
ചർമ്മത്തിന് ഗുണകരമായ വീക്കം കുറയ്ക്കാനുള്ള കഴിവ് കറ്റാർവാഴയ്ക്കുണ്ട്. തലയോട്ടിയിലും സമാനമായ ഗുണഫലങ്ങൾ നൽകാൻ ഇതിന് സാധിക്കും. തലയോട്ടിയിൽ കറ്റാർവാഴ പുരട്ടുന്നത് താരൻ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ വലിയൊരളവോളം ശമിപ്പിക്കാൻ സഹായിക്കും.
തലയോട്ടിയിൽ അമിതമായി എണ്ണമയം ഉണ്ടാകുന്ന പ്രശ്നമുള്ളവർക്ക് കറ്റാർവാഴ സഹായകമാണ്. തലയോട്ടി അമിതമായി വരണ്ടുപോകാതെയും പ്രശ്നം വഷളാക്കാതെയും വൃത്തിയാക്കിക്കൊണ്ട് എണ്ണമയത്തെ സന്തുലിതമായി നിലനിർത്താനുള്ള കഴിവ് കറ്റാർവാഴയ്ക്കുണ്ട്.
കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇവ നിർജീവമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും മുടിക്ക് ആവശ്യമായ പോഷണം നൽകുകയും ചെയ്യുന്നതിലൂടെ മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, മുടി പൊട്ടുന്നതും അമിതമായി കൊഴിയുന്നതും കുറയ്ക്കുകയും ചെയ്യുന്നു.മുടി ആരോഗ്യത്തോടെയിരിക്കുമ്പോൾ തലയോട്ടിയിലെ അസ്വസ്ഥത, മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു. മുടി വളർച്ചയ്ക്കായി കറ്റാർവാഴ ഉപയോഗിക്കേണ്ട വിധം..
ഒന്ന്
3 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ 4 ടേബിൾസ്പൂൺ ആവണക്കെണ്ണയുമായി യോജിപ്പിക്കുക. നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് 2 മുതൽ 3 തുള്ളി വരെ റോസ്‌മേരി എസൻഷ്യൽ ഓയിൽ ചേർക്കുക. എല്ലാം കൂടി നന്നായി യോജിച്ചുകഴിഞ്ഞാൽ, തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. 2 മണിക്കൂർ വരെ വെച്ചതിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക.
രണ്ട്
കറ്റാർവാഴയും ഉലുവയും ചേർന്ന മാസ്ക്കാണ് മറ്റൊന്ന്. 3 ടേബിൾസ്പൂൺ ഉലുവ തലേദിവസം രാത്രി വെള്ളത്തിൽ കുതിർത്തുവെച്ച് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് 3 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ചേർക്കുക. ഇത് തലയോട്ടിയിൽ നന്നായി പുരട്ടി ഒരു മണിക്കൂർ നേരം വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
മൂന്ന്
4 ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിലേക്ക് 3 തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക. ഈ മിശ്രിതം ആദ്യം തലയോട്ടിയിലും പിന്നീട് മുടിയിഴകളിലും പുരട്ടുക. 3 മണിക്കൂറിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam