
ജങ്ക് ഫുഡ് കഴിക്കുന്നത് പൊതുവേ ആരോഗ്യത്തിന് നല്ലതല്ലെന്ന് നമുക്കറിയാം. ജങ്ക് ഫുഡിന്‍റെ അമിത ഉപയോഗം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും മനുഷ്യരില്‍ ഉണ്ടാക്കുന്നതായി നേരത്തെതന്നെ പഠനങ്ങളില്‍ തെളിഞ്ഞതാണ്. എന്നാല്‍ പുതിയ പഠനങ്ങള്‍ ജങ്ക് ഫുഡ് പുരുഷന്മാരില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് പറയുന്നത്. പുരുഷന്മാർ പിസാ, ബർഗർ, സാൻവിച്ച്, കാൻഡി, പ്രോസസ്ഡ് ചെയ്ത ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുമ്പോൾ ബീജത്തിന് നാശം സംഭവിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. 18 നും 20 നും ഇടയിൽ പ്രായമുള്ള ഏതാണ്ട് 3000 ത്തോളം പുരുഷന്മാരിലാണ് പഠനം നടത്തിയത്. പച്ചക്കറികളും പഴവർഗങ്ങളും കൂടുതലായി കഴിക്കുന്ന പുരുഷന്മാരിൽ ബീജോത്പാദനത്തിന്‍റെ അളവ് കൂടുന്നതായാണ് കണ്ടെത്തിയത്. എന്നാൽ, സ്ഥിരമായി ജങ്ക് ഫുഡ് കഴിച്ച പുരുഷന്മാരിൽ ബീജത്തിന്‍റെ അളവ് വളരെ താഴ്ന്ന നിലയിലാണ് കണ്ടെത്താനായതെന്ന് ഹാർവാർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസർ അലൻ പേസി പറയുന്നു.
വിയന്നയിൽ സംഘടിപ്പിച്ച യൂറോപ്യൻ സൊസൈറ്റി ഫോർ ഹ്യൂമൻ റീപ്രൊഡക്ഷൻ ആൻഡ് എംബ്രിയോളജിയുടെ വാർഷിക സമ്മേളനത്തിൽ ഈ പഠനം അവതരിപ്പിച്ചു. റെഡ് മീറ്റ്, പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നിവ സ്ഥിരമായി കഴിക്കുമ്പോൾ ബീജത്തിന്‍റെ വളർച്ച കുറയുക, സമ്മർദ്ദം കൂടുക, ഉറക്കമില്ലായ്മ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പ്രൊഫ. അലൻ പറഞ്ഞു. ജങ്ക് ഫുഡ് ഒഴിവാക്കി ഇലക്കറികൾ, പയറുവർഗങ്ങൾ, പഴങ്ങൾ എന്നിവ ധാരാളം കഴിച്ചാൽ പുരുഷ ബീജത്തിന്‍റെ അളവ് വർധിപ്പിക്കാമെന്നും പഠനത്തിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam