വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയതിന് കാരണം വന്യജീവികളുമായുള്ള ഇടപെടലെന്ന് ഗവേഷകര്‍

By Web TeamFirst Published Apr 9, 2020, 9:27 PM IST
Highlights

വന്യജീവികളുമായുള്ള മനുഷ്യരുടെ  ഇടപെടലാണ് കൊവിഡ് 19 പോലുള്ള വൈറസുകള്‍ മനുഷ്യരിലേക്ക് പടരാന്‍ കാരണമെന്ന് ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍. 

വന്യജീവികളുമായുള്ള മനുഷ്യരുടെ  ഇടപെടലാണ് കൊവിഡ് 19 പോലുള്ള വൈറസുകള്‍ മനുഷ്യരിലേക്ക് പടരാന്‍ കാരണമെന്ന് ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍. വവ്വാല്‍, കുരങ്ങുവര്‍ഗത്തില്‍പ്പെട്ട ജീവികള്‍, കരണ്ടുതിന്നുന്ന ജീവികള്‍ എന്നിവയാണ് 75 ശതമാനം വൈറസുകളുടെയും വാഹകരെന്നാണ് 'പ്രൊസീഡിങ്‌സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബ്രിട്ടന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. 

മനുഷ്യര്‍ വന്യമൃഗങ്ങളെ വേട്ടയാടാനും കൃഷിചെയ്യാനും നഗരങ്ങളില്‍ താമസമുറപ്പിക്കാനും ആരംഭിച്ചതാണ് വൈറസുകള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കെത്താന്‍ കാരണമായതെന്നും ഗവേഷകര്‍ പറയുന്നു. 42 ഇനം വൈറസുകളാണ് ഇത്തരത്തില്‍ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. 

വവ്വാലുകള്‍മാത്രം സാര്‍സ്, എബോള, നിപ, മാര്‍ബര്‍ഗ് എന്നീ രോഗങ്ങള്‍ പരത്തുന്നുണ്ട്. ഭൂരിഭാഗം രോഗങ്ങളും മനുഷ്യരിലേക്കെത്താനുള്ള കാരണം വന്യജീവികളുടെ മാംസക്കച്ചവടവും അവയുടെ കയറ്റുമതിയും ആണെന്നും പഠനം വ്യക്തമാക്കുന്നു. ദ ഗാര്‍ഡിയനും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

click me!