
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നാം സാധാരണഗതിയില്‍ ഏതൊരു തരം ഡയറ്റിലേക്കും പോകാറ്. ഡയറ്റ് തെരഞ്ഞെടുക്കുമ്പോള്‍ പക്ഷേ ഓരോരുത്തരും അവരവരുടെ പ്രായം, ആരോഗ്യസ്ഥിതി എന്നിങ്ങനെ പല ഘടകങ്ങളും വിലയിരുത്തേണ്ടതുണ്ട്. അല്ലാതെ പെട്ടെന്നൊരു തീരുമാനമെടുത്ത് ഡയറ്റിലേക്ക് കടക്കരുത്. ഇത് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല പലപ്പോഴും ദോഷമായും വരാം.
എന്തായാലും ഡയറ്റുമായി ബന്ധപ്പെട്ടുണ്ടായൊരു ദാരുണ സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്നവരെ നമ്മള്‍ വീഗൻ എന്നാണല്ലോ വിളിക്കാറ്. ഈ വിഭാഗക്കാരില്‍ തന്നെ അപൂര്‍വം ചിലര്‍ സസ്യാഹാരങ്ങള്‍ പച്ചയ്ക്ക് കഴിക്കണമെന്ന് വാദിക്കാറുണ്ട്. ഇങ്ങനെ കഴിച്ചാല്‍ പ്രകൃതിയോട് കൂടുതല്‍ ഇണങ്ങിജീവിക്കുന്നതിന് തുല്യമായിരിക്കും, അത് അസുഖങ്ങളെ അകറ്റും, ആരോഗ്യം മെച്ചപ്പെടുത്തുമെന്നുമെല്ലാമാണ് വാദങ്ങള്‍.
എന്നാല്‍ എത്ര പേര്‍ പ്രായോഗികതലത്തില്‍ ഈ വ്യത്യസ്തമായ ഡയറ്റ് പാലിക്കുന്നുണ്ട് എന്നത് പറയുക. വയ്യ. ഇപ്പോഴിതാ റഷ്യക്കാരിയായ സാന്ന സാംസോനോവ എന്ന മുപ്പത്തിയൊമ്പതുകാരി ഈ ഡയറ്റ് പാലിച്ചതിനെ തുടര്‍ന്ന് അസുഖബാധിതയായി മരിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഒരു ഫുഡ് ഇൻഫ്ളുവൻസറായിരുന്ന സാന്ന പലപ്പോഴും തന്‍റെ പ്രേക്ഷകരോട് സസ്യാഹാരങ്ങള്‍ പച്ചയ്ക്ക് കഴിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും ഈ ഡയറ്റിനെ മഹത്വവത്കരിച്ചായിരുന്നു ഇവര്‍ സംസാരിച്ചിരുന്നതും പരസ്യമായ ഇടപെടലുകള്‍ നടത്തിയിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പത്ത് വര്‍ഷമായി സസ്യാഹാരങ്ങള്‍ പച്ചയ്ക്ക് മാത്രം കഴിക്കുന്ന രീതിയായിരുന്നുവത്രേ ഇവരുടേത്. അധികവും പഴങ്ങള്‍ തന്നെ ഭക്ഷണം. പക്ഷേ ഇതിനിടയില്‍ എപ്പോഴാണ് ഇവരുടെ ആരോഗ്യനില പ്രശ്നത്തിലായത് എന്നത് വ്യക്തമല്ല. തീരെ അവശയായതോടെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോളറ പോലുള്ള അണുബാധയാണ് മകളെ ബാധിച്ചതെന്നാണ് സാന്നയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിക്കവെ അറിയിച്ചിരിക്കുന്നത്. പ്രത്യേകരീതിയിലുള്ള ഡയറ്റ് മകളുടെ ആരോഗ്യത്തെ നേരത്തെ തന്നെ ദോഷകരമായി ബാധിച്ചിരുന്നു. അതുകൊണ്ടാണ് അണുബാധ മരണത്തിലേക്ക് വഴിവച്ചത് എന്നും ഇവര്‍ അറിയിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-