Asianet News MalayalamAsianet News Malayalam

ഉന്മേഷമില്ലായ്മയും വിഷാദവും മുടികൊഴിച്ചിലും ; നിര്‍ബന്ധമായും പരിശോധിക്കേണ്ടത്...

എപ്പോഴും ഉന്മേഷില്ലായ്മ അനുഭവപ്പെടുക. ജോലികള്‍ ഏറ്റെടുത്ത് ചെയ്യാൻ മടി, വിഷാദം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍. ഒപ്പം തന്നെ മുടി കൊഴിച്ചില്‍- മുടി വളര്‍ച്ച മുരടിച്ചുനില്‍ക്കല്‍, ചര്‍മ്മത്തില്‍ വിവിധ പ്രശ്നങ്ങള്‍ എന്നിവയെല്ലാം കാണുന്നുവെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ടൊരു കാര്യമാണ് വൈറ്റമിൻ -ഡിയുടെ അളവ്.

vitamin d deficiency may lead to hair fall and skin problems
Author
First Published Oct 12, 2022, 8:09 PM IST

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളിലെയും കുറവുകള്‍ തന്നെ നമ്മെ പ്രതികൂലമായി ബാധിക്കാം. എന്നാല്‍ പലപ്പോഴും ഇക്കാര്യങ്ങള്‍ സമയബന്ധിതമായി നമുക്ക് തിരിച്ചറഫിയാനോ പരിഹരിക്കാനോ സാധിക്കണമെന്നില്ല. അത്തരത്തിലൊരു പ്രശ്നത്തെ കുറിച്ചാണിനി സൂചിപ്പിക്കുന്നത്. 

എപ്പോഴും ഉന്മേഷില്ലായ്മ അനുഭവപ്പെടുക. ജോലികള്‍ ഏറ്റെടുത്ത് ചെയ്യാൻ മടി, വിഷാദം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍. ഒപ്പം തന്നെ മുടി കൊഴിച്ചില്‍- മുടി വളര്‍ച്ച മുരടിച്ചുനില്‍ക്കല്‍, ചര്‍മ്മത്തില്‍ വിവിധ പ്രശ്നങ്ങള്‍ എന്നിവയെല്ലാം കാണുന്നുവെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ടൊരു കാര്യമാണ് വൈറ്റമിൻ -ഡിയുടെ അളവ്.

പല വൈറ്റമിനുകളും നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്. ഇവയിലേതെങ്കിലും ഒന്ന് കുറഞ്ഞാല്‍ തന്നെ ക്രമേണ അത് നമ്മെ ബാധിക്കാം. വൈറ്റമിൻ-ഡി ആണെങ്കില്‍ ഒരുപാട് പ്രധാനപ്പെട്ട ധര്‍മ്മങ്ങളില്‍ പങ്കാളിയാകുന്ന ഘടകമാണ്. 

ശരീരത്തില്‍ കാത്സ്യത്തിന്‍റെ അളവ് നിലനിര്‍ത്തുന്നതിനാണ് ഇത് കാര്യമായും സഹായിക്കുന്നത്. അതായത് എല്ലുകളുടെ ആരോഗ്യം പിടിച്ചുനിര്‍ത്തുന്നതിന് വൈറ്റമിന്‍-ഡി നിര്‍ബന്ധമായും കിട്ടിയിരിക്കണം എന്ന് സാരം. എന്നാല്‍ വൈറ്റമിന്‍- ഡിയുടെ കുറവ് എല്ലുകളെ മാത്രമല്ല ബാധിക്കുന്നത്. രോഗ പ്രതിരോധവ്യവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കാം. അതിനാല്‍ തന്നെ ഇടയ്ക്കിടെ അസുഖങ്ങള്‍ പിടിപെടുന്നത് പതിവാകാം. ഇതിനൊപ്പം എല്ലായ്പോഴും തളര്‍ച്ചയും ഊര്‍ജ്ജമില്ലായ്മയും അനുഭവപ്പെടാം. 

ഗര്‍ഭിണികളിലും ഇത് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് കാരണമാകുക. ചിലരില്‍ സ്തനാര്‍ബുദം- പ്രോസ്റ്റേറ്റ് ക്യാൻസര്‍, മലാശയ അര്‍ബുദം എന്നീ ക്യാൻസര്‍ രോഗങ്ങളിലേക്കെല്ലാം നയിക്കുന്നതില്‍ കാര്യമായ വൈറ്റമിൻ-ഡി അഭാവം പങ്കുവഹിക്കാം. 

ചര്‍മ്മവുമായും മുടിയുടെ ആരോഗ്യവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളും വൈറ്റമിൻ-ഡിയുടെ കുറവ് ഉണ്ടാക്കാം. മുടി കൊഴിച്ചില്‍ പതിവാകാം. എത്ര ശ്രദ്ധിച്ചാലും സ്കിൻ കെയര്‍ പ്രോഡക്ടുകളുപയോഗിച്ചാലുമെല്ലാം ഇത് പരിഹരിക്കാൻ സാധിക്കില്ല. അതുപോലെ തന്നെ മുഖക്കുരു, ചര്‍മ്മത്തിന് എളുപ്പത്തില്‍ പ്രായം തോന്നിക്കുന്ന അവസ്ഥയെല്ലാം വൈറ്റമിൻ-ഡിയുടെ കുറവ് ഉണ്ടാക്കാം. 

ഇതിനെല്ലാം പുറമെ മാനസികാരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കാം. മൂഡ് ഡിസോര്‍ഡര്‍,വിഷാദം പോലുള്ള പ്രശ്നങ്ങളെല്ലാം ഇങ്ങനെ ഉണ്ടാകാം. 

വൈറ്റമിൻ- ഡി സൂര്യപ്രകാശത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നുമാണ് പ്രധാനമായും നമുക്ക് ലഭിക്കുന്നത്. അതിനാല്‍ ഈ രണ്ട് രീതിയിലും വൈറ്റമിൻഡ -ഡി പ്രകൃതിദത്തമായി ലഭ്യമാക്കാൻ ശ്രദ്ധിക്കുക. ഇതില്‍ എന്തെങ്കിലും കുറവ് സംഭവിച്ചതായി തോന്നിയാല്‍ സപ്ലിമെന്‍റ്സ് എടുക്കാവുന്നതാണ്. എന്നാല്‍ സപ്ലിമെന്‍റ്സ് എടുക്കും മുമ്പ് നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതുണ്ട്. 

Also Read:- 'സ്കിൻ' അടിപൊളിയാക്കാം; ഭക്ഷണത്തില്‍ ഈ ഏഴ് കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ...

Follow Us:
Download App:
  • android
  • ios