ഈ വിറ്റാമിന്‍റെ കുറവ് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം...

By Web TeamFirst Published Mar 29, 2024, 5:44 PM IST
Highlights

ചില വിറ്റാമിനുകളുടെ കുറവു മൂലം കണ്ണുകളുടെ ആരോഗ്യം മോശമാകാം. പ്രത്യേകിച്ച് വിറ്റാമിന്‍ എയുടെ കുറവ് കണ്ണിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും.

പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ ഒരു അവയവമാണ് കണ്ണുകള്‍. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ചില വിറ്റാമിനുകളുടെ കുറവു മൂലം കണ്ണുകളുടെ ആരോഗ്യം മോശമാകാം. പ്രത്യേകിച്ച് വിറ്റാമിന്‍ എയുടെ കുറവ് കണ്ണിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. കാരണം കണ്ണിന്‍റെ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ എ പ്രധാനമാണ്. 

രോഗപ്രതിരോധശേഷി കൂട്ടാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിന്‍ എ പ്രധാനമാണ്. വിറ്റാമിന്‍ എയുടെ കുറവ് മൂലം കണ്ണിന്‍റെ കാഴ്ച ശക്തി കുറയാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാനും സാധ്യത ഉണ്ട്. വിറ്റാമിൻ എയുടെ കുറവ് കോർണിയയെ വളരെ വരണ്ടതാക്കുന്നതിലൂടെ അന്ധതയ്ക്ക് കാരണമാകും. അങ്ങനെ റെറ്റിനയ്ക്കും കോർണിയയ്ക്കും കേടുപാടുകൾ സംഭവിക്കാം. കണ്ണുകളുടെ കൺജങ്ക്റ്റിവയിൽ വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടുകളും കുത്തുകളും വിറ്റാമിന്‍ എയുടെ കുറവിനെ സൂചിപ്പിക്കുന്നതാണ്. അതുപോലെ കോര്‍ണിയയില്‍ പുണ്ണ് വരുക ഒപ്പം കണ്ണില്‍ ചുവപ്പ്, വേദന, കാഴ്ച പ്രശ്നങ്ങൾ എന്നിവയും ഇതിന്‍റെ സൂചനകളാണ്. കണ്ണുകള്‍ ഡ്രൈ ആവുക,  കണ്ണിന് ചൂട് അനുഭവപ്പെടുന്നതുമൊക്കെ വിറ്റാമിന്‍ എയുടെ കുറവു മൂലം ഉണ്ടാകുന്നതാണ്. 

വിറ്റാമിന്‍ എയുടെ കുറവ് മൂലം പ്രതിരോധശേഷി ദുര്‍ബലപ്പെടാനും എപ്പോഴും അണുബാധകള്‍ ഉണ്ടാകാനും കാരണമാകും. അതുപോലെ ചര്‍മ്മം വരണ്ടതാകുക, കുട്ടികളിൽ അസ്ഥികളുടെ വളർച്ച മന്ദഗതിയിലാകുക തുടങ്ങിയവയൊക്കെ ഉണ്ടാകാം. വിറ്റാമിന്‍ എയുടെ കുറവ് മൂലം നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാനും എല്ലുകളുടെ ആരോഗ്യം മോശമാകാനും സാധ്യതയുണ്ട്. മുറുവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയും വിറ്റാമിന്‍ എയുടെ കുറവ് മൂലം ഉണ്ടാകാം. 

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍...

ക്യാരറ്റ്, ചീര, മറ്റ് ഇലക്കറികള്‍, മധുരക്കിഴങ്ങ്, തക്കാളി, ബ്രൊക്കോളി, മാമ്പഴം, പപ്പായ, തണ്ണിമത്തന്‍, പേരയ്ക്ക, ആപ്രിക്കോട്ട്, മുട്ട, പാല്‍, സാല്‍മണ്‍ ഫിഷ് തുടങ്ങിയവയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം കലോറി കുറഞ്ഞ ഈ ആറ് പാനീയങ്ങൾ...

youtubevideo

click me!