
ഇന്ന് മെയ് 12. നഴ്‌സുമാരുടെ ദിനം. കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് രാജ്യം. 2021 ലെ നഴ്‌സ് ദിനത്തിന് ഏറെ വാര്‍ത്താ പ്രാധാന്യമുണ്ട്. ഒരു പക്ഷേ ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.
ആധുനിക നഴ്‌സിങ്ങിന്റെ ശില്‍പി എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആഘോഷിച്ച് വരുന്നു. 1974 മുതലാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (ICN) മെയ് പന്ത്രണ്ട് നഴ്‌സസ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
വളരെ ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ജനിച്ചുവളര്‍ന്ന മിസ് നൈറ്റിംഗേല്‍ അക്കാലത്ത് സഹജീവികളോടും രോഗികളോടും മുറിവേറ്റവരോടും ഉള്ള കാരുണ്യം ഒന്നു കൊണ്ടുമാത്രം ആതുരശുശ്രൂഷാ രംഗത്തേക്കിറങ്ങിയ മഹദ് വ്യക്തിയായിരുന്നു. അക്കാലത്ത് നഴ്‌സിങ്ങിന് ഒരു വ്യക്തമായ പാഠ്യപദ്ധതിയോ വിദ്യാഭ്യാസ സംവിധാനമോ പോലും ഉണ്ടായിരുന്നില്ല.
2021 ലെ നഴ്‌സ് ദിനത്തിന്റെ അഥവാ നഴ്‌സിങ്ങ് വാരാഘോഷത്തിന്റെ മുദ്രാവാക്യം 'Nurses - A voice to lead - A vision for future health care' എന്നതാണ്. ഇത്തവണത്തെ നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം കൊവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ആരോഗ്യത്തിനും ജീവനും ഉള്ള ഭീഷണി തന്നെയാണ്.
ലോകം കൊവിഡ് 19 എന്ന മാരകരോഗത്തിന്‍റെ പിടിയിലമര്‍ന്ന് കടന്നു പോകുന്ന ഈ സമയത്ത് ഭൂമിയിലെ മാലാഖമാർ മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാനായി കർമ്മനിരതരാണ്. രോഗികൾക്കൊപ്പം നിന്ന് തളരാതെ പോരാടുകയാണ് അവർ. ഈ മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ നഴ്‌സുമാര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നു.
ജീവന്‍ ബലി നല്‍കി ലിനിയും രമ്യയും; ഓര്‍മ്മകളില്‍ നിറഞ്ഞ് മാലാഖമാർ