കണ്ണില്‍ എന്തെങ്കിലും പരുക്ക് പറ്റിയാല്‍ വെള്ളം കൊണ്ട് കഴുകാമോ? ചെയ്യേണ്ടത് എന്തെല്ലാം?

Published : Aug 01, 2023, 01:20 PM IST
കണ്ണില്‍ എന്തെങ്കിലും പരുക്ക് പറ്റിയാല്‍ വെള്ളം കൊണ്ട് കഴുകാമോ? ചെയ്യേണ്ടത് എന്തെല്ലാം?

Synopsis

കണ്ണിനുള്ളില്‍ എന്തെങ്കിലും തരത്തിലുള്ള പരുക്ക് പറ്റിയാല്‍ ഉടനെ നാം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കണ്ണുകളില്‍ എത്ര ചെറിയ പരുക്കാണ് പറ്റുന്നതെങ്കിലും അത് കൃത്യമായി ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കില്‍ കാഴ്ച വരെ നഷ്ടപ്പെടുന്നതിലേക്ക് നീങ്ങാം. 

അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളിലോ അസുഖങ്ങളിലോ എല്ലാം പ്രാഥമിക ചികിത്സ വളരെ പ്രധാനമാണ്. ഒരുപക്ഷേ രോഗിയുടെ ജീവൻ തിരിച്ചുപിടിക്കുന്നതോ, അല്ലെങ്കില്‍ ഏതെങ്കിലുമൊരു അവയവം തന്നെ നഷ്ടപ്പെടാതെ കാക്കുന്നതോ എല്ലാം ഇത്തരത്തിലുള്ള സമയോചിതമായ ഇടപെടലിലൂടെയാകാം.

ഇങ്ങനെ കണ്ണിനുള്ളില്‍ എന്തെങ്കിലും തരത്തിലുള്ള പരുക്ക് പറ്റിയാല്‍ ഉടനെ നാം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കണ്ണുകളില്‍ എത്ര ചെറിയ പരുക്കാണ് പറ്റുന്നതെങ്കിലും അത് കൃത്യമായി ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കില്‍ കാഴ്ച വരെ നഷ്ടപ്പെടുന്നതിലേക്ക് നീങ്ങാം. 

സ്വയം ചികിത്സ...

മിക്കവരും നിത്യജീവിതത്തില്‍ അവരവര്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ എല്ലാം സ്വയം തന്നെ ചികിത്സ  തേടാറുണ്ട്. ഈ ശീലം തീര്‍ത്തും അപകടകരമാണ്. കണ്ണില്‍ പരുക്ക് പറ്റിയാലും അങ്ങനെ തന്നെ. കണ്ണിലേക്ക് കെമിക്കലുകളെന്തെങ്കിലും വീഴുകയോ, എന്തെങ്കിലും കുത്തിക്കയറുകയോ മറ്റോ ചെയ്താല്‍ അത് സ്വയം തന്നെ നീക്കം ചെയ്യാൻ ശ്രമിക്കരുത്. ഉടനടി ആശുപത്രിയില്‍ എമര്‍ജൻസിയില്‍ എത്തുകയാണ് വേണ്ടത്. 

കണ്ണ് തിരുമ്മുന്നത്...

കണ്ണില്‍ ഏത് തരത്തിലുള്ള പരുക്കാണ് പറ്റിയതെങ്കിലും കണ്ണ് തിരുമ്മരുത്. കാരണം ഇത് കണ്ണിന് കൂടുതല്‍ പരുക്ക് പറ്റുന്നതിലേക്ക് നയിക്കാം. കോര്‍ണിയയിലും മറ്റും വര വീഴാനെല്ലാം സാധ്യത കണ്ണ് തിരുമ്മുമ്പോള്‍ കൂടുതലാണ്. 

വെള്ളം കൊണ്ട് കഴുകല്‍...

കണ്ണില്‍ എന്തെങ്കിലും പരുക്ക് സംഭവിച്ചാല്‍ ഉടൻ തന്നെ വെള്ളം കൊണ്ട് കഴുകണമെന്ന് പറയുന്നവരുണ്ട്. എന്നാലിങ്ങനെ ചെയ്യാമോ എന്ന സംശയം പലര്‍ക്കുമുണ്ടാകാറുണ്ട്. കണ്ണില്‍ കെമിക്കലുകളോ നിസാരമായ സാധനങ്ങളോ എന്തെങ്കിലും പോയതാണെങ്കില്‍ തീര്‍ച്ചയായും കണ്ണില്‍ വെള്ളമൊഴിച്ച് കഴുകുന്നത് നല്ലത് തന്നെയാണ്. വൃത്തിയുള്ള, ഒഴുക്കുള്ള വെള്ളം കണ്ണുകള്‍ തുറന്നുവച്ച് കഴുകുകയാണ് വേണ്ടത്. 

കണ്ണുകള്‍ അമര്‍ത്തുന്നത്...

കണ്ണില്‍ എന്ത് പറ്റിയാലും നമുക്ക് കണ്ണ് തിരുമ്മാനും, കണ്ണുകളടച്ച് അമര്‍ത്തി തൊടാനുമെല്ലാം പ്രവണത തോന്നാം. എന്നാല്‍ കണ്ണില്‍ എന്ത് പരുക്ക് സംഭവിച്ചാലും ഒരു കാരണവശാലും കണ്ണ് അമര്‍ത്തുകയോ, സമ്മര്‍ദ്ദം നല്‍കുകയോ ചെയ്യരുത്. ഇത് കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നയിക്കും. വൃത്തിയുള്ള കോട്ടൺ തുണിയോ ബാൻഡേജോ കൊണ്ട് കണ്ണ് മൂടി തീരെ ബലം കൊടുക്കാതെ കെട്ടിവച്ച് ആശുപത്രിയിലേക്ക് പോകാവുന്നതാണ്. 

മരുന്നുകളോ ഓയിൻമെന്‍റുകളോ തേക്കുന്നത്...

ചിലരുണ്ട്, എന്ത് അപകടം സംഭവിച്ചാലും അതിന് പറ്റുന്ന പൊടിക്കൈകളുണ്ടെന്ന് നിര്‍ദേശിക്കുന്നവര്‍. ഇത് അക്ഷരംപ്രതി അനുസരിക്കുന്നവരും കുറവല്ല. എന്നാല്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ ഇത്തരത്തിലുള്ള സ്വയം ചികിത്സകളൊന്നും ചെയ്യരുത്. കണ്ണില്‍ ഓയിൻമെന്‍റുകളോ മറ്റ് മരുന്നുകളോ ഒന്നും തേക്കരുത്. അതുപോലെ പൊടിക്കൈകളായി പറയപ്പെടുന്ന പരിഹാരങ്ങളും ചെയ്യാൻ തുനിയരുത്.  നേരെ ആശുപത്രിലെത്തുക. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ വിലയരുത്തി ആവശ്യമായ ചികിത്സ അവര്‍ നിര്‍ദേശിക്കും. 

Also Read:- നടക്കുമ്പോള്‍ കാലില്‍ ഈ പ്രശ്നം കാണാറുണ്ടോ? ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചിയ സീഡ് വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
Weight Loss Stories : ആ ഭക്ഷണങ്ങൾ ഒഴിവാക്കിയപ്പോൾ ശരീരഭാരം കുറഞ്ഞു, ഇപ്പോൾ അത്താഴം നേരത്തെ കഴിക്കും ; 30 കിലോ ഭാരം കുറച്ചതിനെ കുറിച്ച് സന്തോഷ് കുരുവിള