
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് കാല്‍ വേദനയും. വിവിധമായ കാരണങ്ങള്‍ കാല്‍ വേദനയ്ക്ക് പിന്നിലുണ്ടാകാറുണ്ട്. ഇതില്‍ ചെറിയ കാരണങ്ങള്‍ മുതല്‍ നിസാരമാക്കി കാണാൻ സാധിക്കാത്ത ഗൗരവമേറിയത് വരെ കാണാം.
എന്തായാലും പതിവായ കാല്‍ വേദന ഒരു കാരണവശാലും നിസാരമായി എടുക്കാതിരിക്കുകയാണ് നല്ലത്. ഇങ്ങനെ പതിവായി കാല്‍ വേദന വരുന്നതിന് പിന്നിലുണ്ടായേക്കാവുന്ന കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
മസില്‍ സ്ട്രെയിൻ അഥവാ പെട്ടെന്നുള്ള ചലനങ്ങളുടെ ഭാഗമായോ കായികാധ്വാനങ്ങളുടെ ഭാഗമായോ എല്ലാം സംഭവിക്കുന്ന പ്രശ്നം. ഇങ്ങനെ സംഭവിക്കുമ്പോള്‍ പ്രത്യേകഭാഗത്ത് മാത്രമായിരിക്കും വേദന അനുഭവപ്പെടുക. അനങ്ങുമ്പോള്‍ പിന്നെയും വേദന കൂടാം.
രണ്ട്...
പിഎഡി അഥവാ 'പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്' എന്ന അസുഖത്തിന്‍റെ ഭാഗമായും കാല്‍ വേദന പതിവാകാം. കാലിലേക്ക് രക്തയോട്ടം കുറയുന്നതിന്‍റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്. പ്രത്യേകിച്ച് നടത്തം, ഓട്ടം പോലുള്ള ചലനങ്ങള്‍ വരുമ്പോള്‍ വേദന കൂടാം. കാലിന് ഭാരക്കൂടുതല്‍ അനുഭവപ്പെടുക, തളര്‍ച്ച അനുഭവപ്പെടുക എന്നിവയും പിഎഡി ലക്ഷണമായി വരാവുന്നതാണ്.
മൂന്ന്...
ഡിവിടി അഥവാ 'ഡീപ് വെയിൻ ത്രോംബോസിസ്' എന്ന അവസ്ഥയിലും കാല്‍ വേദന പതിവാകാം. രക്തം കട്ട പിടിച്ച് കിടക്കുന്ന അവസ്ഥയാണിത്. വേദനയ്ക്കൊപ്പം നീര് ചുവന്ന നിറം എന്നിവയും ഇതില്‍ കാണാം. ഡിവിടിയാണെങ്കില്‍ സമയബന്ധിതമായ ചികിത്സ ആവശ്യമാണ്. അല്ലാത്തപക്ഷം ആരോഗ്യത്തിന് ഭീഷണിയാണ്.
നാല്...
നാഡികള്‍ സമ്മര്‍ദ്ദത്തിലായി ചുരുങ്ങിപ്പോകുന്ന അവസ്ഥയിലും വേദന അനുഭവപ്പെടാം. പെട്ടെന്ന് അനുഭവപ്പെടുന്ന വേദന, മരവിപ്പ് എന്നിവയെല്ലാം ഇതില്‍ വരാം. ഇതിനും മരുന്നുകളും തെറാപ്പിയുമെല്ലാം ഉള്ളതാണ്.
അഞ്ച്...
ആവര്‍ത്തിച്ച് ഒരേ കായികാധ്വാനം ചെയ്യുന്നയാളുകളിലും ഇതിന്‍റെ ഭാഗമായി കാല്‍ വേദന പതിനവാകാം. സ്പോര്‍ട് താരങ്ങളുടെ കാര്യം ഇതിനുദാഹരണമാണ്.
ആറ്...
മുട്ട് തേയ്മാനം, ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം എന്നിവയുടെ ഭാഗമായും പതിവായി കാല്‍ വേദന നേരിടാം. ഇതിനും മരുന്നുകളും തെറാപ്പിയുമെല്ലാം ചെയ്യാവുന്നതാണ്.
ഏഴ്...
പെരിഫറല്‍ ന്യൂറോപതി അഥവാ നാഡികള്‍ ബാധിക്കപ്പെടുന്ന അവസ്ഥയിലും കാല്‍ വേദന പതിവാകാം. പ്രമേഹം പോലുള്ള പല അവസ്ഥകളുമാണ് ക്രമേണ ഇതിലേക്ക് നയിക്കാറ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam