
മലപ്പുറം: മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. രോഗം ബാധിച്ച് ദിവസങ്ങൾക്കിടെ മലപ്പുറത്ത് രണ്ടു പേര് മരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്.
പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ ആണ് രോഗബാധ കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നിയന്ത്രണം കടുപ്പിക്കുകയാണ്. പോത്തുകല്ലും എടക്കരയിലും കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുടിവെള്ളത്തിൽ അതീവ ശ്രദ്ധ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ശുദ്ധമായ കുടിവെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നു ഡി എം ഓ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
എന്താണ് വൈറൽ ഹെപ്പറ്റൈറ്റിസ്
വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് . പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.
പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുക
ചൂട് കൂടിയതിനാൽ തണുത്ത പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതിന് സാധ്യത കൂടുതലാണ്. ജ്യൂസ് മുതലായ തണുത്ത പാനീയങ്ങൾ തയ്യാറാക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. തിള വന്നതിനുശേഷം ചുരുങ്ങിയത് മൂന്നു മിനിറ്റ് വെള്ളം തിളപ്പിക്കണം. തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കരുത്. മലമൂത്ര വിസർജനം കക്കൂസുകളിൽ മാത്രമാക്കുക. കുട്ടികളുടെ വിസർജ്യങ്ങൾ കക്കൂസുകളിൽ മാത്രം നിക്ഷേപിക്കുക. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ.