
ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളോ സ്ട്രെസോ വ്യക്തികളുടെ ശാരീരിക-മാനസികാരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കാറുണ്ട്. എന്നാല്‍ എങ്ങനെയാണ് ഇത് നിങ്ങളെ ബാധിക്കുന്നതെന്ന് കൃത്യമായി കണ്ടെത്താൻ സാധിക്കുന്നുണ്ടോ?
ഇല്ലെങ്കില്‍ പറയാം. ജോലിയില്‍ നിന്നുള്ള 'ടെൻഷൻ' മിക്ക വ്യക്തികളെയും പ്രതികൂലമായി ബാധിക്കുന്നത് രാത്രിയിലാണ്. പലരും ഇക്കാര്യം തിരിച്ചറിയുന്നില്ല എന്ന് മാത്രം. മറ്റൊന്നുമല്ല- ഉറക്കമാണ് ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം ഏറ്റവുമധികം ബാധിക്കപ്പെടുക.
ഏത് തരം സമ്മര്‍ദ്ദങ്ങളും പൊതുവില്‍ ആദ്യം ബാധിക്കാൻ സാധ്യത ഉറക്കത്തെ തന്നെയാണ്. ജോലിയില്‍ നിന്നുള്ളതായാലും അങ്ങനെ തന്നെ. രണ്ട് തരത്തിലാണ് ജോലിയില്‍ നിന്നുള്ള 'ടെൻഷൻ' ആളുകളുടെ ഉറക്കത്തെ ബാധിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഒന്ന്- ജോലിഭാരം. അതായത് ജോലിസമയത്ത് കഠിനമായി അധ്വാനിക്കേണ്ട അവസ്ഥയോ അല്ലെങ്കില്‍ ജോലിസമയം കഴിഞ്ഞും ജോലിയെടുക്കേണ്ടി വരുന്ന അവസ്ഥയോ എന്ന് ലളിതമായി പറയാം.
കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിലേക്ക് മാറിയത് ഒരു വിഭാഗം പേര്‍ക്ക് ഗുണകരമായപ്പോള്‍ മറ്റൊരു വിഭാഗത്തിന് അത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും സമയം ശ്രദ്ധിക്കാതെ തൊഴിലാളികള്‍ക്ക് ജോലിയേല്‍പിച്ച് കൊടുക്കുന്ന കമ്പനികളുണ്ട്. ഇത്തരത്തിലുള്ള പരാതികള്‍ ഏറെ വന്നുകഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം തൊഴിലാളികളെ മാനസികമായി ബാധിക്കുന്നു.
രണ്ടാമതായി ജോലിയില്‍ നിന്ന് വരാൻ സാധ്യതയുള്ള സമ്മര്‍ദ്ദമെന്തെന്നാല്‍ ജോലി നഷ്ടപ്പെടുമോ എന്ന അരക്ഷിതാവസ്ഥയാണത്രേ. ഇതും വ്യക്തികളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഉത്കണ്ഠ മൂലം ഉറങ്ങാതിരിക്കുക, ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേല്‍ക്കുക, നെഞ്ചിടിപ്പ് കൂടുക, ശ്വാസതടസമുണ്ടാവുക എന്നിവയെല്ലാം ഇങ്ങനെയുള്ള സാഹചര്യങ്ങളിലുണ്ടാകാം.
നമുക്കറിയാം മുതിര്‍ന്ന ഒരാള്‍ ഏഴോ എട്ടോ മണിക്കൂറാണ് ദിവസത്തില്‍ ഉറങ്ങേണ്ടത്. ഈ സമയത്തിനൊപ്പം തന്നെ പ്രധാനമാണ് ഉറക്കത്തിന്‍റെ ഗുണമേന്മയും. ഉറക്കത്തിന് പല ഘട്ടങ്ങളുമുണ്ട്. ഇതിലെ ഏറ്റവും അവസാനത്തെ ഘട്ടം വരെ എത്തുമ്പോഴാണ് തലച്ചോര്‍ 'റീഫ്രശ്' ആവുകയും ഓര്‍മ്മശക്തി, ചിന്താശേഷി പോലുള്ള മേഖലകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ചെയ്യുക.
നിലവില്‍ പല മേഖലകളിലും കമ്പവികള്‍ തൊഴിലാളികളുടെ മാനസികാരോഗ്യത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധ നല്‍കി വരുന്നുണ്ട്. അതേസമയം തൊഴിലാളികളുടെ മാനസികാരോഗ്യം ഒട്ടുമേ പരിഗണിക്കാത്ത മേഖലകളുമുണ്ട്. എന്നാല്‍ തൊഴിലാളികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ ഉത്പാദനക്ഷമത കൂട്ടാനാവുകയും കമ്പനികളുടെ വളര്‍ച്ചയുണ്ടാവുകയും ചെയ്യൂവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതിനാല്‍ പല സ്ഥാപനങ്ങളും തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ചും, അവര്‍ക്ക് അവധി നല്‍കിയും, ജോലിഭാരം അവരെ ബാധിക്കാതെ ശ്രമിച്ചുമെല്ലാം തൊഴിലാളികളുട മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കിവരുന്നുണ്ട്.
Also Read:- കുട്ടികളിലെ ക്യാൻസര്‍; മാതാപിതാക്കള്‍ പ്രാഥമികമായി അറിയേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam