ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാന്‍ ഈ കാര്യങ്ങള്‍ ചെയ്തോളൂ...

By Web TeamFirst Published Jul 13, 2020, 4:39 PM IST
Highlights

കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനമാണ്. പ്രതിരോധശേഷി കൂടിയ ആളുകള്‍ക്ക് രോഗങ്ങളെ ചെറുത്ത് നിൽക്കാന്‍ സാധിക്കും. 

ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള തീവ്ര ശ്രമത്തിലാണ് നാം.  സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് നാം ഇന്ന് നയിക്കുന്നത്. മാസ്ക് ധരിക്കുക, കൈകള്‍ വൃത്തിയായി കഴുകുക തുടങ്ങിയവയാണ് കൊറോണ വൈറസ് വ്യാപനം തടയാനായി നാം ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍. ഇത്തരത്തില്‍ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം വ്യക്തിശുചിത്വവും ഭക്ഷണ രീതിയുമൊക്കെയാണ്. 

കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനമാണ്. പ്രതിരോധശേഷി കൂടിയ ആളുകള്‍ക്ക് രോഗങ്ങളെ ചെറുത്ത് നിൽക്കാന്‍ സാധിക്കും. ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഭക്ഷണം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രതിരോധശേഷി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഇക്കാലത്ത് വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയ പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.  പ്രോട്ടീന്‍ അടങ്ങിയ ഇലക്കറികളും പച്ചക്കറികളും ഒപ്പം മുട്ട, ചിക്കന്‍ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെതന്നെ, ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. 

രണ്ട്...

വെള്ളം ധാരാളം കുടിക്കുക. സാധാരണ ആരോഗ്യസ്ഥിതിയുള്ളവർ ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വരെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

മൂന്ന്...

അടുത്തത് വ്യായാമം ആണ്. ഓരോരുത്തർക്കും അനുയോജ്യമായ വ്യായാമ രീതികള്‍ ചെയ്യാം. വ്യായാമം ചെയ്യുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വീടിനു ചുറ്റും നടക്കാം, അതുപോലെ വീടിനുള്ളില്‍ ഇരുന്നുചെയ്യാന്‍ പറ്റുന്ന വ്യായാമമുറകളും ശീലിക്കാം. 

നാല്...

പല കാരണങ്ങള്‍ കൊണ്ടും ചിലരില്‍ ചെറിയ തോതില്‍ എങ്കിലും വിഷാദമോ മറ്റ് മാനസിക പിരിമുറുക്കങ്ങളോ ഉണ്ടാകാം. ഇത്തരം മാനസിക പിരിമുറുക്കം മറികടക്കാൻ യോഗ, മെഡിറ്റേഷൻ എന്നിവയ്ക്കായി ദിവസവും കുറച്ച് സമയം മാറ്റിവയ്ക്കാം. 

അഞ്ച്...

പ്രതിരോധശേഷി കൂട്ടാനുള്ള നല്ലൊരു മരുന്നാണ് ഉറക്കം. പ്രായപൂർത്തിയായ ഒരു വ്യക്തി ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാത്രി കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് നിങ്ങളുടെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

Also Read: ഉറക്കം കുറവാണോ? കാത്തിരിക്കുന്നത് എട്ട് ആരോഗ്യ പ്രശ്നങ്ങള്‍...

click me!