
പല തരത്തിലുള്ള അലര്‍ജികളെ കുറിച്ചും നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ അധികപേരും കേട്ടിരിക്കാൻ സാധ്യതയില്ലാത്തൊരു അലര്‍ജിയാണ് കറണ്ടിനോട് അഥവാ വൈദ്യുതിയോടുള്ള അലര്‍ജി. ഇങ്ങനെയും ഒരലര്‍ജിയോ എന്ന് സംശയിക്കാം. അതെ, ഇങ്ങനെയും അലര്‍ജിയുണ്ട്. പക്ഷേ ഇതില്‍ അറിയേണ്ട വേറെയും പല കാര്യങ്ങളുമുണ്ട് എന്നതാണ് സത്യം.
ഇലക്ട്രോണിക് ഗാഡ്ഗെറ്റുകള്‍, ഉപകരണങ്ങള്‍ ഒന്നും ഒഴിച്ചുകൂട്ടാൻ പറ്റാത്തൊരു ജീവിതസാഹചര്യമാണ് നമുക്ക് ഇന്നുള്ളത്. എന്നാല്‍ ഇങ്ങനെയുള്ള ഉപകരണങ്ങളില്‍ നിന്നെല്ലാം പ്രവഹിക്കുന്ന വൈദ്യതിയെ 'സെൻസ്' ചെയ്യുകയും അതിന്‍റെ പ്രയാസങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നുവെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. ഇതാണ് 'ഇലക്ട്രോമാഗ്നറ്റിക് ഹൈപ്പര്‍സെൻസിറ്റിവിറ്റി' (ഇഎച്ച്എസ്).
വളരെ കാലം മുമ്പ് തന്നെ ഇഎച്ച്എസിനെ കുറിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍ ശാസ്ത്രീയമായി ഇത് മെഡിക്കല്‍ സയൻസ് അംഗീകരിക്കുന്നില്ല എന്നതാണ് പ്രശ്നം. ഇത്തരത്തിലുള്ള അംഗീകരിക്കപ്പെട്ട പഠനങ്ങളില്ല, തെളിവുകളില്ല. റേഡിയോയുമായി അടുത്തിടപഴകുന്ന പട്ടാളക്കാരിലും മറ്റും 'മൈക്രോവേവ് സിൻഡ്രോം' എന്നൊരു പ്രശ്നം ബാധിച്ചിരുന്നതായി പഴയ സോവിയറ്റ് യൂണിയൻ അറിയിച്ചതായുള്ള രേഖകള്‍ ഉണ്ട്. ഈ 'മൈക്രോവേവ് സിൻഡ്രോം' തന്നെയാണ് 'ഇലക്ട്രോമാഗ്നറ്റിക് ഹൈപ്പര്‍സെൻസിറ്റിവിറ്റി'യും.
ഒരു വ്യക്തിക്ക് വൈദ്യുതപ്രവാഹം അനുഭവപ്പെടുന്ന അവസ്ഥ. അത് കംപ്യൂട്ടറില്‍ നിന്നോ മൈക്രോവേവ് ഓവനില്‍ നിന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉപകരണങ്ങളില്‍ നിന്നോ എല്ലാമാകാം. നമ്മള്‍ വീട്ടില്‍ നിത്യവും ഉപയോഗിക്കുന്ന ഫോണ്‍ അടക്കമുള്ളവ ഇതിലുള്‍പ്പെടുന്നു.
ഇഎച്ചഎസിന് പൊതുവായി ചില ലക്ഷണങ്ങളും പറയപ്പെടുന്നുണ്ട്. തലവേദന, തലകറക്കം, വിറയല്‍, സ്കിൻ പ്രശ്നങ്ങള്‍, ശരീരവേദന, ഉറക്കപ്രശ്നങ്ങള്‍, മൂഡ്-പ്രശ്നങ്ങള്‍, ശ്രദ്ധക്കുറവ് എന്നിങ്ങനെയൊക്കെയാണ് ഇപ്പറയുന്ന ലക്ഷണങ്ങള്‍. ലക്ഷണങ്ങളൊക്കെ ഇങ്ങനെ പട്ടികപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും രോഗമായി മെഡിക്കല്‍ സയൻസ് അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ തന്നെ ഇതിന് ചികിത്സയും ഇല്ല.
Also Read:- പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലറക്കം, നെഞ്ചിരിച്ചിലും നെഞ്ചിടിപ്പും; കാരണം ഇതാകാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-