വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ശീലിക്കല്ലേ; എല്ലിനും പല്ലിനുമടക്കം കോട്ടം വരാം...

By Web TeamFirst Published Oct 26, 2022, 4:59 PM IST
Highlights

വൈറ്റമിൻ-ഡിയുടെ ചില ധര്‍മ്മങ്ങളെ കുറിച്ചും വൈറ്റമിൻ-ഡി കാര്യമായ അളവില്‍ കുറയുമ്പോള്‍ അത് നമ്മളെ എങ്ങനെ ബാധിക്കുമെന്നും അതിനെന്താണ് പരിഹാരമെന്നുമാണ് ഇനി വിശദീകരിക്കുന്നത്. 

നമ്മുടെ ശരീരത്തിന് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നോട്ട് പോകാൻ സാധിക്കണമെങ്കില്‍ പലതരത്തിലുള്ള പോഷകങ്ങളും ആവശ്യമാണ്. വൈറ്റമിനുകള്‍ ഇക്കൂട്ടത്തില്‍ ഏറെ പ്രധാനമാണ്. വൈറ്റമിൻ-എ, ബി1, ബി2, ബി3, സി, ഡി, ഇ, കെ എന്നിവയാണ് നമുക്ക് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍. 

ഇതില്‍ ഓരോ വൈറ്റമിനുകള്‍ ഓരോ തരം ധര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇവയുടെ സ്രോതസുകളും പലതാണ്. വൈറ്റമിൻ-ഡിയുടെ ചില ധര്‍മ്മങ്ങളെ കുറിച്ചും വൈറ്റമിൻ-ഡി കാര്യമായ അളവില്‍ കുറയുമ്പോള്‍ അത് നമ്മളെ എങ്ങനെ ബാധിക്കുമെന്നും അതിനെന്താണ് പരിഹാരമെന്നുമാണ് ഇനി വിശദീകരിക്കുന്നത്. 

വൈറ്റമിൻ- ഡി സഹായിക്കുന്നത്...

വൈറ്റമിൻ-ഡി നമ്മുടെ എല്ലുകളെ ബലപ്പെടുത്തുന്നതിനായാണ് കാര്യമായും സഹായകമാകുന്നത്. എല്ലുകള്‍ക്കൊപ്പം തന്നെ പേശികള്‍, പല്ല് എന്നിവയുടെ ആരോഗ്യത്തിനും വൈറ്റമിൻ -ഡി ആവശ്യമാണ്. 

രോഗ പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുക, വാതരോഗത്തെ ചെറുക്കുക, ടൈപ്പ്- 2 പ്രമേഹം- ഹൃദ്രോഗങ്ങള്‍- ചില ക്യാൻസറുകള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുക, ബിപി നിയന്ത്രിക്കുക, നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുക തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ വൈറ്റമിൻ- ഡി നമുക്ക് സഹായകമായി വരുന്നു. 

വൈറ്റമിൻ-ഡിയുടെ സ്രോതസുകള്‍...

സൂര്യപ്രകാശമാണ് ഇതിന്‍റെയൊരു പ്രധാന സ്രോതസായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ സൂര്യപ്രകാശത്തിലൂടെ മാത്രമായി നമുക്ക് ആവശ്യമായ വൈറ്റമിൻ- ഡി ലഭ്യമാകണമെന്നില്ല. ബാക്കി ഭക്ഷത്തിലൂടെ തന്നെയാണ് നാം കണ്ടെത്തേണ്ടതും. എങ്കിലും പ്രകൃതിദത്തമായി സൂര്യപ്രകാശത്തിലൂടെ തന്നെ അല്‍പം അളവില്‍ വൈറ്റമിൻ -ഡി ലഭ്യമാക്കാൻ ശ്രമിക്കണം. 

പൊതുവെ വീട്ടില്‍ നിന്ന് തീരെ പുറത്തിറങ്ങാത്ത ആളുകള്‍ കാണും. ഇത്തരക്കാര്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ പിറകില്‍ തന്നെയായിരിക്കും. 

ഭക്ഷണത്തിലൂടെ ആണെങ്കില്‍ ഓയിലി ആയ മീനുകള്‍- മത്തി, സാല്‍മണ്‍, അയല പോലുള്ളവ, റെഡ് മീറ്റ് (പോത്തിറച്ചി- ആട്ടിറച്ചി പോലുള്ളവ), കരള്‍, മുട്ടയുടെ മഞ്ഞക്കരു. ചില പാലുത്പന്നങ്ങള്‍, കൂണ്‍ എന്നിങ്ങനെയുള്ള ഭക്ഷണങ്ങളെല്ലാം കഴിക്കാം. 

വൈറ്റമിൻ -ഡി കുറയുമ്പോള്‍...

ആദ്യമേ സൂചിപ്പിച്ചത് പോലെ വൈറ്റമിൻ-ഡി നമ്മുടെ ശരീരത്തിന് പലവിധത്തില്‍ സഹായകമാണ്. അതുകൊണ്ട് തന്നെ ഇതിന്‍റെ കുറവ് കാര്യമായ പ്രശ്നങ്ങളിലേക്ക് നയിക്കാം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം ക്ഷയിക്കുന്നതിന് തൊട്ട് വിഷാദരോഗം വരെയുള്ള പ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം. 

എല്ലും പല്ലും പൊട്ടുന്നത്, ആരോഗ്യം ക്ഷയിച്ച് ഇവ മൃദുലമായി വരുന്നത് പോലുള്ള പ്രശ്നങ്ങളെല്ലാം നേരിടാം. പ്രമേഹം, ബിപി, ചില ജനിതക രോഗങ്ങള്‍ എന്നിവയിലേക്കെല്ലാം ഇത് ക്രമേണ നമ്മെ നയിക്കാം.

പരിഹാരം...

നേരത്തെ സൂചിപ്പിച്ചത് പോലെ ദിവസവും അല്‍പസമയമെങ്കിലും സൂര്യപ്രകാശമേല്‍ക്കാൻ ശ്രമിക്കണം. രാവിലെ പത്ത് മുതല്‍ വൈകീട്ട് മൂന്ന് മണി വരെയുള്ള സമയത്തിനുള്ളിലാണ് സൂര്യപ്രകാശമേല്‍ക്കേണ്ടത്. ചൂട് കൂടുതലുള്ള കാലാവസ്ഥകളില്‍ ഈ സമയത്ത് നേരിട്ട് വെയിലില്‍ നില്‍ക്കാതെ കരുതുകയും വേണം. 

ഇതിനൊപ്പം തന്നെ ഡയറ്റിലും ശ്രദ്ധ വേണം. വൈറ്റമിൻ-ഡി കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇതിലൂടെയൊന്നും ആവശ്യമായ അളവില്‍ വൈറ്റമിൻ-ഡി ലഭിക്കുന്നില്ലെന്നുണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ തന്നെ സപ്ലിമെന്‍റുകളും നിര്‍ദേശിക്കും. ഇവയും കഴിക്കാം.

Also Read:- ഉന്മേഷമില്ലായ്മയും വിഷാദവും മുടികൊഴിച്ചിലും ; നിര്‍ബന്ധമായും പരിശോധിക്കേണ്ടത്...

click me!