Ira Khan : മനസിനെ അലട്ടുന്ന അസുഖത്തെ കുറിച്ച് തുറന്നുപറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍

Published : May 02, 2022, 01:21 PM IST
Ira Khan : മനസിനെ അലട്ടുന്ന അസുഖത്തെ കുറിച്ച് തുറന്നുപറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍

Synopsis

ബോളിവുഡ് നടനും സംവിധായകനുമായ ആമിര്‍ ഖാന്റെ മകള്‍ എന്ന നിലയിലാണ് ഇറ ഖാന്‍ ശ്രദ്ധിക്കപ്പെടാറ്. താന്‍ വിഷാദരോഗത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും എത്തരത്തിലാണ് വിഷാദത്തെ മറികടന്നത് എന്നുമെല്ലാം ഇറ നേരത്തെ അഭിമുഖങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്

ശാരീരികാരോഗ്യം പോലെ ( Physical Health ) തന്നെ പ്രധാനമാണ് മാനസികാരോഗ്യവും ( Mental Health ) . എന്നാല്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളോ പഠനങ്ങളോ ഇന്നും നമ്മുടെ സമൂഹത്തില്‍ കാര്യമായി നടക്കുന്നില്ല എന്നതാണ് സത്യം. പലപ്പോഴും മാനസികപ്രശ്‌നങ്ങളെ ( Mental Illness )  അംഗീകരിക്കാതെയും അവയെ മോശം കാര്യമായി മുദ്ര കുത്തിയുമാണ് അധികപേരും മുന്നോട്ടുപോകാറ്. 

ഈ പ്രവണത തീര്‍ത്തും അപകടകരമാണ്. മാനസിക വിഷമതകള്‍ നേരിടുന്നവര്‍ കൂടുതല്‍ ഒറ്റപ്പെടുന്നതിനും ആത്മഹത്യയിലേക്ക് വരെ അവരെ നയിക്കുന്നതിനുമെല്ലാം ഇത് കാരണമാകും. 

പലപ്പോഴും ഈ വിഷയത്തെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ഇറ ഖാന്‍. ബോളിവുഡ് നടനും സംവിധായകനുമായ ആമിര്‍ ഖാന്റെ മകള്‍ എന്ന നിലയിലാണ് ഇറ ഖാന്‍ ശ്രദ്ധിക്കപ്പെടാറ്. താന്‍ വിഷാദരോഗത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും എത്തരത്തിലാണ് വിഷാദത്തെ മറികടന്നത് എന്നുമെല്ലാം ഇറ നേരത്തെ അഭിമുഖങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

മാനസികാരോഗ്യത്തെ കുറിച്ച് ആളുകളില്‍ വേണ്ടത്ര അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് താന്‍ ഇക്കാര്യങ്ങളെല്ലാം തുറന്ന് പറയുന്നതെന്നും ഇറ പറയാറുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം 'ആംഗ്‌സൈറ്റി അറ്റാക്കി'നെ കുറിച്ച് പങ്കുവയ്ക്കുകയാണ് ഇറ. 

പെട്ടെന്ന് ഭയവും ഉത്കണ്ഠയും മാറി മാറി വരികയും ഇത് ശാരീരികമായി ചില അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥയാണ് 'ആംഗ്‌സൈറ്റി അറ്റാക്ക്' അഥവാ 'പാനിക് അറ്റാക്ക്'. ഉത്കണ്ഠയും വിഷാദരോഗവും ഉള്ളവരില്‍ ആണ് സാധാരണഗതിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാണാറ്. 

തനിക്ക് കഴിഞ്ഞ ദിവസങ്ങളിലായി നിരന്തരം 'പാനിക് അറ്റാക്ക്' സംഭവിക്കാറുണ്ടെന്നും അത് എത്തരത്തിലെല്ലാമാണ് അനുഭവപ്പെടാറെന്നുമാണ് ഇറ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. ഉയര്‍ന്ന നെഞ്ചിടിപ്പ്, ശ്വാസതടസം, കരച്ചില്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം 'പാനിക് അറ്റാക്ക്' സംബന്ധിച്ച് കാണാമെന്നും തന്നെപ്പോലെ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് ഇത് വിവരിക്കാന്‍ വാക്കുകളില്ലെങ്കില്‍ അവര്‍ക്കൊരു സഹായമാകുമെന്ന് കരുതിയാണ് ഇത് പങ്കുവയ്ക്കുന്നതെന്നും ഇറ കുറിക്കുന്നു. 

'വളരെയധികം നിസഹായത അനുഭവപ്പെടുന്ന അവസ്ഥയാണിത്. എനിക്ക് ശരിക്കും ഉറങ്ങാന്‍ ആഗ്രഹം കാണും. പക്ഷേ സാധിക്കില്ല. കാരണം ഇതൊന്ന് അടങ്ങിയിട്ട് വേണമല്ലോ ഉറങ്ങാന്‍. എന്താണ് എന്റെ പേടികളെന്ന് മനസിലാക്കാന്‍ ഞാന്‍ ശ്രമിക്കും, എന്നോട് തന്നെ സംസാരിക്കും. പക്ഷേ ഇത് വരുന്ന സമയത്ത് ഒന്നും ചെയ്യാന്‍ സാധിക്കാതെ വരും...'- ഇറ കുറിക്കുന്നു. 

ആംഗ്സൈറ്റി അറ്റാക്കിന് ശേഷം നീണ്ട ഒരു കുളിയിലേക്ക് കടക്കുകയും അതിന് ശേഷം പകര്‍ത്തിയ ചിത്രമാണ് കുറിപ്പിനൊപ്പം ചേര്‍ത്തിരിക്കുന്നതെന്നും ഇറ കുറിച്ചിരിക്കുന്നു.

കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍ അടക്കം നിരവധി പേരാണ് ഇറയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രതികരണമറിയിച്ചിരിക്കുന്നത്. മാനസികാരോഗ്യത്തെ കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഇത്തരം ഇടപെടലുകള്‍ തീര്‍ച്ചയായും സഹായിക്കുമെന്നും മിക്കവരും അഭിപ്രായപ്പെടുന്നു.

 

Also Read:- പതിനാലാം വയസില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; തുറന്നുപറഞ്ഞ് താരപുത്രി

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം