
ഗർഭകാലത്ത് ഫോളിക് ആസിഡിന് വലിയ പ്രാധാന്യമാണുള്ളത്. എന്നാൽ ഫോളിക് ആസിഡ് മാത്രം മതിയോ?. ഭ്രൂണവളർച്ചയുടെ പ്രാരംഭഘട്ടത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഫോളിക് ആസിഡ്, 'ന്യൂറൽ ട്യൂബ് ഡിഫക്റ്റുകൾ' (neural tube defects) തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ, ഗർഭകാലത്തെ പോഷകാഹാരം എന്നത് കേവലം ഒരു പോഷകത്തിലോ സപ്ലിമെന്റിലോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല.
ഗർഭിണികളോ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവരോ ആയ സ്ത്രീകൾ ഫോളിക് ആസിഡ് മാത്രം മതിയാകുമെന്ന് കരുതുന്നതിന് പകരം തങ്ങളുടെ പോഷകാഹാര ആവശ്യങ്ങളെക്കുറിച്ച് കൂടുതൽ സമഗ്രമായി ചിന്തിക്കണമെന്ന് വന്ധ്യതാ ചികിത്സാ വിദഗ്ധനുമായ ഡോ. രാജീവ് അഗർവാൾ അഭിപ്രായപ്പെടുന്നു. ഗർഭകാലത്ത് ആവശ്യമായ അഞ്ച് പോഷകങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
വിറ്റാമിൻ ഡി
അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിൽ വിറ്റാമിൻ ഡി പ്രധാന പങ്ക് വഹിക്കുന്നു. കുഞ്ഞിന്റെ അസ്ഥികളുടെയും പല്ലുകളുടെയും വളർച്ചയിൽ കാൽസ്യത്തോടൊപ്പം ഇത് പ്രവർത്തിക്കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള ചിലതരം മത്സ്യങ്ങൾ എന്നിവ കഴിക്കാവുന്നതാണ്.
അയഡിൻ
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിനും ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും അയഡിൻ അത്യന്താപേക്ഷിതമാണ്. മതിയായ അളവിൽ അയഡിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. പാലുൽപ്പന്നങ്ങൾ, മുട്ട, കടൽവിഭവങ്ങൾ എന്നിവ കഴിക്കുക.
കോളിൻ
ഗർഭകാലത്തെ പോഷകാഹാരത്തെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു പോഷകമാണ് കോളിൻ. എന്നിരുന്നാലും, കുഞ്ഞിന്റെ തലച്ചോറിന്റെയും സുഷുമ്നയുടെയും വികാസത്തിൽ ഇത് സുപ്രധാനമായ പങ്ക് വഹിക്കുന്നു. മുട്ട, പാൽ, മാംസം, സോയ ഉൽപ്പന്നങ്ങൾ, നിലക്കടല എന്നിവ കഴിക്കുക.
വിറ്റാമിൻ ബി 12
വിറ്റാമിൻ ബി 12 നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തെ സഹായിക്കുകയും ചെയ്യുന്നു. സസ്യാഹാരം മാത്രം കഴിക്കുന്നവരോ (vegetarian) പൂർണ്ണമായും സസ്യാധിഷ്ഠിത ഭക്ഷണം മാത്രം കഴിക്കുന്നവരോ (vegan) ആയ സ്ത്രീകൾ, തങ്ങളുടെ ഭക്ഷണരീതിക്കനുസരിച്ച് ബി12-ന്റെ അളവിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
സിങ്ക്
കോശവളർച്ചയും പ്രതിരോധശേഷിയും ഉൾപ്പെടെയുള്ള സുപ്രധാന പ്രവർത്തനങ്ങളിൽ സിങ്ക് പങ്കുവഹിക്കുന്നു. ഗർഭകാലത്ത് സിങ്കിന്റെ ആവശ്യമായ അളവ് ഉറപ്പാക്കാൻ വൈവിധ്യമാർന്നതും സമീകൃതവുമായ ആഹാരക്രമം സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam