
കണ്ണൂര്‍: പരിയാരം ഗവ.മെഡിക്കൽ കോളജ് ഹൃദയാരോഗ്യ വിഭാഗത്തില്‍ ശസ്ത്രക്രിയ കൂടാതെ പേസ്‌മേക്കർ ഘടിപ്പിച്ചു. അത്യാധുനിക ലീഡ്‌ലെസ് പേസ്‌മേക്കർ ചികിത്സാ സംവിധാനത്തിലൂടെയാണു സർജറി നടത്താതെ കാൽക്കുഴ വഴി ഹൃദയത്തിന്‍റെ വലത്തേ അറയിൽ പേസ്‌മേക്കർ ഘടിപ്പിച്ചത്. ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലുള്ള ചികില്‍സ രീതി ആദ്യമാണെന്നാണ് മെഡിക്കൽ കോളജ് അധികൃതര്‍ പറയുന്നത്.
കണ്ണൂർ സ്വദേശിയായ 75 കാരിയിലാണ് പേസ്മേക്കര്‍ ഘടിപ്പിച്ചത്. ഹൃദയചികിത്സയ്ക്കായി ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയെ ബോധം കെടുത്തി സർജറിയിലൂടെ പേസ്‌മേക്കർ ഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അതിനെ തുടർന്നാണു നൂതന ലീഡ് ലെസ് പേസ്‌മേക്കർ ചികില്‍സ നടത്തിയത്.
ഇത്തരം ചികിത്സയിൽ സർജറിയുടെ പാടുണ്ടാകുന്നില്ലെന്ന് മാത്രമല്ല, സാധാരണ പേസ്‌മേക്കറുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ പത്തിലൊന്നു വലിപ്പം മാത്രമേ നൂതന പേസ്‌മേക്കർ സംവിധാനത്തിനുള്ളൂ.
രണ്ട് ഗ്രാം മാത്രമാണ് ഇപ്പോൾ ഘടിപ്പിച്ചിരിക്കുന്ന പേസ് മേക്കറിന്റെ ഭാരം. ഡോ.എസ്.എം. അഷ്റഫിന്റെ നേതൃത്വത്തിൽ ഡോ. സി.ഡി. രാമകൃഷ്ണ, ഡോ. ഗെയ്‌ലിൻ സെബാസ്റ്റ്യൻ, ഡോ. വിവേക് എന്നിവർ ചേർന്നാണു ചികിത്സ നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam