Acne Solution : മുഖക്കുരുവിന് മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം? അറിയാം ചില ടിപ്‌സ്...

By Web TeamFirst Published Jan 11, 2022, 7:49 PM IST
Highlights

മുഖക്കുരുവിനെ പെട്ടെന്ന് ഇല്ലാതാക്കാനായി നാം വീട്ടില്‍ തന്നെ ചെയ്യുന്ന പല പൊടിക്കൈകളും അശാസ്ത്രീയമാണ്. കുരു അമര്‍ത്തിപ്പൊട്ടിക്കുന്നതോ, മുഖക്കുരുവില്‍ ടൂത്ത് പേസ്റ്റ് തേക്കുന്നതോ എല്ലാം ഇത്തരത്തിലുള്ള പിഴവുകളാണ്

കാത്തുകാത്തിരുന്ന ഒരു ആഘോഷാവസരമോ, പാര്‍ട്ടിയോ ( Party ) വന്നെത്തുന്ന ദിവസങ്ങളില്‍ തന്നെ മുഖത്ത് മുഖക്കുരു ( Acne ) വരുന്നത് പലപ്പോഴും പലരും പരാതിപ്പെടാറുള്ളൊരു കാര്യമാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ചുരുങ്ങിയ സമയത്തിനകം എങ്ങനെ പരിഹാരം കാണണമെന്നറിയാതെ നാം കുഴങ്ങാറുണ്ട്. 

മുഖക്കുരുവിന് അതിവേഗത്തിലുള്ളതോ, താല്‍ക്കാലികമായതോ ആയ പരിഹാരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലെന്ന് തന്നെയാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ അടക്കം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ പെട്ടെന്ന് ഫലം ലഭിക്കാന്‍ വേണ്ടി ചെയ്യുന്ന പലതും പിന്നീട് ചര്‍മ്മത്തിന് ദോഷം ചെയ്‌തേക്കാവുന്നതുമാണ്. 

എങ്കിലും ചില ടിപ്‌സ് ഉപയോഗിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖക്കുരുവുണ്ടാക്കുന്ന പ്രശ്‌നങ്ങളെ വലിയൊരു പരിധി വരെ പരിഹരിക്കാന്‍ കഴിയും. അത്തരത്തിലുള്ള മൂന്ന് പ്രധാന പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. ജയശ്രീ ശരദ്. 

ഒന്ന്...

ബന്‍സൈല്‍ പെറോക്‌സൈഡ് ജെല്‍ ഉപയോഗിച്ച് മുഖക്കുരുവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ വലിയൊരു പരിധി വരെ ഭേദപ്പെടുത്താനാകുമെന്നാണ് ഡോ. ജയശ്രീ പറയുന്നത്. 2.5 ശതമാനം ബെന്‍സൈല്‍ പെറോക്‌സൈഡ് ജെല്‍ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. നേരിട്ട് മുഖക്കുരുവില്‍ തന്നെ അപ്ലൈ ചെയ്യാം. എന്നാല്‍ വളരെ പരിമിതമായ അളവില്‍ മാത്രമേ ഇതുപയോഗിക്കാവൂ. 

ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാനും, ബ്ലാക്ക് ഹെഡ്‌സ്- വൈറ്റ് ഹെഡ്‌സ് എന്നിവ വരാതിരിക്കാനും, മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ ഇല്ലാതാക്കാനുമെല്ലാം ഇത് സഹായിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യം, അമിതമായി ഡ്രൈ ആയതോ, തൊലി അടര്‍ന്നിരിക്കുന്നതോ ആയ മുഖത്ത് ഇത് അപ്ലൈ ചെയ്യരുത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഒരു ഡെര്‍മറ്റോളജിസ്റ്റിനെ ബന്ധപ്പെടുകയും ആവാം. 

രണ്ട്...

പിമ്പിള്‍ പാച്ചസിനെ കുറിച്ച് അറിയില്ലേ? മുഖക്കുരുവിന് പുറത്ത് ഒട്ടിക്കുന്ന ചെറിയ സ്റ്റിക്കറുകള്‍ ആണിവ. മുഖക്കുരു പൊട്ടാതിരിക്കാനും അതുപോലെ കുരുവിനകത്തെ പഴുപ്പ് വലിച്ചെടുത്ത് കുരുവിനെ ഉണക്കാനുമെല്ലാമാണ് ഇവ സഹായിക്കുന്നത്. മുഖക്കുരുവിന് പെട്ടെന്ന് പരിഹാരം കാണണമെങ്കില്‍ ആറ് മിക്കൂര്‍ തുടര്‍ച്ചയായി പിമ്പിള്‍ പാച്ചസ് ഉപയോഗിക്കാം. എന്നാല്‍ ധാരാളം പഴുപ്പ് നിറഞ്ഞ വലിയ കുരു, അതുപോലെ സിസ്റ്റ് പോലുള്ള വലിയ കുരു എന്നിവയില്‍ പിമ്പിള്‍ പാച്ചസ് വയ്ക്കാതിരിക്കുന്നതാണ് നല്ലത്. 

മൂന്ന്...

മുകളില്‍ പറഞ്ഞതുപോലെ സിസ്റ്റ് പോലുള്ള വലിയ കുരു ആണ് ഉണ്ടായിരിക്കുന്നതെങ്കില്‍ ഇവ ചുുരുങ്ങിയ സമയത്തിനകം ചെറുതാക്കി, ഉണക്കിയെടുക്കാന്‍ സഹായിക്കുന്ന തരം ഇന്‍ജെക്ഷനുണ്ട്. ഇത് ഡെര്‍മറ്റോളജിസ്റ്റുകള്‍ മാത്രമാണ് ചെയ്യുന്നത്. വീട്ടില്‍ ഒരു തരത്തിലും ഇതിന് ശ്രമിക്കരുത്. 

ചെയ്യരുതാത്ത ചിലത് കൂടി...

മുഖക്കുരുവിനെ പെട്ടെന്ന് ഇല്ലാതാക്കാനായി നാം വീട്ടില്‍ തന്നെ ചെയ്യുന്ന പല പൊടിക്കൈകളും അശാസ്ത്രീയമാണ്. കുരു അമര്‍ത്തിപ്പൊട്ടിക്കുന്നതോ, മുഖക്കുരുവില്‍ ടൂത്ത് പേസ്റ്റ് തേക്കുന്നതോ എല്ലാം ഇത്തരത്തിലുള്ള പിഴവുകളാണ്. ഇങ്ങനെയുള്ള പൊടിക്കൈകളൊന്നും മുഖത്ത് പരീക്ഷിക്കരുത്. ഏറ്റവും ഉത്തമം സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ കാണുകയോ ഉപദേശം തേടുകയോ തന്നെയാണ്.

Also Read:- മുഖത്തെ ചുളിവുകൾ മാറാൻ ഓട്സ് ഇങ്ങനെ ഉപയോ​ഗിക്കൂ

click me!