Asthma Attack : എന്താണ് 'ആസ്ത്മ അറ്റാക്ക്'?; അറിയേണ്ട കാര്യങ്ങള്‍...

By Web TeamFirst Published Dec 2, 2021, 8:21 PM IST
Highlights

ആത്സ്മ രോഗികളില്‍ ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന ചെറിയ ട്യൂബുകള്‍ ചുരുങ്ങുകയോ, വികസിക്കുകയോ അസാധാരണമായ രീതിയില്‍ കഫം പുറപ്പെടുവിക്കുകയോ എല്ലാം ചെയ്യുന്നു

ആസ്ത്മ എന്ന രോഗത്തെ ( Asthma Disease ) കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ കാണില്ല. ശ്വാസകോശ സംബന്ധമായ രോഗമാണിതെന്നും ( Lung Disease) മിക്കവര്‍ക്കും അറിയുന്നതായിരിക്കും. എന്നാല്‍ എന്താണ് 'ആത്സ്മ അറ്റാക്ക്'? ( Asthma Attack ). പലര്‍ക്കും ഇത് കേള്‍ക്കുമ്പോള്‍ സംശയം തോന്നിയേക്കാം, 'ഹാര്‍ട്ട് അറ്റാക്ക്' എന്നെല്ലാം പറയുന്നത് പോലെ ആസ്ത്മ രോഗിയിലും ഇങ്ങനെ സംഭവിക്കുമോ?! 

ലളിതമായി പറഞ്ഞാല്‍ 'അതെ' എന്നാണ് ഉത്തരം. ആത്സ്മ രോഗികളില്‍ ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന ചെറിയ ട്യൂബുകള്‍ ചുരുങ്ങുകയോ, വികസിക്കുകയോ അസാധാരണമായ രീതിയില്‍ കഫം പുറപ്പെടുവിക്കുകയോ എല്ലാം ചെയ്യുന്നു. 

അലര്‍ജിക്ക് ഇടയാക്കുന്ന തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ശ്വസനത്തിലൂടെ അകത്തുകടക്കുമ്പോള്‍ ഈ ട്യൂബുകള്‍ കുറെക്കൂടി സമ്മര്‍ദ്ദത്തിലാകുന്നു. ഇതോടെ ശ്വസനപ്രക്രിയയും തടസപ്പെടുന്നു. ഇങ്ങനെയാണ് 'ആത്സ്മ അറ്റാക്ക്' സംഭവിക്കുന്നത്. 

 

 

ആസ്ത്മ ഉള്ള എല്ലാവരിലും എല്ലായ്‌പോഴും ഇത് സംഭവിക്കില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരുണ്ട്. ഇവരില്‍ ചെറിയ രീതിയില്‍ മാത്രമേ രോഗം പിടിപെട്ടിട്ടുള്ളൂ എന്ന് അനുമാനിക്കാം. എന്നാല്‍ ഗുരുതരമായ രീതിയില്‍ രോഗം പിടിപ്പെട്ടവരിലും മറ്റ് അനുബന്ധ ശ്വാസകോശരോഗങ്ങളുള്ളവരിലും കാര്യങ്ങള്‍ മറിച്ചാണ്. 

ഇത്തരക്കാര്‍ ഇടവിട്ട് 'ആത്സ്മ അറ്റാക്ക്' നേരിട്ടേക്കാം. നെഞ്ചില്‍ അസഹനീയമായ മുറുക്കം, അസ്വസ്ഥത, നേരിയ ഒരു നാളിയിലൂടെ ശ്വാസം എടുക്കുന്നത് പോലുള്ള പ്രയാസം, നെഞ്ചിനകത്ത് അതിയായ സമ്മര്‍ദ്ദം എന്നിങ്ങനെ പല വിഷമതകളാണ് 'ആസ്ത്മ അറ്റാക്ക്' നേരിടുമ്പോള്‍ അനുഭവിക്കേണ്ടത്. ഈ വിഷമതകളുടെ കാര്യത്തില്‍ ഓരോ രോഗിയിലും ഏറ്റക്കുറച്ചിലുണ്ടാകാം. 

സാരമായ രീതിയില്‍ ആസ്ത്മ ഇല്ലാത്തവരാണെങ്കില്‍ 'ആസ്ത്മ അറ്റാക്ക്' ഉണ്ടായാലും നെബുലൈസറും ഇന്‍ഹെയിലറും ഉപയോഗിച്ച് വീട്ടില്‍ തന്നെ കൈകാര്യം ചെയ്യാവുന്നതാണ്. അല്ലാത്തവര്‍ നിര്‍ബന്ധമായും വൈദ്യഹായം തേടുകയാണ് വേണ്ടത്. 

 

 

ഇനി 'ആസ്ത്മ അറ്റാക്ക്'ന്റെ ചില ലക്ഷണങ്ങള്‍ കൂടി മനസിലാക്കാം. ശ്വാസതടസം തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണം, ശ്വാസം പുറത്തുവിടുമ്പോള്‍ ശബ്ദം, നിര്‍ത്താതെയുള്ള ചുമ, നെഞ്ചില്‍ സമ്മര്‍ദ്ദം, പെട്ടെന്ന് ശ്വാസമെടുക്കുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ 'ആസ്ത്മ അറ്റാക്ക്'ന്റെ പ്രകടമായ ലക്ഷണങ്ങളാണ്. അസാധാരണമായ രീതിയില്‍ ശ്വാസതടസം നേരിട്ടാല്‍ തന്നെ വ്യക്തിയെ ഉടനടി ആശുപത്രിയിലെത്തിക്കുന്നതാണ് ഉചിതം.

Also Read:- കുട്ടികളിലെ ആസ്ത്മ തടയാം; പുതിയ പഠനം പറയുന്നത്...

click me!