിച്ച് ചേർക്കുന്നതിന് മുമ്പ് ഒരു മുലയൂട്ടൽ വിദഗ്ദ്ധനെ സമീപിക്കുക.
മുലപ്പാൽ ഉപയോഗിക്കുന്ന വിധം
ശേഖരിച്ച പാൽ ഉപയോഗിക്കുമ്പോൾ, ഏറ്റവും പഴക്കമുള്ള പാൽ ആദ്യം ഉപയോഗിക്കുക. ഫ്രീസുചെയ്ത പാൽ റഫ്രിജറേറ്ററിലേക്ക് മാറ്റി രാത്രി മുഴുവൻ വെച്ച് തണുപ്പ് മാറ്റിയെടുക്കാം.പാത്രം ചെറുചൂടുവെള്ളത്തിൽ വെച്ച് പാൽ ചൂടാക്കുക. മുലപ്പാൽ നേരിട്ട് ചൂടാക്കരുത്.തണുപ്പ് മാറിയ പാൽ ഒരിക്കലും വീണ്ടും ഫ്രീസുചെയ്യരുത്.
മുലപ്പാൽ വെറുമൊരു ഭക്ഷണമല്ല, അത് സ്നേഹത്തിൻ്റെയും കരുതലിന്‍റെയും, രോഗപ്രതിരോധശേഷിയുടെയും പകർപ്പാണ്. ആരോഗ്യമുള്ള തലമുറയെയും, അതിലൂടെ മികച്ച സമൂഹത്തെയും വാർത്തെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന പ്രക്രിയ. മുലയൂട്ടൽ ആരോഗ്യച്ചെലവ് കുറയ്ക്കുകയും സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുകയും വൈജ്ഞാനിക വികാസം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ബുദ്ധിപരമായ സാമ്പത്തിക നിക്ഷേപം കൂടിയാണ്.
എഴുതിയത്:
ഡോ. കീർത്തി പ്രഭ,
BDS, ചീഫ് ഡെന്റൽ സർജൻ,
മട്ടന്നൂർ മൾട്ടിസ്‌പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്