മമ്മൂട്ടി നായകനായി  എത്തുന്ന മാമാങ്കം ആണ് കനിഹ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമ. 

ബാഹ്യമായ സൗന്ദര്യം ക്ഷണികമാണെന്നും മനസ്സിന്റെ നന്മയാണ് യഥാര്‍ത്ഥ സൗന്ദര്യമെന്നും നടി കനിഹ. നിസ്സാര കാര്യങ്ങളില്‍ പതറരുതെന്നും കനിഹ പറയുന്നു. സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍ത വീഡിയോയിലാണ് കനിഹ ഇക്കാര്യം പറയുന്നത്. നമ്മളെ നമ്മളായി തന്നെ അംഗീകരിക്കുകയെന്നും കനിഹ പറയുന്നു.

കുറച്ചുനാളുകള്‍ക്ക് മുമ്പ് എനിക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്യാനാകുമായിരുന്നില്ല. കാരണം വില്ലനായി എനിക്ക് മുഖക്കുരു വന്നു. കവിളിന്റെ ഇരുവശത്തുമായി. മുമ്പ് ഇങ്ങനെ വന്നിട്ടുണ്ടായിരുന്നില്ല. ഒരു സിനിമാതാരമായതിനാല്‍ എന്റെ ആത്മവിശ്വാസത്തെ അത് തകര്‍ത്തുകളഞ്ഞു. സത്യത്തില്‍ കരഞ്ഞുപോയി. ഞാൻ ഡോക്ടറെ കണ്ടു. ധ്യാനം തുടങ്ങി. മോശം അവസ്ഥ മാറി. ഞാൻ ഇങ്ങനെയാണെന്ന് തിരിച്ചറിഞ്ഞു. അതോടെ അനാവശ്യമായ മാനസിക സമ്മര്‍ദ്ദം ഇല്ലാതായി. ശരീരവണ്ണം കൂടുതലാണ്, ചര്‍മ്മത്തിന് നിറമില്ല, മുഖക്കുരുവാണ് എന്നൊക്കെ പറഞ്ഞു സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ ഒരുപാടുണ്ട്. ബാഹ്യമായ സൗന്ദര്യം ക്ഷണികമാണ്. മനസ്സിന്റെ നന്മയാണ് യഥാര്‍ത്ഥ സൗന്ദര്യം എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്- കനിഹ പറയുന്നു. മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം ആണ് കനിഹ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമ.