Covid vaccination : രാജ്യത്തെ വാക്സിനേഷൻ യജ്ഞത്തിന് ഒരു വര്‍ഷം; ഇതുവരെ നല്‍കിയത് 156.76 കോടി ഡോസ്

By Web TeamFirst Published Jan 17, 2022, 8:46 AM IST
Highlights

ഈ വർഷം ജനുവരി മൂന്ന് മുതലാണ് 15 വയസ്സ്‌ മുതൽ 18 വരെയുള്ളവർക്ക് വാക്സിന്‍ നൽകിത്തുടങ്ങിയത്. ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും കരുതൽ ഡോസ് നൽകിത്തുടങ്ങി. 

രാജ്യത്തെ കൊവിഡ് വാക്സിനേഷൻ (covid vaccination) യജ്ഞത്തിന് ഞായറാഴ്ച ഒരുവർഷം പൂർത്തിയായി.  ഇതുവരെ 156.76 കോടി ഡോസുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായപൂർത്തിയായവരിൽ 92 ശതമാനത്തിലധികം പേർ ഒരു ഡോസും 68 ശതമാനത്തിലധികം പേർ രണ്ട് ഡോസ് വാക്സിനും എടുത്തു.

കഴിഞ്ഞവർഷം ജനുവരി 16 മുതൽ ആരംഭിച്ച വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിന്‍ നൽകിയത്. തുടർന്ന് ഫെബ്രുവരി രണ്ട് മുതൽ മുൻനിര പ്രവർത്തകർക്കു നൽകി. മാർച്ച് ഒന്ന് മുതലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നമുള്ളവർക്കുമാണ് വാക്സിന്‍ നൽകിയത്. ഏപ്രിൽ ഒന്ന് മുതൽ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നൽകിത്തുടങ്ങി. മേയ് ഒന്ന് മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നൽകാൻ തീരുമാനിച്ചു. 

ഈ വർഷം ജനുവരി മൂന്ന് മുതലാണ് 15 വയസ്സ്‌ മുതൽ 18 വരെയുള്ളവർക്ക് വാക്സിന്‍ നൽകിത്തുടങ്ങിയത്. ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും കരുതൽ ഡോസ് നൽകിത്തുടങ്ങി. 

അതിനിടെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നതിൽ ആശങ്ക കനക്കുകയാണ്. ഇന്നലെ 30.55 ശതമാനമായിരുന്നു ടിപിആർ. തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളത്തും പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ടിപിആര്‍ 30ന് മുകളിലാണ്.

Also Read: കൊവിഡ് ബാധിച്ചതിന് ശേഷം ലിംഗം 1.5 ഇഞ്ച് ചുരുങ്ങിയെന്ന വാദവുമായി യുവാവ്

click me!