വൃക്ക തകരാറിലായി 66 കുട്ടികള്‍ മരിച്ചു; ഇന്ത്യന്‍ കമ്പനിയുടെ ഈ നാല് കഫ്‌സിറപ്പിനെതിരെ അന്വേഷണം

By Web TeamFirst Published Oct 6, 2022, 10:01 AM IST
Highlights

പീഡിയാട്രിക് വിഭാഗത്തില്‍ ഉപയോഗിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പിനേക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതോടെ ഈ കഫ് സിറപ്പുകള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍. ഗാംബിയയില്‍ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണെന്ന ഗുരുതര ആരോപണമാണ് ലോകാരോഗ്യ സംഘടന ഉന്നയിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നാല് തരം കഫ് സിറപ്പുകള്‍ക്കെതിരേയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

പീഡിയാട്രിക് വിഭാഗത്തില്‍ ഉപയോഗിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. നാല് മരുന്നുകളിലും അമിതമായ അളവില്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയില്‍ വ്യക്തമായതായും ലോകാരോഗ്യ സംഘടന പറയുന്നു.

നിലവില്‍ ഗാംബിയയില്‍ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടിരിക്കുന്നതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡബ്ലുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡഡ് ഓർഗനൈസേഷൻ  സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വിശദമാക്കി. മരുന്ന് ഉത്പാദിപ്പിച്ച മെയിഡൻ ഫാർമസ്യൂട്ടിക്കൾസ് സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ  ഡ്രഗ്സ് കണ്ട്രോൾ അതോറിറ്റിയോടും വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.

"The four medicines are cough and cold syrups produced by Maiden Pharmaceuticals Limited, in India. WHO is conducting further investigation with the company and regulatory authorities in India"- https://t.co/PceTWc836t

— World Health Organization (WHO) (@WHO)

 

 

അതേസമയം, 'ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍' വിഭാഗത്തിലുള്ള 19 കോക്ടെയില്‍ അഥവാ മരുന്നുസംയുക്തങ്ങളില്‍ 14 എണ്ണവും നിരോധിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്‍റെ (ഡിസിജിഐ) ഉപദേശക ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഡോ. റെഡ്ഡീസ് ഡയലക്‌സ് ഡിസി, മാന്‍കൈന്‍ഡ്‌സ് ടെഡികഫ്, കോഡിസ്റ്റാര്‍, അബോട്ടിന്റെ ടോസെക്‌സ്, ഗ്ലെന്‍മാര്‍ക്കിന്റെ അസ്‌കോറില്‍ സി തുടങ്ങിയ ചുമയ്ക്കുള്ള സിറപ്പുകളാണ് നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡിസിജിഐയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 

ഒരു മരുന്നില്‍ നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ മരുന്നുകളുടെ സംയോജനമാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷനുകള്‍. ഫെബ്രുവരി രണ്ടിനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 19 നിശ്ചിത ഡോസ് കോമ്പിനേഷനുകള്‍ അവലോകനം ചെയ്യാന്‍ വിദഗ്ധസമിതി രൂപീകരിച്ചത്.  19-ല്‍ അഞ്ച് മരുന്നുകള്‍ക്ക് ഇടക്കാല ആശ്വാസം നല്‍കിയിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗത്തെ സാധൂകരിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ കമ്പനികളോട് ആരാഞ്ഞിട്ടുണ്ട്

Also Read: ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാൻ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...

click me!