
കൊവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ മരണം വിതച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ജീവിതശൈലിയും സാമൂഹ്യ ഇടപെടൽ ശീലങ്ങളും മാറി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുകയാണ് നടി കനിഹ.
ഗർഭകാലത്തിന് ശേഷം താൻ പഴയ രൂപത്തിലേക്ക് തിരിച്ചു വന്നതിനെ കുറിച്ചും കനിഹ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ആരോഗ്യകരമായി ഭക്ഷിക്കാനും ആരോഗ്യത്തോടെ ഇരിക്കാനും കനിഹ ആരാധകരെ ഓര്‍മ്മിപ്പിച്ചു. 'ആരോഗ്യകരമായ ഭാവി ഇന്ന് നിങ്ങളുടെ കയ്യിലാണ്. ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂർ മാത്രമേ ഇതിനായി വേണ്ടിവരൂ. നിങ്ങൾ നിങ്ങൾക്ക് നല്ല ആരോഗ്യം സമ്മാനിക്കൂ'- കനിഹ കുറിച്ചു.
കനിഹയുടെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:
'അതേ, എനിക്ക് വലിയ കുഞ്ഞായിരുന്നു.. ഗർഭകാലത്ത് എനിക്ക് കുറച്ചധികം വലിയ വയറായിരുന്നു. അത് ഞാൻ അഭിമാനത്തോടെ തന്നെ കൊണ്ടു നടന്നിരുന്നു. പല അമ്മമാരെയും പോലെ പ്രസവ ശേഷം പഴയ രൂപത്തിലേക്ക് തിരിച്ച് വരാനുള്ള അവസരം എനിക്കുണ്ടായിരുന്നില്ല. കാരണം എന്റെ കുഞ്ഞിന് ജനിച്ചയുടനെ തന്നെ തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നു.
ജീവിതത്തില്‍ ചിലപ്പോള്‍ അത്ഭുതങ്ങൾ സംഭവിക്കും. എന്‍റെ മകൻ അതിജീവിച്ചവനാണ്. അവൻ ജീവിതം തിരഞ്ഞെടുത്തു. ഈ പോസ്റ്റ് അതിനെക്കുറിച്ചല്ല. ഞാന്‍ എങ്ങനെയാണ് പഴയ രൂപത്തിലേക്ക് തിരിച്ചെത്തിയത് എന്നതിനെക്കുറിച്ചാണ്.
ഒരേ ഒരു വഴിയാണ് ഞാൻ പിന്തുടർന്നത്. നിങ്ങളുടെ ജീവിതം, നിങ്ങളുടെ ശരീരം, നിങ്ങളുടെ അവകാശം. ഈ നിമിഷം വരെ എന്റെ ശരീരത്തെക്കുറിച്ചോ ഞാൻ കുഞ്ഞിനെ നോക്കുന്ന രീതിയെക്കുറിച്ചോ ആളുകളുടെ കമന്റുകൾക്ക് ഞാൻ ചെവി കൊടുത്തിട്ടില്ല. എനിക്കെന്താണോ നേടേണ്ടത് അതിനായി ഞാന്‍ നിശബ്ദമായി പ്രയത്നിച്ചു.
ഇന്നും പലരും ചിന്തിക്കുന്നുണ്ടാകും, കമന്‍റ് ചെയ്യുന്നുണ്ടാകും എന്തുകൊണ്ട് ഞാൻ ഫിറ്റ്നസ് തിരഞ്ഞെടുത്തു എന്ന്. എന്‍റെ കരിയറിന് വേണ്ടിയാണ് ഞാന്‍ അത് തിരഞ്ഞെടുത്തത് എന്നാണ് പലരും കരുതുന്നത്. പക്ഷേ എന്റെ ഉത്തരം 'അല്ല' എന്നാണ്. എന്റെ ആരോഗ്യകരമായ ഭാവിക്കായി ഞാൻ കരുതുന്ന സമ്പാദ്യമാണത്.
അതുകൊണ്ട് ആരോഗ്യകരമായി ഭക്ഷിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ. ആരോഗ്യകരമായ ഭാവി ഇന്ന് നിങ്ങളുടെ കയ്യിലാണ്. ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂർ മാത്രമേ ഇതിനായി വേണ്ടിവരൂ. നിങ്ങൾ നിങ്ങൾക്ക് നല്ല ആരോഗ്യം സമ്മാനിക്കൂ. എനിക്ക് കഴിയുമെങ്കില്‍ എന്തുകൊണ്ട് നിങ്ങൾക്കായിക്കൂടാ?'- കനിഹ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam