
കൊറോണക്കാലക്കാലത്ത് ഇന്ത്യയെ പ്രകീര്‍ത്തിച്ച് ചൈനയിലെ ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ). ഇന്ത്യയെ 'ലോകത്തിന്റെ ഫാര്‍മസി' എന്ന് വിശേഷിപ്പിച്ചാണ് എസ് സി ഒ സെക്രട്ടറി ജനറല്‍ വ്‌ളാദ്മിര്‍ നൊറോവ് വാഴ്ത്തിയിരിക്കുന്നത്.
കൊവിഡ് 19നെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇതിനോടകം 133 രാജ്യങ്ങളിലേക്കാണ് ഇന്ത്യ മരുന്നുകള്‍ കയറ്റിയയച്ചിരിക്കുന്നത്. ഇത് ഇന്ത്യയുടെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും മറ്റ് രാജ്യങ്ങള്‍ക്ക് കൂടി ഉദാത്തമായ മാതൃക ഇത് സൃഷ്ടിക്കുന്നുവെന്നും വ്‌ളാദ്മിര്‍ നൊറോവ് പറഞ്ഞു.
'വളരെയധികം അറിവും കഴിവുമുള്ള ഗവേഷകരും ആരോഗ്യ വിദഗ്ധരുമാണ് ഇന്ത്യയിലുള്ളത്. അതിനാല്‍ തന്നെ കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയാകാന്‍ ഇന്ത്യക്ക് കഴിയും. കൊവിഡ് 19നെക്കുറിച്ച് വിശദമായ ഗവേഷണങ്ങളും പഠനങ്ങളും നടത്താനും വാക്‌സിന്‍ കണ്ടെത്താനും ഇന്ത്യക്കാകും. നാം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ അവസരത്തില്‍ ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയായി മാറുകയാണ്..'- വ്‌ളാദ്മിര്‍ നൊറോവ് പറഞ്ഞു.
ജെനറിക് മരുന്നുകളുടെ കാര്യത്തില്‍ ലോകത്തിലേക്ക് വച്ചേറ്റവും വലിയ നിര്‍മ്മാതാക്കള്‍ ഇന്ത്യയാണെന്നും ഇത് ആഗോളതലത്തില്‍ ജെനറിക് മരുന്ന് ഉത്പാദനത്തിലെ 20 ശതമാനം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam