'അമേരിക്കയില്‍ മാസ്ക് പോലും കിട്ടാനില്ല, അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കൊവിഡ്'; മലയാളി യുവതിയുടെ കുറിപ്പ്

By Web TeamFirst Published Apr 9, 2020, 7:42 PM IST
Highlights

ലോകത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് അമേരിക്ക. യുഎസിൽ മാത്രം  4 ലക്ഷത്തിലേറെ രോഗികളാണ് ഇപ്പോഴുള്ളത്. ഒറ്റദിവസം 1900 ജീവൻ അപഹരിച്ച് കൊവിഡ് യുഎസിനെ വരിഞ്ഞുമുറുക്കി എന്നു തന്നെ പറയേണ്ടി വരും.

ലോകത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് അമേരിക്ക. യുഎസിൽ മാത്രം 4 ലക്ഷത്തിലേറെ രോഗികളാണ് ഇപ്പോഴുള്ളത്. ഒറ്റദിവസം 1900 ജീവൻ അപഹരിച്ച് കൊവിഡ് യുഎസിനെ വരിഞ്ഞുമുറുക്കി എന്നു തന്നെ പറയേണ്ടി വരും. ആ അമേരിക്കയിലെ ദുരവസ്ഥ പറയുന്ന  ഒരു മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിക്കാഗോയിൽ താമസിക്കുന്ന അച്ഛനും അമ്മയ്ക്കും സഹോദരിക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് സിന്‍സി അനില്‍ പറയുന്നു.

തോൾ എല്ലിനു പൊട്ടൽ ഉണ്ടായി ലീവിലായിരുന്ന ചേച്ചിക്ക് ആശുപത്രിയിൽ ജോലിക്ക് കയറേണ്ടി വന്നുവെന്നും മാസ്ക് ലഭിക്കാത്തിനാൽ തൂവാല കൊണ്ട് മുഖം മറച്ചാണ് അവിടെയുള്ള  ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത് എന്നും സിന്‍സി പറയുന്നു. 

സിന്‍സിയുടെ പോസ്റ്റ് വായിക്കാം...

ഭയപ്പെട്ട പോലെ.. പ്രതീക്ഷിച്ച പോലെ... അമേരിക്കയിൽ ചിക്കാഗോ യിൽ എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു....

അമേരിക്ക എന്ന സമ്പന്ന രാജ്യത്തു മാസ്ക് കിട്ടാനില്ലാതെ വെറും തൂവാല കൊണ്ട് മുഖം മറച്ചു ജോലിക്ക് പോയ അനേകായിരം ആരോഗ്യപ്രവർത്തകരുടെ കൂടെ എന്റെ പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു.. അവിടെ നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ...ഹോസ്പിറ്റലിലെ നനഞ്ഞ ഫ്ലോറിൽ കാലു തെന്നി വീണ് തോൾ എല്ലിന് പൊട്ടൽ ഉണ്ടായി ലീവ് ൽ ആയിരുന്ന ചേച്ചിക്ക് ഹോസ്പിറ്റലിൽ ജോലിക്ക് കയറേണ്ടതായി വന്നത് ഈ മഹാമാരിയുടെ അതിവ്യാപനം കൊണ്ടാണ്...

അഭിമാനത്തോടെ ആണ് അവരെ ഇതുവരെ ഓർത്തിരുന്നത്... ഇന്ന് നെഞ്ചിടിപ്പോടെ മാത്രമേ ഓർക്കാൻ ആകുന്നുള്ളു.. കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ എവിടെയോ ആർക്കൊക്കെയോ സംഭവിച്ച മഹാമാരി എന്റെ വീട്ടിലും കയറി കൂടി എന്നതുമായി ഞാനും പൊരുത്തപ്പെട്ടു തുടങ്ങി... ഏതു കാര്യവും നമുക്ക് സംഭവിക്കുമ്പോൾ ആണല്ലോ അതിന്റെ ഭീകരത അറിയാൻ സാധിക്കൂ...

ഇതുപോലൊരു പകർച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവൻ ഇന്ന് ഭീഷണിയിലായിരിക്കുന്നത്.. മുന്നറിയിപ്പുകളെ വകവയ്ക്കാതെ തന്റെ തെരഞ്ഞെടുപ്പു മാത്രം മുന്നിൽ കണ്ടു കോവിഡ് 19 നെ ചൈനീസ് വൈറസ് എന്ന് കളിയാക്കിയ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് നു കളി കൈ വിട്ട് പോയി എന്ന് മനസിലായത് അനേകം ജീവനുകൾ ഈ ഭൂമി വിട്ട് പോയതിനു ശേഷം ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു...

ഇന്ന് മാസ്കുകളും ഉപകരണങ്ങളും പണം വാരി എറിഞ്ഞു പിടിച്ചെടുക്കുന്നു..മറ്റു രാജ്യങ്ങളോട് അപേക്ഷിക്കുന്നു...ഭീഷണിപ്പെടുത്തുന്നു..കളിയിൽ തോറ്റു പോകുമെന്ന് ഉറപ്പായ ഒരു കുഞ്ഞിന്റെ മനോവികാരത്തോടെ ഒരു രാജ്യത്തിന്റെ അധികാരി പെരുമാറുന്നത് കണ്ട്‌ ഇതാണോ അമേരിക്ക എന്ന് ചോദിക്കാത്ത ആളുകൾ ഉണ്ടാവില്ല...

സ്വന്തം ജനതയെക്കാൾ സമ്പത്തിനു പ്രാധാന്യം നൽകുന്ന രാജാവ്...ലോക്ക് ഡൌൺ പിൻവലിക്കാൻ പല ശ്രമങ്ങളും നടത്തി... കൈ കഴുകുക മാസ്ക് വയ്ക്കുക ജോലിക്ക് പോവുക...ആയിരങ്ങൾ മരിച്ചു വീണപ്പോഴും new york ശവപ്പറമ്പ് ആയപ്പോഴും അദ്ദേഹത്തിന് ജനത്തോട് പറയാൻ ഇതേ ഉണ്ടായിരുന്നുള്ളു...

എന്റെ മാതാപിതാക്കൾക്കും സഹോദരിക്കും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച അന്ന് മുതൽ പാരസെറ്റമോൾ മാത്രമാണ് മരുന്നായി കൊടുത്തിട്ടുള്ളത്....വീട്ടിൽ മുറി അടച്ചിരിക്കാൻ ഉള്ള നിർദ്ദേശം മാത്രമാണ് ഉണ്ടായത്... .മറ്റൊരു മരുന്നിനും യാതൊരു നിർവാഹവും ഇല്ല...അച്ഛനും അമ്മയും പ്രമേഹവും രക്തസമ്മർദ്ദവും ഉള്ള ആളുകളാണ്.. സ്ഥിരം കഴിക്കുന്ന മരുന്നുകൾ കിട്ടാതെ വന്നാൽ അവരുടെ ആരോഗ്യത്തെ അത് ബാധിക്കും...ന്യൂ ജേഴ്‌സി ഉള്ള ഒരു കസിൻ മെഡിസിൻ എത്തിക്കാമെന്ന് അറിയിച്ചിരുന്നു... 4 ദിവസം ആയിട്ടും അത് കിട്ടിയിട്ടില്ല... ലോക്ക് ഡൌൺ കാരണം ആണെന്ന് മനസിലാക്കുന്നു..

ഞാൻ മനസിലാക്കിയത് പ്രായമായവരെ ചികിൽസിക്കാൻ ഒന്നും അമേരിക്കക്കു താല്പര്യമില്ല.. social security കൊടുക്കേണ്ട... കുറെ ആളുകൾ ഇതിന്റെ പേരിൽ നഷ്ടപ്പെട്ടാൽ രാജ്യത്തിനു ലാഭം മാത്രം.. നഷ്ടം ലവലേശം ഇല്ല...ശ്വാസം കിട്ടാതെ വന്നാൽ ആംബുലൻസ് വിളിച്ചാൽ മതി.. 5 minute കൊണ്ട് ഹോസ്പിറ്റലിൽ എത്തും.... അങ്ങനെ എത്തുന്ന രോഗിയെ ventilate ചെയ്യും... intubate ചെയ്യും..ആരോഗ്യമുള്ള ചെറുപ്പക്കാർ ആണേൽ കയറി പോരും...പ്രായമുള്ളവർ രോഗികൾ ആണെങ്കിൽ പിന്നീട് സംഭവിക്കുന്നത് ഒന്നും ചിന്തിക്കാനും പറയാനും വയ്യ....

ജനങ്ങൾക്ക്‌ ആത്മവിശ്വാസം നൽകുന്നതിൽ രാജാവ് പരാജയപെട്ടു എന്ന് പറയാതെ വയ്യ.. എന്റെ മാതാപിതാക്കളോട് സംസാരിക്കുമ്പോൾ അവരുടെ ഓരോ ആശങ്കകൾ ആണ് അതിനു തെളിവ്...എന്റെ 33 വയസ്സിനിടയ്ക്കു ഇതുപോലൊരു വെല്ലുവിളി ഞാൻ നേരിട്ടട്ടില്ല... എങ്കിലും അവര് ഈ വിപത്തിൽ നിന്നും രെക്ഷപെടുമെന്നു ഞാൻ പൂർണമായും വിശ്വസിക്കുന്നു...ഞങ്ങൾ അപ്പൻ അമ്മ മക്കൾ.. ഈ നാലുപേരിൽ ഒരാൾ ഞാൻ...ഞാൻ മാത്രം... കാതങ്ങൾക്ക് അകലെ ഇങ്ങനെ ഒറ്റയ്ക്ക് ആയപ്പോൾ.... അവര് രക്ഷപെടും എന്ന് വിശ്വസിക്കാൻ മാത്രം ആണ് എനിക്ക് ഇഷ്ടം..

Hippa act എന്നൊരു act അവിടെ നിലവിൽ ഉണ്ടെന്നു കേട്ടു... അതാണ് ആരോഗ്യപ്രവർത്തകരെ ഈ ബാധ സാരമായി ബാധിക്കുന്നതിന്റെ കാരണം എന്നും കേട്ടു.. ആരോഗ്യപ്രവർത്തകർ തമ്മിൽ തമ്മിൽ പറയാൻ പാടില്ല കോവിഡ് ബാധിച്ചിരിക്കുന്നു എന്ന്...അതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്.. അറിയുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു...

ചിക്കാഗോ യിലെ മലയാളികൾ അല്ലെങ്കിൽ ഏതെങ്കിലും സംഘടനയുടെ ഭാരവാഹികൾ ഇത് വായിക്കുമെങ്കിൽ ഒരു msg ഇടുമെന്നു പ്രതീക്ഷിക്കുന്നു.. എന്‍റെ എല്ലാ സുഹൃത്തുക്കളുടെയും പ്രാർത്ഥനകളിൽ എന്റെ കുടുംബാംഗങ്ങളെയും ഓർക്കണേ...

click me!