World Asthma Day : വീടിനകത്തും മലിനീകരണം; ഇത് ആരോഗ്യത്തെ അപകടപ്പെടുത്താം...

Published : May 02, 2022, 08:17 PM ISTUpdated : May 03, 2022, 10:03 AM IST
World Asthma Day : വീടിനകത്തും മലിനീകരണം; ഇത് ആരോഗ്യത്തെ അപകടപ്പെടുത്താം...

Synopsis

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ പുകവലിയും വായുമലിനീകരണവും പുറംലോകത്തുനിന്നുള്ള മലിനീകരണവും ഉള്‍പ്പെടെ വലിയ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ കൊവിഡ് മഹാമാരി വന്നതോടെ വീടിനകത്തെ സാഹചര്യങ്ങളും വായുമലിനീകരണവും പുതിയ രോഗികള്‍ ഉണ്ടാകാനും നിലവില്‍ രോഗമുള്ളവര്‍ക്ക് രോഗാവസ്ഥ കൂടാനും കാരണമായിട്ടുണ്ട്

നാളെ, മെയ് 3 ലോക ആസ്ത്മ ദിനമാണ് ( World Asthma Day ). ശ്വാസകോശത്തെ ബാധിക്കുന്ന ആസ്ത്മ രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ആസ്ത്മ ദിനം ആചരിക്കുന്നത്. ഈ സാഹചര്യത്തില്‍ വീടകങ്ങളില്‍ നിന്ന് തന്നെ ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വരുന്ന മലിനീകരണങ്ങളെ ( Pollution inside Home ) കുറിച്ച് വിശദമാക്കുകയാണ് കാലിക്കറ്റ് ഹോസ്പിറ്റല്‍ ആന്റ് നഴ്‌സിംഗ് ഹോമില്‍ നിന്നുള്ള കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റായ ഡോ. നിമിഷ. കെ.പി.

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ പുകവലിയും വായുമലിനീകരണവും പുറംലോകത്തുനിന്നുള്ള മലിനീകരണവും ഉള്‍പ്പെടെ വലിയ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ കൊവിഡ് മഹാമാരി വന്നതോടെ വീടിനകത്തെ സാഹചര്യങ്ങളും വായുമലിനീകരണവും പുതിയ രോഗികള്‍ ഉണ്ടാകാനും നിലവില്‍ രോഗമുള്ളവര്‍ക്ക് രോഗാവസ്ഥ കൂടാനും കാരണമായിട്ടുണ്ട്. 

കൊവിഡ് കാലത്തും തുടര്‍ന്നും ആളുകള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് വീടുകള്‍ക്കുള്ളിലാണ്. അതുകൊണ്ട് തന്നെ വീടുകളുടെയും ഓഫിസുകളുടെയും അകത്തളങ്ങളിലെ വായുമലിനീകരണവും ആരോഗ്യപ്രശ്നങ്ങള്‍ കൂട്ടുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. വീടകങ്ങളില്‍ നടക്കുന്ന വായുമലിനീകരണങ്ങളുടെ ഫലം നേരത്തെ താരതമ്യേന കുറവായിരുന്നെങ്കില്‍ കൂടുതല്‍ സമയം അവിടെ ചെലവഴിക്കുന്നതോടെ സ്ഥിതി മാറി.

നഗരങ്ങളില്‍ അന്തരീക്ഷത്തിലെ വായുമലിനീകരണത്തിന്റെ തോത് വന്‍തോതില്‍ വര്‍ധിച്ചതുപോലെ തന്നെ വീടിനുള്ളിലെ വായുമലിനീകരണ തോതും വര്‍ധിച്ചു. വീടുകളിലും ഓഫിസിലുമൊക്കെ ലഭ്യമാകുന്ന വായുവിന്റെ ഗുണമേന്‍മയാണ് ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി എന്നു പറയുന്നത്. ലോകമെങ്ങുമുള്ള ആളുകളില്‍ 260 കോടി പേരും വിറക്, വൈക്കോല്‍, കല്‍ക്കരി, ചാണകം തുടങ്ങിയവ ഉപയോഗിച്ച് തീ കത്തിക്കുന്നവരാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. വീടിനകത്തുനിന്നുണ്ടാകുന്ന വായുമലിനീകരണം ലോകത്ത് ഓരോ വര്‍ഷവും 38 ലക്ഷം പേരുടെ മരണത്തിനിടയാക്കുന്നു എന്നാണ് കണക്ക്. 

വീടിനകത്തെ വായുമലിനീകരണം മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അവരുടെ ശ്വാസകോശം വികാസ ഘട്ടത്തിലായതുകൊണ്ടു തന്നെ ചെറിയ തോതിലുള്ള വായു മലിനീകരണം പോലും അവരുടെ ശ്വാസകോശ വളര്‍ച്ചയെ ബാധിക്കും. 
  
പ്രശ്നങ്ങളുടെ ഉറവിടങ്ങള്‍..

ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ പ്രധാന ഉറവിടമായ പുകവലി കൂടി വീടിനകത്ത് ഉണ്ടെങ്കില്‍ രോഗ ബാധയുടെ സാധ്യത പതിന്‍മടങ്ങായി മാറും. ഫലപ്രദമായ കാറ്റോട്ടത്തിനുള്ള സംവിധാനങ്ങളില്ലാതെ വിറകു കത്തിക്കുന്ന അടുപ്പുകള്‍ ഉപയോഗിക്കുന്ന വീടുകളില്‍ നിറയുന്ന പുക പലപ്പോഴും വിഷമയമായ പുകയാവാം. ഇത് കുട്ടികളുടെ ശ്വാസനാളത്തെയും ശ്വാസകോശത്തെയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പുകവലി അത് വലിക്കുന്ന ആള്‍ക്കു പ്രശ്നമുണ്ടാക്കുന്നതിനു പുറമെ ആ പുക ശ്വസിക്കേണ്ടി വരുന്ന ആ വീട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരിലും വളരെ ഗുരുതരമായ ഫലങ്ങളുണ്ടാക്കാന്‍ സാധ്യതയേറെയാണ്. 

പലപ്പോഴും അമ്പതു വയസ്സിനു മേല്‍ പ്രായമുള്ള സ്ത്രീകള്‍ പലപ്പോഴും ശ്വാസതടസ്സമായിട്ട് വരാറുണ്ട്. ആസ്തമയുടെ ലക്ഷണങ്ങളുമായാണ് അവര്‍ വരാറുള്ളതെങ്കിലും വാസ്തവത്തില്‍ അത് പുകവലിക്കാരില്‍ കാണാറുള്ള സിഒപിഡി എന്ന രോഗമാണ്. പുകവലിക്കാര്‍ക്കല്ലാതെ സിഒപിഡി വരുന്നതിന്റെ ഏറ്റവും പ്രധാന കാരണം വിറകടുപ്പ് ഉപയോഗിക്കുന്നതാണ്. പലപ്പോഴും അടുക്കള ആവശ്യത്തിന് വായു സഞ്ചാരമില്ലാത്തതാകുകയും പുക സ്ഥിരമായി ശ്വസിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ രോഗമുണ്ടാകുന്നത്. ഇത്തരം രോഗികളെ ഏറ്റവും കൂടുതലായി കാണുന്നത് ഉത്തരേന്ത്യയിലാണ്. അതേസമയം നമ്മുടെ നാട്ടില്‍ സ്ഥിരമായി വിറകടുപ്പ് ഉപയോഗിക്കുന്ന സ്ത്രീകളിലും രോഗബാധ കൂടുതലായി കണ്ടു വരുന്നുണ്ട്. 

വീടകങ്ങളുടെ മലിനീകരണത്തിന് കാരണമാകുന്ന മറ്റൊരു ഘടകം ആധുനിക ഫര്‍ണിച്ചറുകളാണ്. പാര്‍ട്ടിക്ക്ള്‍ ബോര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഫര്‍ണിച്ചറുകളില്‍ വൊളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട്സ് കൂടുതലാണ്. ഉപയോഗിക്കുന്ന വാര്‍ണിഷ്, പെയ്ന്റുകള്‍, വിവിധ തരം പശകള്‍, എയര്‍ ഫ്രഷ്നര്‍, ആസ്ബസ്റ്റോസ് പോലെയുള്ള പലതരം നിര്‍മാണ സാമഗ്രികള്‍ മലിനീകരണത്തിന് ആക്കം കൂട്ടുന്നവയാണ്. ഇവയിലെല്ലാം അലര്‍ജിക്കു കാരണമാകുന്ന ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ പോലുള്ളവ ഉണ്ടാവാം. 

സാധാരണ വീട്ടിലുണ്ടാകുന്ന പൊടി, മാറാല, വളര്‍ത്തു മൃഗങ്ങളുണ്ടെങ്കില്‍ അവയുടെ രോമങ്ങള്‍, താരന്‍, പക്ഷികളുണ്ടെങ്കില്‍ അവയുടെ വിസര്‍ജ്യം തുടങ്ങിയവയൊക്കെ വീട്ടിനകത്തെ വായു മലിനീകരണത്തിന് കാരണമാകാം. പല വീടുകളിലും ചോര്‍ച്ചയുള്ള സ്ഥലങ്ങളില്‍ ഫംഗസ് വളരും. ഈ ഭാഗങ്ങളില്‍ പൂപ്പല്‍ വളരുന്നത് കണ്ടാലും അധികം പേരും അത് ശ്രദ്ധിക്കാറില്ല. എങ്കിലും ഇത്തരം ഫംഗസ് കുറച്ചധികം കാലമായി ശ്വസിച്ച് ശ്വാസകോശത്തെ ബാധിക്കുന്ന അവസ്ഥ കണ്ടിട്ടുണ്ട്. മറ്റു നിരവധി ജൈവഘടകങ്ങളും മലിനീകരണത്തെ സ്വാധീനിക്കുന്നുണ്ട്.

കുട്ടികളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ശ്വാസകോശ അണുബാധ ഇത്തരം ആന്തരിക മലിനീകരണത്തിന്റെ ഭാഗമാകാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ആസ്തമ ഉണ്ടാവാം. മുതിര്‍ന്നവരില്‍ പുതിയതായ ആസ്തമ, സിഒപിഡി ഒക്കെ വരാം. നേരത്തെ രോഗാവസ്ഥയുള്ളത് കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയും കൂടുതലാണ്. ശ്വാസകോശ കാന്‍സര്‍ വരാനുള്ള സാധ്യതയുമുണ്ട്.

വീടിനുള്ളിലെ മലിനീകരണം തടയാന്‍...

വീട്ടിനുള്ളില്‍ പുകവലി ഒരു കാരണവശാലും പാടില്ല. വിറകടുപ്പ് പോലുള്ളവ ഉപയോഗിക്കാതിരിക്കുക. വീട്ടിനുള്ളില്‍ ജനല്‍ വാതിലുകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പു വരുത്തണം.  അഗര്‍ബത്തി, സാമ്പ്രാണി തുടങ്ങിയവ അടച്ചിട്ട മുറികളില്‍ ഉപയോഗിക്കാതിരിക്കുക. പാറ്റ, കൂറ തുടങ്ങിയവയെ അകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, പൊടികള്‍ നീക്കം ചെയ്യുന്നതിനായി സ്ഥിരമായി വൃത്തിയാക്കുക. ചോര്‍ച്ചയുള്ള ഭാഗങ്ങള്‍ പെട്ടെന്ന് അടച്ച് വീടിനകത്ത് പൂപ്പല്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഫര്‍ണിച്ചര്‍ നിര്‍മിക്കുന്ന ജോലികള്‍ വീട്ടിനുള്ളില്‍ ചെയ്യുമ്പോള്‍ അതിന്റെ വാര്‍ണിഷ്, പെയ്ന്റ്, പശ ഉപയോഗം സൂക്ഷിച്ചു മാത്രം ചെയ്യുക. രോഗകാരണങ്ങളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കുക തന്നെയാണ് രോഗം വന്നു ചികിത്സിക്കുന്നതിനെക്കാള്‍ പ്രധാനം.

Also Read:- എന്താണ് 'ആസ്ത്മ അറ്റാക്ക്'?; അറിയേണ്ട കാര്യങ്ങള്‍...

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം