Covid 19 : കൊറോണ വൈറസിനെ തുരത്താന്‍ ആന്റി വൈറല്‍ മാസ്‌ക്; കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

Web Desk   | Asianet News
Published : Feb 04, 2022, 05:05 PM ISTUpdated : Feb 04, 2022, 05:14 PM IST
Covid 19 :  കൊറോണ വൈറസിനെ തുരത്താന്‍ ആന്റി വൈറല്‍ മാസ്‌ക്; കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

Synopsis

ആശുപത്രികൾ, വിമാനത്താവളങ്ങൾ, സ്റ്റേഷനുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ നിന്ന് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യൻ വിപണിയിലെ വിലകൂടിയ മാസ്കുകൾ ആന്റിവൈറൽ അല്ലെങ്കിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പ്രകടിപ്പിക്കുന്നില്ല എന്നും ശാസ്ത്രജ്ഞർ പറയുന്നു.  

കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം സ്വയം അണുവിമുക്തമാക്കുന്ന ആന്റി വൈറൽ മാസ്ക് വികസിപ്പിച്ചതായി ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. ചെമ്പ് അധിഷ്ഠിത നാനോകണങ്ങൾ കൊണ്ട് പൊതിഞ്ഞ ആന്റി വൈറൽ മാസ്ക് കൊറോണ വൈറസിനെതിരെയും മറ്റ് നിരവധി വൈറൽ, ബാക്ടീരിയ അണുബാധകൾക്കെതിരെയും ഫലപ്രദമാണെന്ന് മന്ത്രാലയം അറിയിച്ചു. ശ്വസിക്കാൻ കഴിയുന്നതും കഴുകാവുന്നതുമാണ് ഈ മാസ്ക് എന്നും ​ഗവേഷകർ പറയുന്നു.

പ്രധാനമായും വായുവിലൂടെയുള്ള ശ്വാസകോശ കണികകൾ വഴിയാണ് വൈറസ് പകരുന്നത് എന്നതിനാൽ മാസ്ക് ധരിക്കുന്നത് വൈറസിനെ നിയന്ത്രിക്കുന്നതിനുള്ള പ്രധാനപ്പെട്ടതും ഫലപ്രദവുമായ ആരോഗ്യ നടപടികളിലൊന്നാണ്.
ആശുപത്രികൾ, വിമാനത്താവളങ്ങൾ, സ്റ്റേഷനുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ നിന്ന് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യൻ വിപണിയിലെ വിലകൂടിയ മാസ്കുകൾ ആന്റിവൈറൽ അല്ലെങ്കിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പ്രകടിപ്പിക്കുന്നില്ല എന്നും  ശാസ്ത്രജ്ഞർ പറയുന്നു.

ഇപ്പോഴത്തെ ഫേസ് മാസ്‌കുകൾ ഫിൽട്ടർ ചെയ്യുന്നതിലൂടെ മാത്രമേ വൈറസുകളെ നിലനിർത്തുകയുള്ളൂ. അവയെ കൊല്ലുന്നില്ല, അതിനാൽ മാസ്‌കുകൾ ശരിയായി ധരിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തില്ലെങ്കിൽ, ഇത് പകരാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇന്റർനാഷണൽ അഡ്വാൻസ്ഡ് റിസർച്ച് സെന്റർ ഫോർ പൗഡർ മെറ്റലർജി ആന്റ് ന്യൂ മെറ്റീരിയലിലെ (എആർസിഐ) ഗവേഷകരാണ് നാനോ മിഷൻ പദ്ധതിക്ക് കീഴിൽ ബംഗളൂർ ആസ്ഥാനമായുള്ള സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിഎസ്ഐആർ-സിസിഎംബി), റെസിൽ കെമിക്കൽസ് എന്നിവയുമായി സഹകരിച്ച് ഫേസ് മാസ്ക് വികസിപ്പിച്ചത്.

PREV
click me!

Recommended Stories

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ