Asianet News MalayalamAsianet News Malayalam

ഉറക്കം കുറവാണോ? കാത്തിരിക്കുന്നത് എട്ട് ആരോഗ്യ പ്രശ്നങ്ങള്‍...

ക്ഷീണം തോന്നുന്നതും പെട്ടെന്ന് ജലദോഷവും പനിയും പിടിക്കുന്നതും ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതു കൊണ്ടാണ് എന്നാണ് പല പഠനങ്ങളും പറയുന്നത്. 

Risks Associated With Sleep Deprivation
Author
Thiruvananthapuram, First Published Jul 10, 2020, 4:16 PM IST

ഉറക്കം മനുഷ്യന് അനിവാര്യമായ കാര്യമാണ്. എന്നിരുന്നാലും പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നമ്മളില്‍ പലര്‍ക്കും നഷ്ടപ്പെടുന്നുണ്ട്. ഉറക്കമില്ലായ്മയും അല്ലെങ്കില്‍ വൈകി ഉറങ്ങുന്നതും  പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം. നിങ്ങളുടെ പ്രതിരോധശേഷിയെ പോലും അത് ബാധിക്കും. രാതി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ക്ഷീണം തോന്നുന്നതും പെട്ടെന്ന് ജലദോഷവും പനിയും പിടിക്കുന്നതും ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതു കൊണ്ടാണ് എന്നാണ് പല പഠനങ്ങളും പറയുന്നത്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ആരോഗ്യത്തിനുണ്ടാകുന്ന ചില ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഉറക്കക്കുറവ് നമ്മുടെ രോഗപ്രതിരോധശേഷിയെ ദുർബലപ്പെടുത്തും. ഉപദ്രവകാരികളായ ബാക്ടീരിയകളും വൈറസുകളും എളുപ്പത്തിൽ പിടിപെടാൻ ഇത് കാരണമാകാം.  ഇത്തരത്തില്‍ പ്രതിരോധശേഷി കുറഞ്ഞവരില്‍ എപ്പോഴും ജലദോഷവും പനിയും  വരാം. 

രണ്ട്...

ശരിയായ ഉറക്കം ലഭിക്കാത്തവരില്‍ അമിതഭാരം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു. ഉറക്കക്കുറവ് ഉള്ളവരില്‍ വിശപ്പ് കുറയ്ക്കുന്ന ഹോർമോണിന്‍റെ അളവ് കുറവായിരിക്കും. ഇത് പതിവിലും അളവില്‍ ഭക്ഷണം കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. തന്മൂലം വണ്ണം കൂടാനുമുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അമിതവണ്ണം ഭാവിയില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ വിളിച്ചുവരുത്താം. 

മൂന്ന്...

ഭക്ഷണകാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ,  ഉറക്കം ഇല്ലെങ്കില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത രണ്ടിരട്ടിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഇന്‍സുലിന്‍റെ പ്രവര്‍ത്തനത്തെ പോലും ഈ  ഉറക്കക്കുറവ് ബാധിക്കാം. രാത്രി ശരിയായി ഉറക്കം ലഭിക്കാത്തവരില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുളളതാണ്. 

നാല്... 

എന്തു കാര്യം ചെയ്യുമ്പോഴും അതില്‍ പൂര്‍ണമായി ശ്രദ്ധ ചെലുത്താന്‍ കഴിയാതെ വരുന്നതും ഉറക്കക്കുറവ് കൊണ്ടുതന്നെയാണ്. നന്നായി ഉറങ്ങിയാല്‍ മാത്രമേ ഉന്മേഷത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒപ്പം മാനസിക പിരിമുറുക്കവും ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

അഞ്ച്...

ഉറക്കം ലഭിക്കാത്തവർക്ക് ഉയർന്ന രക്തസമ്മർദത്തിന് സാധ്യത കൂടുതലാണ്. സ്ട്രെസ്സ് ഹോർമോണുകളെ നിയന്ത്രിക്കാനും നാഡീവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താനും ഉറക്കം പ്രധാനമാണ്. 

ആറ്... 

എട്ട് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ചു നാല് മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരില്‍ ഹൃദ്രോഗസാധ്യതയും ഏറെയാണ് എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. 

ഏഴ്...

ശരിയായ ഉറക്കം ലഭിക്കാത്തത് കുട്ടികളില്‍ പഠനവൈകല്യത്തിനും കാരണമാകുന്നുണ്ട്. മുതിര്‍ന്നവരില്‍ പെട്ടെന്നുള്ള മറവിക്കും ഈ ഉറക്കമില്ലായ്മ കാരണമാകാം. 

എട്ട്...

നല്ല ഉറക്കം ലഭിക്കാത്തവരില്‍ കടുത്ത ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചർമ്മത്തിന് തിളക്കമില്ലായ്മ, ത്വക്കില്‍ ചുളുവുകള്‍ വരുക..തുടങ്ങിയ  ലക്ഷണങ്ങൾ ഉറക്കക്കുറവ് മൂലം ആകാം.

അതിനാല്‍ രാത്രി കാലങ്ങളില്‍ ഫോണ്‍ ഉപയോഗവും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും കുറയ്ക്കുക. ദിവസവും വ്യായാമം അല്ലെങ്കില്‍ യോഗ ചെയ്യുക. ഒപ്പം അനാവശ്യ ചിന്തകളും മാറ്റിവച്ച് സുഖമായി ഉറങ്ങാന്‍ ശ്രമിക്കുക. 

Also Read: 'ഇന്‍സോമ്‌നിയ' ഏറ്റവും കൂടുതല്‍ കാണുന്നത് സ്ത്രീകളിലോ പുരുഷന്മാരിലോ?

Follow Us:
Download App:
  • android
  • ios