'ഞാന്‍ നിര്‍മ്മാണത്തൊഴിലാളിയാണ്, എന്റെ സിക്‌സ് പാക്കിന്റെ രഹസ്യവും അതാണ്'

By Web TeamFirst Published Feb 18, 2020, 11:49 PM IST
Highlights

ഇത്രയും വേഗത, അതിലെ കൃത്യത, ആത്മവിശ്വാസം, ഏത് പ്രൊഫഷണല്‍ കായികതാരത്തേയും വെല്ലുന്ന ശരീരം- അങ്ങനെ ശ്രീനിവാസില്‍ കാണുന്ന മൂല്യങ്ങളേറെയാണ്. എങ്ങനെയാണ് ഈ നിലയിലേക്ക് ഉയരാന്‍ തികച്ചും സാധാരണക്കാരനായ, ഒരു നിര്‍മ്മാണത്തൊളിലാളിക്ക് കഴിയുന്നത്! വളരെ വ്യക്തമായ ഉത്തരമുണ്ട് ശ്രീനിവാസിന്

ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് ഭേദിച്ചുകൊണ്ടായിരുന്നു കമ്പള മത്സരത്തിലൂടെ ശ്രീനിവാസ് ഗൗഡയെന്ന ഇരുപത്തിയെട്ടുകാരന്‍ ശ്രദ്ധേയനായത്. ചെളി പുതഞ്ഞുകിടക്കുന്ന വയലിലൂടെ ഒരു ജോഡി പോത്തുകള്‍ക്കൊപ്പം ഓടുന്നതാണ് കമ്പള മത്സരം. 

ഇതില്‍ നൂറ് മീറ്റര്‍ ദൂരം 9.55 സെക്കന്‍ഡുകള്‍ കൊണ്ട് ശ്രീനിവാസ് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ലോകചാമ്പ്യനായ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡാണെങ്കില്‍ നൂറ് മീറ്റര്‍- 9.58 സെക്കന്‍ഡ് എന്ന നിലയിലാണ്. അങ്ങനെയെങ്കില്‍ ശ്രീനിവാസ്, ബോള്‍ട്ടിനെ മറികടന്നു എന്ന് കണക്കാക്കണമെന്നായിരുന്നു നിരവധി പേര്‍ വാദിച്ചത്. 

ഇതിനെ തുടര്‍ന്ന് ശ്രീനിവാസിനെ മത്സരത്തിനായി സായ് (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ ക്ഷണം ശ്രീനിവാസ് നിരസിച്ചു. ഇതിനിടെ ഉഡുപ്പി സ്വദേശിയായ നിശാന്ത് ഷെട്ടി, കമ്പള ഓട്ടത്തില്‍ പുതിയ റെക്കോര്‍ഡും സ്ഥാപിച്ചു. നൂറ് മീറ്റര്‍- 9.51 സെക്കന്‍ഡുകള്‍ക്ക് ഓടിത്തീര്‍ത്താണ് നിശാന്ത് റെക്കോര്‍ഡ് സൃഷ്ടിച്ചത്. 

എങ്കിലും 'ഇന്ത്യന്‍ ബോള്‍ട്ട്' എന്ന് വിളിപ്പേര് വീണുകിട്ടിയ ശ്രീനിവാസിനോട് കായികാസ്വാദകര്‍ക്കുണ്ടായ സ്‌നേഹത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. മൂഡബിദ്രി സ്വദേശിയായ ശ്രീനിവാസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യപ്പെടുകയാണ് കായികലോകവുമായി അടുപ്പം പുലര്‍ത്തുന്ന ഓരോരുത്തരും. 

ഇത്രയും വേഗത, അതിലെ കൃത്യത, ആത്മവിശ്വാസം, ഏത് പ്രൊഫഷണല്‍ കായികതാരത്തേയും വെല്ലുന്ന ശരീരം- അങ്ങനെ ശ്രീനിവാസില്‍ കാണുന്ന മൂല്യങ്ങളേറെയാണ്. എങ്ങനെയാണ് ഈ നിലയിലേക്ക് ഉയരാന്‍ തികച്ചും സാധാരണക്കാരനായ, ഒരു നിര്‍മ്മാണത്തൊളിലാളിക്ക് കഴിയുന്നത്!

വളരെ വ്യക്തമായ ഉത്തരമുണ്ട് ശ്രീനിവാസിന്. പതിനഞ്ചാം വയസ് മുതല്‍ ശാരീരികമായ പരിശീലനം തേടിത്തുടങ്ങിയതാണ് ശ്രീനിവാസ്. കമ്പള മത്സരത്തില്‍ പങ്കെടുക്കുന്ന മിക്കവാറും താരങ്ങള്‍ അങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് തന്നെയാണ് വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. വീട്ടില്‍ പോത്തുകളില്ലാത്തതിനാല്‍ അയല്‍പക്കത്തെ പോത്തുകള്‍ക്കൊപ്പം ഓടി പരിശീലിക്കുകയായിരുന്നു. 

മുതിര്‍ന്നപ്പോള്‍ നിര്‍മ്മാണത്തൊഴിലാളിയായി. ഇത് ഇരട്ടിഗുണമാണ് തനിക്ക് ഉണ്ടാക്കിയതെന്ന് ശ്രീനിവാസ് പറയുന്നു. ജിമ്മില്‍ പോയി ആളുകളുണ്ടാക്കുന്ന സിക്‌സ് പാക്ക് തനിക്ക് സമ്മാനിച്ചത് തൊഴിലാണെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് പുറമെ ഏകാഗ്രതയ്ക്കായി യോഗ പരിശീലിക്കുന്നുണ്ട്. 'പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്' പരിശീലനങ്ങള്‍ വേറെ. 

ഡയറ്റിന്റെ കാര്യത്തിലും സ്വല്‍പം 'സ്ട്രിക്ട്' ആണ് ശ്രീനിവാസ്. രാവിലെ കഞ്ഞി നിര്‍ബന്ധം. ഉച്ചയ്ക്ക് മീനും. എല്ലാ ദിവസവും നല്ലത് പോലെ മീന്‍ കഴിക്കും. തന്റെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ മീനാണെന്നാണ് ശ്രീനിവാസ് പറയുന്നത്. ചിക്കനുണ്ടെങ്കില്‍ അതും ഉച്ചയ്ക്ക് കഴിക്കും. ധാരാളം തേങ്ങ ഭക്ഷണത്തിലുള്‍പ്പെടുത്തും. പച്ചക്കറികള്‍, പഴങ്ങള്‍ എല്ലാം ധാരാളമായി കഴിക്കേണ്ടതുണ്ട്. ഇങ്ങനെയെല്ലാമാണെങ്കില്‍ അത്താഴം എന്താണെന്ന് വെളിപ്പെടുത്താന്‍ ശ്രീനിവാസ് തയ്യാറല്ല. അത് ഞങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഏതായാലും സാധാരണക്കാരായ ചെറുപ്പക്കാര്‍ക്കെല്ലാം ഒരുത്തമ മാതൃകയാണ് ശ്രീനിവാസ്. ജോലിയേയും ജീവിതസാഹചര്യങ്ങളേയുമെല്ലാം തനിക്ക് അനുകൂലമാക്കിക്കൊണ്ട് മുന്നേറിവന്ന താരം.

click me!