
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു ഇന്തോനേഷ്യയില്‍ വിനോദസഞ്ചാരത്തിനെത്തിയ ഇന്ത്യന്‍ കുടുംബം ഹോട്ടലില്‍ മോഷണം നടത്തിയത്. ബാലിയിലെ ഹോട്ടലില്‍ താമസിച്ച കുടുംബം മുറി ഒഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു ജീവനക്കാര്‍ തൊണ്ടിയോടെ പിടിച്ചത്.
പിന്നീട് ട്വിറ്ററിലൂടെ സംഭവത്തിന്റെ വീഡിയോയും വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടു. ടൗവ്വലുകള്‍, ചെറിയ ഇലക്ട്രോണിക് സാധനങ്ങള്‍, അലങ്കാര വസ്തുക്കള്‍- തുടങ്ങിയവയായിരുന്നു കുടുംബം മോഷ്ടിച്ചിരുന്നത്. പിടിക്കപ്പെട്ടുവെന്നായപ്പോള്‍ ഇവര്‍ എടുത്ത സാധനങ്ങളുടെ വില തരാമെന്ന് സമ്മതിക്കുന്നതായും വീഡിയയോയിലുണ്ട്.
എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ ഇത് കൂട്ടാക്കിയില്ല. എന്തായാലും സംഭവം ഇത്രമാത്രം ചര്‍ച്ചയായതോടെ ഇതിന്റെ മറ്റ് സാധ്യതകളെക്കുറിച്ച് ആരായുകയാണ് സോഷ്യല്‍ മീഡിയയിലെ ചിലരെങ്കിലും. പ്രസക്തമായ ഒരു വാദം ഇതിനിടെ ഉയരുകയുണ്ടായി.
മോഷണം നടത്തിയ കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാനസികരോഗമാകാമെന്നതായിരുന്നു ആ വാദം. മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നത് മാനസികരോഗമാണോ? അത് മോഷണം അല്ലേ? എന്ന് ചോദിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ കേട്ടോളൂ, മറ്റുള്ളവരുടെ സാധനങ്ങള്‍ മോഷ്ടിക്കുന്ന തരം മാനസികരോഗവും മനുഷ്യര്‍ക്കുണ്ടാവാറുണ്ട്.
ബാലിയില്‍ നടന്ന സംഭവം ഇത്തരത്തിലുള്ളതാണോയെന്ന് വ്യക്തമല്ല. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇങ്ങനെയുള്ള മാനസികരോഗികള്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമായും ഉണ്ട്.
മോഷണം എന്ന മാനസികരോഗം...
കേട്ടിട്ടില്ലേ, ഹോസ്റ്റലുകളില്‍ വച്ച് വസ്ത്രങ്ങള്‍ കാണാതായി, അല്ലെങ്കില്‍ വാച്ച് പോയി, മാല പോയി, ചെരുപ്പ് പോയി എന്നെല്ലം പരാതിപ്പെടുന്നത്. ധരിക്കാന്‍ വസ്ത്രമില്ലാത്തത് കൊണ്ടോ, വാച്ച് ആവശ്യമായത് കൊണ്ടോ, അല്ലെങ്കില്‍ ഇവയെല്ലാം പണം കൊടുത്ത് വാങ്ങിക്കാന്‍ ആകാത്തത് കൊണ്ടോ അല്ല, പലപ്പോഴും മോഷ്ടിക്കുന്നത്.
'ക്ലെപ്‌ടോമാനിയ' എന്ന അസുഖത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ, അന്യരുടെ മുതല്‍ മോഷ്ടിക്കാന്‍ മനസ് വെമ്പുന്ന ഒരവസ്ഥയാണിത്. ചില സാധനങ്ങള്‍ കാണുമ്പോള്‍, അത് വെറുതേയങ്ങ് എടുക്കണം എന്നൊരു തോന്നലുണ്ടാകുന്നു. ആ തോന്നലിനെ മറികടക്കാനാകാതെ, അതെടുക്കുന്നു.
പിന്നീട് ആവശ്യം വരുമോ ഇല്ലയോ എന്നൊന്നും ചിന്തിക്കുന്നില്ല. അല്ലെങ്കില്‍- ഇതേ സാധനം പണം കൊടുത്താല്‍ എനിക്കും വാങ്ങിക്കാന്‍ കിട്ടുമല്ലോ എന്നും ഓര്‍ക്കുന്നില്ല. അത്തരം യുക്തിക്കൊന്നും തന്നെ രോഗിയില്‍ സ്ഥാനവുമില്ല. പലപ്പോഴും കട്ടെടുത്ത സാധനങ്ങള്‍ രോഗി തന്നെ ഉപേക്ഷിക്കുമത്രേ. അതായത്, ഒരു പ്രത്യേക സമയത്തേക്കുണ്ടാകുന്ന ഒരാവേശമാണ് അയാളെ സംബന്ധിച്ച് മോഷണം.
മാത്രമല്ല, 'ക്ലെപ്‌ടോമാനിയ' ഉള്ളവരില്‍ പിന്നീട് താന്‍ ചെയ്ത തെറ്റിനെയോര്‍ത്ത് നിരാശയോ കുറ്റബോധമോ എല്ലാം ഉണ്ടാകാനുള്ള സാധ്യതയുമുണ്ടെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. പുരുഷന്മാരെക്കാളും സ്ത്രീകളിലാണ് 'ക്ലെപ്‌ടോമാനിയ' കൂടുതലായി കാണപ്പെടുന്നതെന്ന് മാനസികരോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ 'ഡയഗ്നോസ്റ്റിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്‌സ്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
'ക്ലെപ്‌ടോമാനിയ'യെ കുറിച്ച്....
ലിംഗപരമായി സ്ത്രീകളിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത് എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ പ്രായത്തിന്റെ കാര്യത്തില്‍ ഇത്തരം പരിധികളൊന്നുമില്ല. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധരായവര്‍ വരെ ഇത് ചെയ്‌തേക്കാം.
ബൈപോളാര്‍, ഉത്കണ്ഠ, നിരാശ, പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍- തുടങ്ങിയ മറ്റേതെങ്കിലും മാനസിക വിഷമതയുള്ള ആളുകളിലാണ് സാധാരണഗതിയില്‍ 'ക്ലെപ്‌ടോമാനിയ'യും കാണാറ്. കൃത്യമായും തലച്ചോറിനകത്ത് നടക്കുന്ന രാസവ്യതിയാനങ്ങള്‍ തന്നെയാണ് രോഗിയെക്കൊണ്ട് മോഷണം നടത്തിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
സെറട്ടോണിന്‍, ഡോപമിന്‍- തുടങ്ങിയ രാസപദാര്‍ത്ഥങ്ങളാണ് ഇത്തരം പ്രവര്‍ത്തനത്തില്‍ തലച്ചോറിനകത്ത് ഉള്‍പ്പെടുന്നതത്രേ. സാരമായ രീതിയില്‍ 'മൂഡ് ഡിസോര്‍ഡര്‍' ഉണ്ടാകുന്നവരിലും 'ക്ലെപ്‌ടോമാനിയ' കാണുന്നു. കൃത്യമായ ചികിത്സ ഇതിന് നല്‍കാനാകുമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഓരോ രോഗിയിലും ചികിത്സകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ലക്ഷണങ്ങള്‍...
'ഡയഗ്നോസ്റ്റിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്‌സ്' ചില ലക്ഷണങ്ങള്‍ 'ക്ലെപ്‌ടോമാനിയ'യുടേതായി വിശദീകരിക്കുന്നുണ്ട്. അവ ഏതെല്ലാമാണെന്ന് കൂടി ഒന്ന് നോക്കാം.
1. ഉപയോഗമില്ലാത്തതോ സാമ്പത്തികലാഭമില്ലാത്തതോ ആയ സാധനങ്ങള്‍ പോലും എടുക്കണം- എന്ന തോന്നല്‍ നിരന്തരം ഉണ്ടാകുന്നുവെങ്കില്‍ അത് 'ക്ലെപ്‌ടോമാനിയ'യുടെ ലക്ഷണമാകാം.
2. മോഷണത്തിന് മുമ്പ് കടുത്തരീതിയില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാകുന്നത്.
3. എന്നാല്‍ മോഷണസമയത്ത്, വല്ലാത്തൊരു സന്തോഷവും സംതൃപ്തിയും തോന്നുന്നത്.
4. ആരെയെങ്കിലും വഞ്ചിക്കാന്‍ വേണ്ടിയോ അല്ലെങ്കില്‍ ആരോടെങ്കിലും വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയോ ഒന്നുമല്ലാതെ അവരുടെ സാധനങ്ങള്‍ എടുക്കാന്‍ തോന്നുന്നത്. അതായത്, അപരിചിതരായവരുടെ സാധനങ്ങള്‍ വരെ എടുക്കുന്നത്.
5. സാധാരണഗതിയില്‍ എന്തെങ്കിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോ സ്വഭാവ വൈകൃതങ്ങളോ കാണിക്കാത്ത ഒരാളായിട്ട് കൂടി, മോഷണത്തിന് താല്‍പര്യമുണ്ടാകുന്നതും 'ക്ലെപ്‌ടോമാനിയ' ആകാനുള്ള സാധ്യതയുണ്ട്.