
ഇന്ന് അധികം ആളുകളും ചായ പ്രിയരാണ്. എന്നാൽ, പഞ്ചസാര ഒഴിവാക്കി പകരം ശർക്കര ഇട്ട ചായ കുടിക്കുന്ന ചിലരിലെങ്കിലും കാണാം. യഥാർത്ഥത്തിൽ പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർക്കുന്ന നല്ലതാണോ? വണ്ണം കുറയ്ക്കാൻ ശർക്കര സഹായകമാണെന്ന് പലരും കരുതുന്നു.
അമിതമായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താനും ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിന് കാരണമാകാനും സാധ്യതയുള്ള ശുദ്ധീകരിച്ച പഞ്ചസാരയെ അപേക്ഷിച്ച്, ആന്റിഓക്‌സിഡന്റുകളും ധാതുക്കളും കൂടുതലായി അടങ്ങിയ ഒന്നാണ് ശർക്കരയെന്ന് 'ഇന്റർനാഷണൽ ജേണൽ ഓഫ് അപ്ലൈഡ് ഹോം സയൻസ്' ചൂണ്ടിക്കാട്ടുന്നു. ശർക്കര ആരോഗ്യകരമാണെങ്കിലും, ഇവ രണ്ടും ശരീരത്തിൽ കലോറി വർദ്ധിപ്പിക്കുന്നവയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതൊരു മധുരപദാർത്ഥമായതിനാൽ ശർക്കര മാത്രം കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കില്ല. സംസ്കരിച്ച വെള്ള പഞ്ചസാരയ്ക്ക് അടിമയാകാനുള്ള സാധ്യതയും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾ ഉണ്ടാക്കാനുള്ള കഴിവുമുണ്ട്. ഇതിനു വിപരീതമായി, ശർക്കര ഒരു മികച്ച മധുരപദാർത്ഥമാണെന്ന് സൂചിപ്പിക്കുന്ന പഠനങ്ങൾ വർധിച്ചുവരുന്നുണ്ട്.
ശർക്കരയിലെയും വെളുത്ത പഞ്ചസാരയിലെയും കലോറിയുടെ അളവ് പരിശോധിച്ചാൽ, അവയിൽ ഏകദേശം തുല്യമായ അളവിലാണ് കലോറി അടങ്ങിയിരിക്കുന്നത്. 100 ഗ്രാമിൽ ശർക്കരയിൽ 383 കലോറിയും വെളുത്ത പഞ്ചസാരയിൽ 387 കലോറിയുമാണുള്ളത്. എന്നിരുന്നാലും, അവയുടെ പോഷക ഘടന ശരീരത്തിൽ വ്യത്യസ്തമായ സ്വാധീനമാണ് ചെലുത്തുന്നത്.
ശർക്കര കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കുന്ന നേരിട്ടുള്ള ക്ലിനിക്കൽ തെളിവുകളൊന്നുമില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പോഷകസമൃദ്ധമായിരിക്കാനും സഹായിക്കുന്ന ഗുണങ്ങൾ ഇതിനുണ്ട്. അറിഞ്ഞിരിക്കേണ്ട ഒരു കാര്യം അമിതമായി ശർക്കര കഴിച്ചാൽ ശരീരഭാരം വർദ്ധിക്കാം. വെള്ള പഞ്ചസാര കഴിക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് വിദഗ്ധര് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam