
ക്യാൻസര്‍ രോഗമെന്ന് കേട്ടാല്‍ മിക്കവരും ആദ്യം ഭയം തന്നെയാണ് അനുഭവിക്കുക. എന്നാല്‍ സമയത്തിന് രോഗം കണ്ടെത്താനായാല്‍ ഏറെ ഫലപ്രദമായ ചികിത്സ ഇന്ന് ക്യാൻസര്‍ രോഗത്തിനുണ്ട്.
ഇതുതന്നെ കുട്ടികളിലെ ക്യാൻസര്‍ എന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും അത് ആരെയും ആശങ്കപ്പെടുത്താതെ കടന്നുപോകില്ല. ഒരു വീടിന്‍റെ ആകെ സഹാചര്യം തന്നെ ഇതോടെ മാറുകയായി. എന്നാല്‍ കുട്ടികളിലെ ക്യാൻസര്‍ പലപ്പോഴും മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായ നല്ല ചികിത്സാഫലം നല്‍കാറുണ്ടെന്നും, പൂര്‍ണമായും രോഗം ഭേദപ്പെടുത്താൻ പല കാരണങ്ങള്‍ കൊണ്ടും കുട്ടികളിലാണ് അനുകൂല സാഹചര്യമുള്ളതെന്നും അധികപേര്‍ക്കും അറിയില്ല എന്നതാണ് സത്യം.
ലോകത്തില്‍ ഓരോ വര്‍ഷവും ശരാശരി നാല് ലക്ഷം കുട്ടികളെയെങ്കിലും ക്യാൻസര്‍ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലാണെങ്കില്‍ 75,000 കുട്ടികള്‍ എന്നതാണ് പ്രതിവര്‍ഷത്തെ കണക്ക്.
അധികവും രക്താര്‍ബുദം, ബ്രെയിൻ ട്യൂമര്‍, ലിംഫോമ എന്നീ ക്യാൻസറുകളാണ് കുട്ടികളില്‍ കൂടുതലും കാണുക. മോശം ജീവിതരീതിയുടെ ഭാഗമായി ഉണ്ടാകുന്ന ക്യാൻസര്‍ ബാധ കുട്ടികളുടെ കാര്യത്തിലുണ്ടാകില്ല. ഉദാഹരണം പുകവലി തന്നെ.
എങ്ങനെ ആണെങ്കിലും കുട്ടികളിലെ ക്യാൻസര്‍ മുക്തിയുടെ കാര്യമെടുക്കുമ്പോള്‍ മറ്റ് പല വിഷയത്തിലുമെന്ന പോലെ സാമ്പത്തികം കാര്യമായ ഘടകമാണ്. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ കുട്ടികളിലെ ക്യാൻസര്‍ മുക്തി 90 ശതമാനം വരെയാണെന്ന് നമുക്ക് കാണാൻ സാധിക്കും. അതേസയം സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലാണെങ്കില്‍ ഇത് 30-40 ശതമാനമെല്ലാമാണ് കാണിക്കുന്നത്.
ഒരുപാട് ഘടകങ്ങള്‍ ഈ പ്രതിസന്ധിയിലേക്ക് നമ്മെ നയിക്കുന്നുണ്ട്. രോഗം സമയത്തിന് കണ്ടെത്തപ്പെടാത്ത അവസ്ഥ, കുട്ടിക്ക് വീട്ടില്‍ നിന്നേ ശ്രദ്ധ കിട്ടാത്ത അവസ്ഥ, സാമൂഹികവും സാംസ്കാരികവുമായ സാഹചര്യങ്ങള്‍, സാമ്പത്തികാവസ്ഥ, മറ്റേതെങ്കിലും കാരണവശാല്‍ ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥ, തെരഞ്ഞെടുക്കുന്ന ചികിത്സാകേന്ദ്രങ്ങളുടെ പിഴവ്, പുരോഗമിച്ച ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാകാത്ത സാഹചര്യം- എന്നിവയെല്ലാമാണ് ഇതില്‍ പ്രധാനം.
കുട്ടികള്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് ക്യാൻസര്‍ ചികിത്സയോട് കുറെക്കൂടി സഹകരിക്കും. ഇതും ഇവരുടെ രോഗമുക്തിയെ പോസിറ്റീവായി സ്വാധീനിക്കാം. അതേസമയം അവരുടെ ചികിത്സാഘട്ടങ്ങളില്‍ വീട്ടുകാര്‍ക്ക് കരുതലായി അവര്‍ക്കൊപ്പം നില്‍ക്കുന്നത് പോലെ തന്നെ ആവശ്യത്തിന് പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സാമീപ്യവും അത്യാവശ്യമാണ്.
Also Read:- ഗര്‍ഭാശയ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍, എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam